ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തത് കെനിയന്‍ സംഘമോ? ഹാക്കിങില്‍ വാട്‌സാപ്പിന് ഉറപ്പില്ല; മെറ്റയുടെ മറുപടി ഐഎഎസുകാരന് എതിരും; എല്ലാം ഡിലീറ്റ് ചെയ്ത ഫോണിനെ ഫാക്ടറി സെറ്റിങിലേക്ക് കൊണ്ടു പോയതും അന്വേഷണമാകും; 'മല്ലു ഹിന്ദു ഓഫ്' ഗ്രൂപ്പിന് പിന്നില്‍ ആര്?

Update: 2024-11-06 05:42 GMT

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയതു സംബന്ധിച്ച അന്വേഷണം വഴിത്തിരിവില്‍. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍കുമാറിനാണ് അന്വേഷണച്ചുമതല. ഗ്രൂപ്പ് അഡ്മിന്‍ സ്ഥാനത്തുണ്ടായിരുന്ന വ്യവസായവകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ മൊഴി ഡി.സി.പി. ഭരത് റെഡ്ഡി രേഖപ്പെടുത്തി. ഫോണ്‍ ഹാക്ക് ചെയ്തില്ലെന്നാണ് വാട്‌സാപ്പ് നല്‍കിയ മറുപടി. എന്നാല്‍ മറ്റു ചില സൂചനകളും പോലീസിന് കിട്ടി. അതുകൊണ്ട് തന്നെ ശാസ്ത്രീയ പരിശോധന നിര്‍ണ്ണായകമാകും.

ഫോണ്‍ ഹാക്ക് ചെയ്തെന്ന ഗോപാലകൃഷ്ണന്റെ വാദം സംബന്ധിച്ച് അന്വേഷണസംഘത്തിനു ചില സൂചനകള്‍ ലഭിച്ചു. ഒരു കെനിയന്‍ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എന്നാല്‍ ഇത്തരം ഇടപെടലിനുള്ള സാധ്യത തീരെ കുറവാണെന്ന വിലയിരുത്തലുമുണ്ട്. ഗോപാലകൃഷ്ണന്റെ ഫോണ്‍ പോലീസിനു കൈമാറി. ഫോറന്‍സിക് പരിശോധനാഫലം നിര്‍ണായകമാകും. ഇതിലാകും സത്യം തെളിയുക. ആപ്പിള്‍, ആന്‍്രേഡായ്ഡ് ഫോണുകളാണു ഗോപാലകൃഷ്ണനുള്ളത്. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഹാക്ക് ചെയ്ത് ഗ്രൂപ്പുണ്ടാക്കിയെന്നാണു മൊഴി. സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ് ഗ്രൂപ്പ് ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്കായി വാട്സ്ആപ്പിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്കു പോലീസ് രണ്ട് കത്തുകള്‍ അയച്ചിരുന്നു.

ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്നാണെന്ന് പൊലിസ് അയച്ച കത്തിന് വാട്സ് ആപ്പ് മറുപടി നല്‍കി. ഹാക്കിങ് നടന്നോയെന്ന കാര്യത്തില്‍ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. തുടര്‍ന്ന് പൊലീസ് ഗൂഗിളിനും വാട്സ് ആപ്പിനും വീണ്ടും കത്തയച്ചു. ഗ്രൂപ്പുകളുടെ സ്‌ക്രീന്‍ ഷോട്ടെടുത്ത് കേന്ദ്ര ഡെപ്യൂട്ടേഷന് ഗോപാലകൃഷ്ണന്‍ ശ്രമം നടത്തിയതായും പൊലീസിന് വിവരം ലഭിച്ചതായും റിപ്പോര്ട്ടുണ്ട്. വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത് ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്ത നിലയിലായിരുന്നു. എന്തുകൊണ്ട് ഫോണ്‍ ഫക്ടറി റീസെറ്റ് ചെയ്തുവെന്ന അന്വേഷണം നിര്‍ണ്ണായകമാകും.

മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ അന്വേഷണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കും. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും സുഹൃത്തുക്കള്‍ പറയുമ്പോഴാണ് ഗ്രൂപ്പിന്റെ കാര്യം അറിയുന്നതെന്നും ഗോപാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ഗൗരവത്തോടെയാണ് ഈ സംഭവം മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്തിട്ടുള്ളത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനാണ് അന്വേഷണ ചുമതല. പോലീസില്‍ ഗോപാലകൃഷ്ണന്‍ തന്നെ പരാതി നല്‍കിയ സാഹചര്യത്തിലാണ് വകുപ്പുതല നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കാത്തത്. ഉദ്യോഗസ്ഥന്റെ വിശദീകരണം ആദ്യ ഘട്ടത്തില്‍ മുഖവിലയ്ക്കെടുക്കും. എന്നാല്‍ തെളിവ് ശേഖരണത്തിലൂടെ തെളിയുന്നത് മറ്റൊന്നായാല്‍ നടപടിയും എടുക്കും. അങ്ങനെ വന്നാല്‍ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്യും.

കഴിഞ്ഞമാസം 30നു മല്ലു ഹിന്ദു ഓഫ് എന്ന പേരില്‍ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അഡ്മിനായി ഗ്രൂപ്പ് രൂപം കൊണ്ടതില്‍നിന്നാണു തുടക്കം. തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്നും മല്ലു മുസ്ലീം ഓഫ് എന്ന പേരില്‍ തന്റെ പേരില്‍ തന്നെ മറ്റൊരു ഗ്രൂപ്പുമുണ്ടാക്കിയതായും ഗോപാലകൃഷ്ണന്‍ പറയുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഗുരുതര വീഴ്ച ഇക്കാര്യത്തില്‍ സംഭവിച്ചുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

മല്ലു ഹിന്ദു ഓഫ് എന്ന ഗ്രൂപ്പില്‍ ഹിന്ദു വിഭാഗക്കാരായ ഉദ്യോഗസ്ഥരായിരുന്നു അംഗങ്ങള്‍. ഇത്തരമൊരു ഗ്രൂപ്പിനെക്കുറിച്ച് ചിലര്‍ തന്നെ ആശങ്ക പങ്കുവച്ചു. ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്ത ഗോപാലകൃഷ്ണന്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തതായി അറിയിച്ച് ഗ്രൂപ്പില്‍ അംഗങ്ങളായി ചേര്‍ക്കപ്പെട്ടവര്‍ക്കു സന്ദേശമയച്ചു. ഫോണ്‍ ഹാക്ക് ചെയ്തവര്‍, ഫോണിലെ കോണ്‍ടാക്ട് പട്ടികയിലുള്ള എല്ലാവരെയും 11 വാട്സാപ് ഗ്രൂപ്പുകളിലായി ചേര്‍ത്തുവെന്നും ഗ്രൂപ്പുകള്‍ താന്‍ സ്വയം നീക്കംചെയ്തുവെന്നുമായിരുന്നു സന്ദേശം. ഇതിന് ശേഷമാണ് മല്ലു മുസ്ലീം ഓഫ് എന്ന ഗ്രൂപ്പുണ്ടാക്കിയത് എന്നതടക്കം പോലീസ് പരിശോധിക്കും.

Tags:    

Similar News