മാമിയെ കാണാതായി ഒരു മാസത്തിനുള്ളില്‍ സ്ഥലമിടപാടിന്റെ രേഖ ആവശ്യപ്പെട്ട് ഒരുസംഘം എത്തിയെന്ന മുന്‍ മാനേജരുടെ മൊഴി വഴിത്തിരിവായി; സംഘത്തില്‍ മാമിയുടെ ഡ്രൈവറും; ഡ്രൈവര്‍ രജിത് കുമാറും ഭാര്യ തുഷാരയും മുങ്ങിയത് ക്രൈംബ്രാഞ്ച് പിടിമുറുക്കിയതോടെ; ഇരുവരും കയറിയ ഓട്ടോ കണ്ടെത്താന്‍ ശ്രമം
രജിത് കുമാറും ഭാര്യ തുഷാരയും മുങ്ങിയത് ക്രൈംബ്രാഞ്ച് പിടിമുറുക്കിയതോടെ
കോഴിക്കോട് : റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഡ്രൈവറും ഭാര്യയും മുങ്ങിയത് അറസ്റ്റ് ഭയന്നെന്ന് സംശയം. പൊലീസ് ഡ്രൈവര്‍ രജിത് കുമാറിനെയും, ഭാര്യ തുഷാരയെയും സംശയ പട്ടികയില്‍ പെടുത്തി പൊലീസ് ചോദ്യം ചെയ്യല്‍ കടുപ്പിച്ചിരുന്നു.
ഈ മാസം 7 ന് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഡ്രൈവര്‍ രജിത് കുമാറിന്റെ ഭാര്യ തുഷാരയുടെ ഫോണ്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഈ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു. 8ന് വീണ്ടും ഹാജരാകാന്‍ പറഞ്ഞു. ഇതിന് ശേഷമാണ് ഇരുവരെയും കാണാതാകുന്നത്.
2023 ആഗസ്റ്റ് 21നാണ് മാമിയെ കാണാതാകുന്നത്. അന്ന് അവസാനമായി മാമി കണ്ടത് ഡ്രൈവറെയായിരുന്നു. ഇതിന് പിറകെയാണ് മാമിയെ കാണാതാകുന്നത്. കഴിഞ്ഞ മാസം 20 മുതല്‍ ക്രൈം ബ്രാഞ്ച് സംഘം ഇടയ്ക്കിടെ ഇവരെ ചോദ്യം ചെയ്യുന്നുണ്ട്.
ഏഴാം തീയതി ഭാര്യയുടെ സഹോദരനോട് മക്കളെ സ്‌കൂളില്‍ നിന്നും കൂട്ടുവാന്‍ രജിത് പറഞ്ഞിരുന്നു. പിന്നീട് വീട് പൂട്ടിയിറങ്ങി. അന്ന് കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് അടുത്ത് ലോഡ്ജില്‍ റൂം എടുത്തിരുന്നു. ഇന്നലെ രാവിലെയാണ് ലോഡ്ജ് വിട്ടുപോയത്. എവിടെ പോയി എന്ന് അറിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. രജിത് കുമാറിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ മുന്നിലൂടെ രജിത് കുമാറും ഭാര്യയും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പിന്നീട് ഓട്ടോയില്‍ കയറി പോകുന്നതും കാണാം. അതെവിടേക്കെന്നതില്‍ വ്യക്തതയില്ല. ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരന്‍ സുമല്‍ജിത്താണ് നടക്കാവ് പൊലീസിന് പരാതി നല്‍കിയത്.
മാമിയെ കാണാതായതിന്റെ തലേന്ന് തലക്കോളത്തൂരിലെ ഓഫിസില്‍ വച്ച് മാമിയും രജിതും കണ്ടിരുന്നു. മാമിയുടെ അവസാന ഫോണ്‍ ലൊക്കേഷന്‍ ലഭിച്ച ഇടത്തും രജിത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിറകെയാണ് അന്വേഷണം രജിത്തില്‍ കേന്ദ്രീകരിച്ചത്. തന്നെയും ഭാര്യയെയും ചോദ്യം ചെയ്തതിനു പുറമെ കുട്ടികളെകൂടി ചോദ്യം ചെയ്യാന്‍ നീക്കമുണ്ടന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് രജിത് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദീകരിച്ച് രജിതിനെയും തുഷാരയെയും കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി നടക്കാവ് പൊലീസ് അറിയിച്ചു.
മുന്‍ മാനേജറുടെ മൊഴിയും വഴിത്തിരിവായി
ചോദ്യം ചെയ്യലിനായി ഇരുവര്‍ക്കും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരുവരും കയറിപ്പോയ ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അതേസമയം, മാമിയെ കാണാതായതുമായി ബന്ധപ്പെട്ട് മുന്‍മാനേജര്‍ സോമസുന്ദരം ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതും അന്വേഷണത്തില്‍ വഴിതിരിവായിരുന്നു. മാമിയെ കാണാതായി ഒരു മാസത്തിനുള്ളില്‍ സ്ഥലമിടപാടിന്റെ രേഖ ആവശ്യപ്പെട്ട് ഒരു സംഘം തന്റെ അടുത്തെത്തിയതായി ക്രൈംബ്രാഞ്ച് സംഘത്തിന് സോമസുന്ദരം മൊഴി നല്‍കിയിരുന്നു. ഒരു സ്ഥലത്തിന്റെ എഗ്രിമെന്റ് തേടിയാണ് മാമിയുടെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള സംഘമെത്തിയത്.
തിരൂര്‍, പുളിക്കല്‍ സ്വദേശികളാണ് വന്നത്. എന്നാല്‍ മാമിയെ കാണാനില്ലാത്ത സാഹചര്യത്തില്‍ തനിക്ക് സഹായിക്കാനാകില്ലെന്ന് വന്നവരോട് പറഞ്ഞതായി സോമസുന്ദരം പറഞ്ഞിരുന്നു. എഗ്രിമെന്റ് തന്റെ കൈയിലില്ലെന്നും അഥവാ ഉണ്ടെങ്കില്‍ മാമിയറിയാതെ തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും പറഞ്ഞു. മാമി പരിചയമുള്ളയാളുടെ കൂടെയാണ് അവസാനമായി പോയതെന്നാണ് തന്റെ തോന്നലെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. കാണാതായതിന് ശേഷം മാമിയുടെ ഫോണില്‍ നിന്ന് വന്ന എസ്.എം.എസ് സംബന്ധിച്ചും സോമസുന്ദരം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
മാമിയെ കാണാതായതിന് ശേഷം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 147 പേരെ ചോദ്യം ചെയ്തു. ആയിരത്തിലേറെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുടുംബം അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് അന്വേഷണം കോഴിക്കോട് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.