ജര്‍മ്മനിയില്‍ ഒപ്പം പഠിച്ചിരുന്ന ഇന്ത്യന്‍ സുഹൃത്തിനെ കാണാനെത്തി; ലിഫ്റ്റ് ഓഫര്‍ ചെയ്ത് കാറില്‍ നാടുചുറ്റി; വിമാനത്താവളത്തിലേക്കു പോകുംവഴി ജര്‍മന്‍ യുവതി നേരിട്ട് ക്രൂരപീഡനം; ക്യാബ് ഡ്രൈവര്‍ക്കായി തിരച്ചില്‍
ഒപ്പം പഠിച്ച സുഹൃത്തിനെ കാണാന്‍ ഇന്ത്യയിലെത്തിയ ജര്‍മന്‍ യുവതി പീഡനത്തിന് ഇരയായി
ഹൈദരാബാദ്: ഇന്ത്യക്കാരിയായ സുഹൃത്തിനെ കാണാന്‍ ജര്‍മ്മനിയില്‍ നിന്നെത്തിയ 25 കാരിയായ വിദേശവനിതയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ക്യാബ് ഡ്രൈവറെയും സംഘത്തെയും കണ്ടെത്താന്‍ അന്വേഷണം. സുഹൃത്തിനെ കണ്ട ശേഷം വിമാനത്താവളത്തിലേക്കു പോവുകയായിരുന്ന ജര്‍മന്‍ യുവതിയെ ആണ് പഹാഡിഷരീഫിലെ മാമിഡിപ്പള്ളിയില്‍ ഒരു ക്യാബ് ഡ്രൈവര്‍ ബലാത്സംഗം ചെയ്തത്.
യുവതി തന്റെ സുഹൃത്തിനും മറ്റു ചിലര്‍ക്കുമൊപ്പം കാറില്‍ നഗരം ചുറ്റി സഞ്ചരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മറ്റുള്ളവരെ ഇറക്കിയ ശേഷം ഡ്രൈവര്‍ യുവതിയെ വിമാനത്താവളത്തിലേക്കു കൊണ്ടുപോയി. ഇതിനിടെ മാമിഡിപ്പള്ളിക്ക് സമീപം, ഒരു ഒറ്റപ്പെട്ട സ്ഥലത്ത് വാഹനം നിര്‍ത്തി. അവിടെ വച്ച് ഡ്രൈവര്‍ സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.
യുവതി പൊലീസിനെ ബന്ധപ്പെടുകയും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 64 പ്രകാരം ബലാത്സംഗ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയെ പിടികൂടാനുള്ള തിരച്ചിലിലാണ്. യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ഡ്രൈവര്‍ നടത്തിയ ഒറ്റപ്പെട്ട ആക്രമണമാണിതെന്ന് സ്ഥിരീകരിച്ചുകൊണ്ട് പൊലീസ് വാര്‍ത്തകള്‍ നിഷേധിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം യുവതിയ്ക്കൊപ്പമുണ്ട്. പ്രതിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ജര്‍മ്മനിയില്‍ ഒപ്പം പഠിച്ചിരുന്ന ഇന്ത്യന്‍ സുഹൃത്തിനെ കാണാനാണ് യുവതിയും മറ്റൊരു ആണ്‍ സുഹൃത്തും ഇന്ത്യയിലെത്തിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയും അയാളുടെ അഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് യുവതിക്കും സുഹൃത്തിനും ലിഫ്റ്റ് ഓഫര്‍ ചെയ്യുകയായിരുന്നു. ലിഫ്റ്റ് സ്വീകരിച്ച ഇവര്‍ മണിക്കൂറുകളോളം കാറില്‍ പ്രതിക്കും പ്രായപൂര്‍ത്തിയാവാത്ത മറ്റ് അഞ്ചുപേര്‍ക്കൊപ്പവും സ്ഥലങ്ങള്‍ ചുറ്റിക്കണ്ടു. ശേഷം എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് യുവതി പീഡനത്തിന് ഇരയായത്.
കാറിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാവാത്ത അഞ്ച് സുഹൃത്തുക്കളെയും യുവതിയുടെ സുഹൃത്തിനേയും പ്രതി കാറില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. പിന്നീട് തിരക്കില്ലാത്ത ഒഴിഞ്ഞ പ്രദേശത്തേക്ക് വളരെ വേഗത്തില്‍ കാറോടിച്ച് പോയി. ഫോട്ടോ എടുക്കാന്‍ പറ്റിയ സ്ഥലമാണ് എന്ന് പറഞ്ഞാണ് വിജനമായ സ്ഥലത്തേക്ക് ഇയാള്‍ പോയത്. തുടര്‍ന്ന് യുവതിയെ കടന്നുപിടിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം.
ശേഷം പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഉടനെ തന്നെ യുവതി പൊലീസിനെ വിവരം അറിയിച്ചു. നിലവില്‍ പൊലീസ് പ്രതിക്കു വേണ്ടി തിരച്ചില്‍ നടത്തുകയാണ്. ഇയാളുടെ കാറ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. യുവതി കൂട്ടബലാത്സംഗത്തിനാണ് ഇരയായത് എന്ന വാര്‍ത്തപുറത്തു വന്നിരുന്നു. എന്നാല്‍ പ്രതി ഒറ്റയ്ക്കാണ് പീഡനം നടത്തിയതെന്നും കൂട്ട ബലാത്സംഗം ആയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.