'കയ്യില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് പൊലീസ് ഭീഷണിപ്പെടുത്തി; ഗോകുലിന്റെ അമ്മയെയടക്കം സ്റ്റേഷനില്‍ വിളിച്ചുവരുത്തി; ആ ഷര്‍ട്ടില്‍ എങ്ങനെ തൂങ്ങിയെന്നതില്‍ സംശയമുണ്ട്'; ഗോകുലിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
'കയ്യില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് പൊലീസ് ഭീഷണിപ്പെടുത്തി
കല്‍പ്പറ്റ: ആദിവാസി യുവാവിനെ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ടോയ്ലെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാദ്ധ്യത. യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് എസ്പി ഉത്തര മേഖലാ ഡിഐജിക്ക് കൈമാറി. ഗോകുല്‍ ശുചിമുറിയിലേക്ക് പോയി പുറത്തു വരാന്‍ വൈകിയതില്‍ ജാഗ്രത ഉണ്ടായില്ല. കൃത്യമായി നിരീക്ഷണം നടന്നില്ല എന്നെല്ലാമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നേക്കും.
അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതുപ്പാടി ഉന്നതിയിലെ ചന്ദ്രന്‍-ഓമന ദമ്പതികളുടെ മകന്‍ ഗോകുലാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം കസ്റ്റഡിയിലെടുത്ത യുവാവാണ് മരിച്ചത്. സംഭവത്തില്‍ വയനാട് എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ട്.കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും ഗോകുലിനെയും ഞായറാഴ്ച കോഴിക്കോട് നിന്ന് കണ്ടെത്തിയിരുന്നു. രാത്രി 11ഓടെ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെത്തിച്ച ഗോകുലിനെ രാത്രിയില്‍ അവിടെ നിറുത്തി.17കാരിയെ അഭയകേന്ദ്രമായ 'സഖി'യിലും പാര്‍പ്പിച്ചു.
രാവിലെ ബന്ധുക്കളെ വരുത്തിയശേഷം ഗോകുലിനെ പറഞ്ഞുവിടാനായിരുന്നു പൊലീസ് നീക്കം. ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇന്നലെ രാവിലെ തനിക്ക് ടോയ്‌ലെറ്റില്‍ പോകണമെന്ന് ഗോകുല്‍ പറയുന്നത്. 15 മിനിറ്റ് കഴിഞ്ഞിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോഴാണ് ധരിച്ചിരുന്ന ഷര്‍ട്ടില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. പെണ്‍കുട്ടിയെ കാണാതായതിനുശേഷം പൊലീസ് പലതവണ വീട്ടിലെത്തിയിരുന്നു. ഗോകുലിനെ കയ്യില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് പൊലീസ് ഭീഷണി മുഴക്കി. ഗോകുലിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തതായും ആരോപണമുണ്ട്. ഗോകുലിന്റെ അമ്മയെ ഉള്‍പ്പെടെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഗോകുലിന് 18 വയസ് തികഞ്ഞിരുന്നില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സ്റ്റേഷനില്‍ രാത്രി മുഴുവനും രാവിലെയും ഇരുത്തിയെന്നും ബന്ധുക്കള്‍ പറയുന്നു. ഗോകുലിനെ കയ്യില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് പൊലീസുകാര്‍ വന്നപ്പോള്‍ പറഞ്ഞു. പുറം ലോകം കാണിക്കില്ലെന്ന് പറഞ്ഞു. കവലയില്‍ വന്നാണ് ഭീഷണിപ്പെടുത്തിയത്. കാണാതായതിന് ശേഷമാണ് സംഭവം. രണ്ട് പേരെയും കോഴിക്കോട് നിന്ന് കിട്ടിയെന്ന് വിളിച്ചു പറഞ്ഞു. എന്നാല്‍ പെണ്ണിനെ മാത്രം വിട്ടാല്‍ പോരല്ലോ. ചെക്കനെയും വിടണ്ടേ. പിന്നെ എന്താ ഉണ്ടായതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ബാത്ത്റൂമില്‍ പോയയാള്‍ എങ്ങനെയാ തൂങ്ങി മരിക്കുക ബന്ധുക്കള്‍ ആരോപിക്കുന്നു. മൊഴി കൊടുത്തതും സംശയമുണ്ടെന്ന് ജനപ്രതിനിധികളും പറയുന്നു.
എഫ്‌ഐആറില്‍ ജനന വര്‍ഷം മാത്രമാണ് രേഖപ്പെടുത്തിയതെന്നും പൊലീസ് നടപടികളിലും മരണത്തിലും ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച്, സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയതി കാണാതായ വയനാട് സ്വദേശിയായ ആദിവാസി പെണ്‍കുട്ടിയെ കഴിഞ്ഞദിവസം കോഴിക്കോട് നിന്ന് ഗോകുലിനൊപ്പം കണ്ടെത്തിയിരുന്നു.
രാത്രി പതിനൊന്നരയോടെ ഇരുവരെയും കല്‍പ്പറ്റ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ തന്നെ കുടുംബത്തെ വിവരമറിയിച്ചിരുന്നെന്നും രാവിലെ എട്ടുമണിയോടെ ശുചിമുറിയില്‍ ഗോകുല്‍ മരിക്കുകയായിരുന്നു എന്നുമാണ് പൊലീസ് വിശദീകരണം. ഗോകുലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.