സൗദിയില്‍ നഴ്സായിരുന്ന അമിത അഖിലിനെ പ്രണയിച്ചു വിവാഹം കഴിച്ചത് നാല് വര്‍ഷം മുമ്പ്; അമിതയുടെ സ്വര്‍ണവും സമ്പാദ്യവുമെല്ലാം നശിപ്പിച്ചു ഭര്‍ത്താവിന്റെ മുഴുക്കുടി; കെട്ടുതാലി വരെ തുലച്ചു, അവള്‍ ഒരിക്കല്‍ പോലും ചിരിച്ചു കണ്ടിട്ടില്ലെന്ന് മാതാവ്; എട്ടു മാസം ഗര്‍ഭിണിയായ അമിത തൂങ്ങി മരിച്ചതിന് കാരണം ഭര്‍ത്താവെന്ന് കുടുംബം

സൗദിയില്‍ നഴ്സായിരുന്ന അമിത അഖിലിനെ പ്രണയിച്ചു വിവാഹം കഴിച്ചത് നാല് വര്‍ഷം മുമ്പ്

Update: 2025-04-02 12:33 GMT

കോട്ടയം: കോട്ടയം കടുത്തുരുത്തിയില്‍ എട്ടുമാസം ഗര്‍ഭിണി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം നടുക്കുന്നതായിരുന്നു. സംഭവത്തില്‍ കുടുംബ പ്രശ്‌നങ്ങളാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. അഖിലുമായി പ്രണയിച്ചു വിവാഹം കഴിച്ച അമിതക്ക് പ്രതീക്ഷകളെല്ലാം തെറ്റിയ ജീവിതമാണ് നയിക്കേണ്ടി വന്നത്. ഭര്‍ത്താവിന്റെ മുഴുക്കുടി അവളുടെ പ്രതീക്ഷകളെ തകര്‍ത്തു. അഖിലിന്റെ അമിത മദ്യപാനവും വഴിവിട്ട ബന്ധങ്ങളുമാണ് അമിതയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മാതാവ് ആരോപിക്കുന്നത്.

മരിച്ച അമിതയുടെ ഭര്‍ത്താവ് അഖില്‍ അമിത മദ്യപാനിയായിരുന്നു. മദ്യപിച്ചെത്തി അഖില്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നതും പതിവായിരുന്നുവെന്ന് അമിതയുടെ മാതാവ് എല്‍സമ്മ പറയുന്നു. അഖിലിനൊപ്പമുള്ള ജീവിതത്തില്‍ മകള്‍ ഒരിക്കല്‍ പോലും ചിരിച്ചു കണ്ടിട്ടില്ല. സന്തോഷമെന്തെന്ന് അമിത അറിഞ്ഞിട്ടില്ല. കെട്ടുതാലി വരെ അഖില്‍ നഷ്ടപ്പെടുത്തി. മകള്‍ക്ക് കൊടുത്തയച്ച സ്വര്‍ണമൊന്നും ഇല്ല എന്നും എല്‍സമ്മ പറയുന്നു.

അമിത ഒരുകാര്യവും പുറത്തുപറയില്ലായിരുന്നു. അവള്‍ ജോലി ചെയ്തുണ്ടാക്കിയ പണം എവിടെയെന്ന് അറിയില്ല. മദ്യപാനം മാത്രമല്ല അനാവശ്യ കൂട്ടുകെട്ടുകളും അഖിലിനുണ്ട്. ഇടയ്ക്ക് കുടി നിര്‍ത്തി എന്നൊക്കെ പറഞ്ഞതാണ്. പക്ഷേ വീണ്ടും തുടങ്ങി. ഒന്നര മാസം മുന്‍പ് അമിതയുടെ കഴുത്തില്‍ കെട്ടുതാലി ഉണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ല. ജീവനൊടുക്കും മുന്‍പ് അമിത തന്നെ വിളിച്ചിരുന്നുവെന്നും എല്‍സമ്മ കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ ഇല്ലാതായാലും കൊച്ചുങ്ങളെ അവര്‍ക്ക് കൊടുക്കേണ്ട. അമ്മച്ചിക്ക് നോക്കാന്‍ പറ്റില്ലെങ്കില്‍ പിള്ളേരെ അനാഥാലയത്തില്‍ ഏല്‍പ്പിച്ചാ മതി' എന്ന് അമിത ഫോണ്‍ വിളിച്ച് പറഞ്ഞുവെന്ന് നെഞ്ചുലഞ്ഞാണ് എല്‍സമ്മ പറയുന്നത്. അപ്പോള്‍ തന്നെ അഖിലിനെ ഫോണില്‍ വിളിച്ചു. പക്ഷേ അഖില്‍ വീട്ടിലെത്തിയപ്പോള്‍ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ അമിത കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു. പെട്ടെന്നു തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ദീര്‍ഘകാലം പ്രണയിച്ച ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. നാലര വര്‍ഷം മുന്‍പായിരുന്നു വിവാഹം. സൗദിയില്‍ നഴ്സായിരുന്നു അമിത. ഒരു വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. അമിതയുടെ മാതാപിതാക്കള്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയതോടെ വീട് പൊലീസ് മുദ്രവച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കടുത്തുരുത്തി പൊലീസ് അന്വേഷണം നടത്തുകയാണ്. ഏപ്രില്‍ പകുതിയോടെ അമിതയുടെ പ്രസവത്തീയതി നിശ്ചയിച്ചിരിക്കവേയാണ് ദാരുണ സംഭവം.

കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഈ സമയം ഭര്‍ത്താവ് അഖില്‍ വീട്ടിലുണ്ടായിരുന്നില്ല. അമിതയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതായും പരാതിയുണ്ട്. അഖിലും അമിതയും തമ്മില്‍ ഞായറാഴ്ച്ച വഴക്കുണ്ടാക്കിയിരുന്നെന്നും രാത്രി അഖില്‍ പുറത്തുപോയതിനു പിന്നാലെയാണ് മകള്‍ മരിച്ചതെന്നും അമിതയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

ഏപ്രില്‍ പകുതിയോടെ അമിതയുടെ പ്രസവത്തീയതി നിശ്ചയിച്ച് കാത്തിരിക്കുമ്പോഴാണ് അവര്‍ ജീവനൊടുക്കിയത്. കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എല്‍സമ്മയെ ഫോണില്‍ വിളിച്ച്, താന്‍ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിനു ശേഷമാണ് അമിത ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് എല്‍സമ്മ അഖിലിനെ ഫോണില്‍ വിളിച്ചു. അഖില്‍ വീട്ടിലെത്തിയപ്പോള്‍ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മക്കളായ അനേയയെയും അന്നയെയും അനാഥാലയത്തില്‍ വിട്ടാലും അഖിലിന്റെ കുടുംബത്തിന് അവരെ കൊടുക്കരുതെന്നാണ് അമിത മരിക്കുന്നതിന് മുന്‍പ് ഫോണില്‍ വിളിച്ച് പറഞ്ഞതെന്ന് അമിതയുടെ മാതാവ് എല്‍സമ്മ പറയുന്നു. കൂട്ടുകാര്‍ കൂടിയുള്ള മദ്യപാനത്തിന് ശേഷം വീട്ടിലെത്തി അഖില്‍ അമിതയെ മര്‍ദിക്കുന്നത് പതിവായിരുന്നുവെന്നും എല്‍സമ്മ ആരോപിച്ചു.

Tags:    

Similar News