എല്‍പിജിക്കായി ആരും പരിഭ്രാന്തരായി ബുക്ക് ചെയ്യരുത്! ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് പെട്രോളിയം മന്ത്രാലയം; ഗ്രാമീണ മേഖലകളില്‍ ബുക്കിങ്ങിനുള്ള ഇടവേള 45 ദിവസമാക്കി; വലിയ പ്രതിസന്ധി ഒഴിവാക്കാന്‍ ചെറിയ നിയന്ത്രണമെന്ന് വിശദീകരണം; സംസ്ഥാനത്ത് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക യോഗം
എല്‍പിജിക്കായി ആരും പരിഭ്രാന്തരായി ബുക്ക് ചെയ്യരുത്!
ന്യൂഡല്‍ഹി: ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് (എല്‍പിജി) രാജ്യത്ത് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും, ഉപഭോക്താക്കള്‍ പരിഭ്രാന്തരായി ബുക്ക് ചെയ്യേണ്ടതില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഗ്രാമീണ മേഖലകളില്‍ ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസമാക്കി നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
എല്‍പിജി ക്ഷാമമുണ്ടെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയവും ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷവും പഴയ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി കാണിക്കുന്നത് ഒഴിവാക്കണമെന്നും, ടിവി ചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വിഷയത്തില്‍ വ്യക്തത നല്‍കണമെന്നും മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വലിയ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് ബുക്കിംഗില്‍ ചെറിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. പ്രതിദിനം 50 ലക്ഷം സിലിണ്ടറുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. പാചകവാതക വിതരണത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം അഭ്യര്‍ത്ഥിച്ചു.
അതേസമയം, സംസ്ഥാനത്ത് രൂക്ഷമായ പാചകവാതക ക്ഷാമം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരുന്നു. പാചകവാതക ലഭ്യതക്കുറവ് മൂലം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് പലയിടത്തും അടച്ചിടേണ്ടി വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടുന്നത്.
മുഖ്യമന്ത്രിക്ക് പുറമെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍, തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവരും ചീഫ് സെക്രട്ടറിയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും പൊതുമേഖലാ എണ്ണക്കമ്പനി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പാചകവാതകത്തിന്റെ പൂഴ്ത്തിവെപ്പ് തടയുന്നതിനും വിതരണം സുഗമമാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. നിലവില്‍ ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനുള്ള അടിയന്തര പരിഹാരങ്ങളും യോഗം പരിഗണിക്കും.
