'വര്‍ഗ്ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല.. രക്തസാക്ഷികള്‍ സിന്ദാബാദ്'; അമ്പലപ്പുഴയില്‍ ജി സുധാകരന്‍ ഉയര്‍ത്തുന്ന ഭീഷണിക്ക് തടയിടാന്‍ കടന്നാക്രമണ ശൈലിയിലേക്ക് കടന്ന് സിപിഎം; സുധാകരന്‍ മത്സരിക്കുന്നത് കൊണ്ട് 'ഒരു ചുക്കും സംഭവിക്കില്ല, പാര്‍ട്ടിയെ ചതിച്ചു' എന്നു പറഞ്ഞ് വിമര്‍ശനവുമായി സജി ചെറിയാന്‍; 'കുലംകുത്തി എന്നും കുലംകുത്തി'യെന്ന നിലപാടിലേക്ക് പാര്‍ട്ടി
'വര്‍ഗ്ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല.. രക്തസാക്ഷിക്കള്‍ സിന്ദാബാദ്'
ആലപ്പുഴ: ആറ് ദശാബ്ദത്തിലേറെ നീണ്ട പാര്‍ട്ടി ബന്ധം അവസാനിപ്പിച്ച് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന ജി. സുധാകരനെ പ്രതിരോധിക്കാന്‍ നീക്കങ്ങള്‍ തുടങ്ങി സിപിഎം. താഴെത്തട്ടില്‍ മുതല്‍ സുധാകരനെതിരെ രംഗത്തുവരണം എന്ന നിലപാടിലേക്കാണ് പാര്‍ട്ടിനീങ്ങുന്നത്. ഇന്നലെ വരെ സുധാകരനെതിരെ കടുത്ത ആരോപണങ്ങളും ആക്ഷേപങ്ങളും പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ചിരുന്നില്ല. എന്നാല്‍, പതിയെ ഇനി അഗ്രസീവ് മോഡിലേക്ക് പാര്‍ട്ടി നീങ്ങും. ഇതിന്റെ തുടക്കം എന്ന നിലയില്‍ പ്രചരണം അമ്പലപ്പുഴയില്‍ തുടങ്ങിയിട്ടുണ്ട്.
പുന്നപ്രയില്‍ സുധാകരനെതിരെ പോസ്റ്ററും എത്തി. 'വര്‍ഗ്ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല.. രക്തസാക്ഷിക്കള്‍ സിന്ദാബാദ്' എന്നെഴുതി സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് സുധാകരനെതിരെ പോസ്റ്റര്‍ ഒട്ടിച്ചത്. ഇതോടെ 'കുലംകുത്തി എന്നും കുലംകുത്തി'യെന്ന നിലപാടിലേക്കാണ് പാര്‍ട്ടി നീങ്ങുന്നത്.
സുധാകരന്‍ മത്സരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും എന്നാല്‍ അദ്ദേഹം മത്സരിക്കുന്നത് കൊണ്ട് ആലപ്പുഴയിലെ പാര്‍ട്ടിക്ക് 'ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നും' സജി ചെറിയാനും പരിഹസിച്ചു. പാര്‍ട്ടിയെ തള്ളിപ്പറയേണ്ട തരത്തില്‍ ഒരു ദ്രോഹവും സിപിഎം ജി സുധാകരനോട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുധാകരനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി അവസാന നിമിഷം വരെ ശ്രമിച്ചിരുന്നതായി സജി ചെറിയാന്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം പോലും പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തെ നേരിട്ടുപോയി കണ്ടിരുന്നു. സുധാകരനെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോകാനാണ് പാര്‍ട്ടി എപ്പോഴും ആഗ്രഹിച്ചത്. എന്നാല്‍ ഇത്രയും കാലം എല്ലാ പദവികളും അംഗീകാരങ്ങളും നല്‍കി വളര്‍ത്തിയ പാര്‍ട്ടിയെ എന്തിനാണ് അദ്ദേഹം ഇപ്പോള്‍ തള്ളിപ്പറയുന്നതെന്ന് സജി ചെറിയാന്‍ ചോദിച്ചു.
ആലപ്പുഴയിലെ പാര്‍ട്ടി സംവിധാനം ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനില്‍ക്കുന്നതെന്ന സൂചനയും മന്ത്രി നല്‍കി. സുധാകരന്‍ സ്വതന്ത്രനായി രംഗത്തിറങ്ങുന്നത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വെല്ലുവിളിയാകില്ലെന്ന ഉറച്ച നിലപാടിലാണ് നേതൃത്വം. അമ്പലപ്പുഴയിലെ വോട്ടര്‍മാര്‍ പാര്‍ട്ടി ചിഹ്നത്തിനും രാഷ്ട്രീയത്തിനുമാണ് വോട്ട് ചെയ്യുന്നത്, വ്യക്തികള്‍ക്കല്ലെന്നും സജി ചെറിയാന്‍ ഓര്‍മ്മിപ്പിച്ചു.
ജി. സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപനം നടത്തിയതോടെ അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് ചിത്രം പാടേ മാറിയിരിക്കുകയാണ്. സിപിഎം കോട്ടയായ അമ്പലപ്പുഴയില്‍ സുധാകരന്റെ സാന്നിധ്യം ഇടതുമുന്നണിയുടെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുമോ എന്ന ആശങ്ക പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. എന്നാല്‍ ഔദ്യോഗികമായി ജി സുധാകരനെ തള്ളിപ്പറയുന്ന നിലപാടാണ് സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ള ജില്ലയില്‍ നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.
ഒരുകാലത്ത് വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്ത ശിഷ്യനായി അറിയപ്പെട്ടിരുന്ന സുധാകരന്‍ പിന്നീട് മറുകണ്ടം ചാടിയിരുന്നു. പിണറായിപക്ഷത്തെ പ്രമുഖനായാണ് അദ്ദേഹം നിലകൊണ്ടത്. കുറച്ചുകാലമായി തന്നെ പാര്‍ട്ടിക്കുള്ളില്‍ മനഃപൂര്‍വ്വം അവഗണിക്കുന്നതായും വ്യക്തിഹത്യ നടത്തുന്നതായും അദ്ദേഹം ആരോപിക്കുന്നു. വികസന നേട്ടങ്ങളില്‍ നിന്ന് പേര് വെട്ടിമാറ്റുന്നത് മുതല്‍ ഔദ്യോഗിക മാധ്യമങ്ങളില്‍ നല്‍കുന്ന വാര്‍ത്തകളില്‍ വരെ തഴയപ്പെടുന്നു എന്ന പരാതി ഉന്നയിച്ചാണ് അദ്ദേഹം 'പിണറായിസത്തോട്' വിടപറയുന്നത്. സംഘടന വിട്ടാലും കമ്യൂണിസ്റ്റ് ആദര്‍ശം വിടില്ലെന്ന് വ്യക്തമാക്കുന്ന സുധാകരന്‍, പാര്‍ട്ടിയിലെ നിലവിലെ പ്രവണതകള്‍ക്കെതിരെയുള്ള തന്റെ പോരാട്ടമായാണ് ഈ മത്സരത്തെ കാണുന്നത്.
സുധാകരന്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നു എന്നറിഞ്ഞതോടെ അനുനയ നീക്കങ്ങളുമായി ഉന്നത നേതാക്കള്‍ പുന്നപ്രയിലെ വീട്ടിലെത്തിയിരുന്നു. എം.എ. ബേബി നടത്തിയ നയതന്ത്ര നീക്കങ്ങളും മുഖ്യമന്ത്രിയുടെ ഫോണ്‍ വിളിയും സുധാകരനെ തണുപ്പിക്കുമെന്ന് പാര്‍ട്ടി കരുതിയെങ്കിലും ഫലമുണ്ടായില്ല. 'പാര്‍ട്ടിയിലില്ല, എന്നാല്‍ ആദര്‍ശം വിടില്ല' എന്ന വിപ്ലവകരമായ നിലപാടിലൂടെ പാര്‍ട്ടിക്കുള്ളിലെ വിമത സ്വരങ്ങള്‍ക്ക് അദ്ദേഹം ആവേശമായി മാറുകയാണ്. ഗൗരിയമ്മ പാര്‍ട്ടി വിട്ടപ്പോള്‍ സംഭവിച്ചതുപോലെ ഒരു വിള്ളല്‍ ആലപ്പുഴയിലെ സിപിഎം വോട്ട് ബാങ്കില്‍ സുധാകരന്‍ ഉണ്ടാക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
