ക്യാപ്റ്റന്‍ സുക്ഷാന്ത് സിംഗ് സന്ധു റിയല്‍ ഹീറോ! ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ റഡാറുകളെ വെട്ടിച്ച് സിഗ്‌നലുകള്‍ ഓഫ് ചെയ്ത് മരണപ്പാച്ചില്‍; 1.35 ലക്ഷം ടണ്‍ എണ്ണയുമായി ഇന്ത്യന്‍ ടാങ്കര്‍ മുംബൈ തീരത്ത്; ശത്രുവിന്റെ കണ്ണുവെട്ടിച്ച 'ഗോയിംഗ് ഡാര്‍ക്ക്' തന്ത്രം! ആ സാഹസിക യാത്രയുടെ കഥ
ശത്രുവിന്റെ കണ്ണുവെട്ടിച്ച 'ഗോയിംഗ് ഡാര്‍ക്ക്' തന്ത്രം!
മുംബൈ: ലോകം ഉറ്റുനോക്കുന്ന യുദ്ധഭൂമിയിലൂടെ, ശത്രുവിന്റെ റഡാറുകളുടെ കണ്ണുവെട്ടിച്ച് ഒരു ഇന്ത്യന്‍ ക്യാപ്റ്റനും സംഘവും നടത്തിയ ധീരമായ നീക്കം വിജയകരമായി. ഇറാനും ഇസ്രായേല്‍-യുഎസ് സഖ്യവും തമ്മില്‍ അതിരൂക്ഷമായ യുദ്ധം നടക്കുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയാണ് 'ഷെന്‍ലോംഗ്' (Shenlong) എന്ന കൂറ്റന്‍ എണ്ണക്കപ്പല്‍ സാഹസികമായി കടന്ന് മുംബൈ തീരത്ത് എത്തിയത്.
റഡാറുകളില്‍ നിന്ന് അപ്രത്യക്ഷം; പിന്നെ കണ്ടത് മുംബൈയില്‍!
മാര്‍ച്ച് ഒന്നിന് സൗദിയിലെ റാസ് തനൂറ തുറമുഖത്ത് നിന്ന് ഒന്നര ലക്ഷത്തോളം മെട്രിക് ടണ്‍ ക്രൂഡ് ഓയിലുമായി പുറപ്പെട്ട കപ്പല്‍ മാര്‍ച്ച് 8-നാണ് ലോകത്തെ ഏറ്റവും അപകടം പിടിച്ച ഹോര്‍മുസ് കടലിടുക്കിലെത്തിയത്. പിന്നാലെ സംഭവിച്ചത് ഒരു സിനിമാ സ്‌റ്റൈല്‍ നീക്കമായിരുന്നു:
ശത്രുക്കളുടെ മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും ലക്ഷ്യമാകാതിരിക്കാന്‍ കപ്പലിലെ ട്രാക്കിംഗ് സംവിധാനങ്ങളായ AIS-( ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം) ഉം ട്രാന്‍സ്പോണ്ടറുകളും ക്യാപ്റ്റന്‍ സുക്ഷാന്ത് സിംഗ് സന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘം ഓഫ് ചെയ്തു.
റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമായ കപ്പല്‍ എവിടെയെന്നറിയാതെ ലോകം കുഴങ്ങിയ രണ്ട് ദിവസങ്ങള്‍. ഒടുവില്‍ കടലിടുക്ക് പിന്നിട്ട് സുരക്ഷിത മേഖലയിലെത്തിയപ്പോഴാണ് കപ്പല്‍ വീണ്ടും സിഗ്‌നലുകള്‍ നല്‍കി തുടങ്ങിയത്. കപ്പലിലുണ്ടായിരുന്ന 1,35,335 മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ മുംബൈയിലെ റിഫൈനറികളിലേക്ക് മാറ്റുന്നതിനായി പുറത്തെടുക്കാന്‍ ആരംഭിച്ചു.
എന്താണ് എ ഐ എസ്?
ടാങ്കര്‍ ട്രാക്കിംഗ് പ്ലാറ്റ്ഫോമുകള്‍ നല്‍കുന്ന വിവരമനുസരിച്ച്, മാര്‍ച്ച് 9-നാണ് ലൈബീരിയന്‍ പതാകയുള്ള ഷെന്‍ലോംഗ് സൂയസ്മാക്‌സിന്റെ സിഗ്‌നലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ അവസാനമായി രേഖപ്പെടുത്തിയത്. കടലിടുക്കിലൂടെയുള്ള യാത്രയ്ക്കിടയില്‍ കപ്പല്‍ അതിന്റെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (AIS) താല്‍ക്കാലികമായി ഓഫ് ചെയ്യുകയായിരുന്നു. ഒരു ദിവസത്തിന് ശേഷം ട്രാക്കിംഗ് സിസ്റ്റത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട കപ്പല്‍ ബുധനാഴ്ച മുംബൈയില്‍ അടുത്തു.
TankerTrackers.com റിപ്പോര്‍ട്ട് പ്രകാരം, രണ്ട് വിഎല്‍സിസികള്‍ (VLCCs), മൂന്ന് സൂയസ്മാക്‌സ് ടാങ്കറുകള്‍, ഒരു പനാമാക്‌സ് ടാങ്കര്‍ എന്നിവ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്കിടയില്‍ കുറഞ്ഞത് 48 മണിക്കൂറെങ്കിലും ട്രാക്കിംഗ് സംവിധാനങ്ങള്‍ ഓഫ് ചെയ്തിട്ടുണ്ട്. ചൈന, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് ഈ കപ്പലുകള്‍ സഞ്ചരിക്കുന്നത്.
കപ്പലുകളുടെ ഐഡന്റിറ്റി, സ്ഥാനം, ചലനം എന്നിവ മറ്റ് കപ്പലുകളെയും തീരദേശ അധികൃതരെയും അറിയിക്കുന്നതിനാണ് ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (AIS) ഉപയോഗിക്കുന്നത്. നാവിക സുരക്ഷ ഉറപ്പാക്കാനും കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനും ഇത് സഹായിക്കുന്നു. എന്നാല്‍ ഈ സംവിധാനം ഓഫ് ചെയ്യുന്നതോടെ കടലില്‍ കപ്പലിന്റെ പാത പിന്തുടരുന്നത് അസാധ്യമാകും. എന്നാല്‍, നാവിക സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി എ ഐ എസ് എപ്പോഴും പ്രവര്‍ത്തിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമുദ്ര നിയമങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇത്തരം അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് ഈ നടപടി സ്വീകരിക്കാറുള്ളത്.
ഇറാന്റെ കര്‍ക്കശ നിലപാടില്‍ ഉലഞ്ഞ് എണ്ണ വിപണി
ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ സൈനിക നടപടി ആരംഭിച്ചതോടെ, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ സൈന്യം അടച്ചു. ആഗോള എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്നും, കടല്‍ വഴിയുള്ള ആകെ എണ്ണ വ്യാപാരത്തിന്റെ നാലിലൊന്ന് ഭാഗവും കൈകാര്യം ചെയ്യുന്ന ഈ വഴിയിലൂടെ പ്രതിദിനം 20 ദശലക്ഷത്തിലധികം ബാരല്‍ ക്രൂഡ് ഓയിലാണ് നീക്കം ചെയ്യപ്പെടുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മേഖലയില്‍ ഇറാന്‍ കുറഞ്ഞത് 16 കപ്പലുകളെങ്കിലും ആക്രമിച്ചിട്ടുണ്ട്. ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്കെതിരെ ഇനിയും ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, നിലവില്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ 28 ഇന്ത്യന്‍ പതാക ഘടിപ്പിച്ച കപ്പലുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 677 ഇന്ത്യന്‍ നാവികരുള്ള 24 കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തും, 101 ഇന്ത്യന്‍ നാവികരുള്ള 4 കപ്പലുകള്‍ കടലിടുക്കിന് കിഴക്ക് ഭാഗത്തുമാണ് ഉള്ളത്.
ബുധനാഴ്ച ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്ന തായ്ലന്‍ഡ് കപ്പലിന് നേരെ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ആക്രമണം ഉണ്ടായത് കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് എന്തുകൊണ്ട് ഇത് നിര്‍ണ്ണായകം?
ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ വിജയം. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ പകുതിയിലധികവും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 16 കപ്പലുകള്‍ ഇറാന്‍ ആക്രമിച്ച പശ്ചാത്തലത്തില്‍, ഷെന്‍ലോംഗിന്റെ വരവ് ഇന്ത്യന്‍ ഊര്‍ജ്ജ മേഖലയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
കപ്പലിലെ ഹീറോകള്‍
ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ സുക്ഷാന്ത് സിംഗ് സന്ധുവിനൊപ്പം ഇന്ത്യക്കാരും പാകിസ്ഥാനികളും ഫിലിപ്പീന്‍സുകാരുമടക്കം 29 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. നിലവില്‍ മുംബൈ പോര്‍ട്ടിലെ ജവാഹര്‍ ദ്വീപ് ടെര്‍മിനലില്‍ കപ്പല്‍ സുരക്ഷിതമായി അടുത്തു കഴിഞ്ഞു. കപ്പലിലെ ഇന്ധനം ഉടന്‍ തന്നെ റിഫൈനറികളിലേക്ക് മാറ്റും.
