ഇറാഖില്‍ യുഎസ് എണ്ണകപ്പലിനുനേരെ ഇറാന്റെ ചാവേര്‍ ആക്രമണം; ആഴക്കടല്‍ തുറമുഖമായ അല്‍ ഫോയ്ക്ക് സമീപം രണ്ട് കപ്പലുകള്‍ ആക്രമിച്ചത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബോട്ടുകള്‍ ഉപയോഗിച്ച്; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; 15 ഇന്ത്യക്കാരടക്കം 38 ജീവനക്കാരെ രക്ഷപ്പെടുത്തി; ആക്രമണം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്

Update: 2026-03-12 10:12 GMT

ബാഗ്ദാദ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരവേ, ഇറാഖ് തീരത്ത് രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. രക്ഷപ്പെട്ട ഇന്ത്യന്‍ നാവികരുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും എംബസി അറിയിച്ചു.

ഇറാഖിലെ പ്രധാന ആഴക്കടല്‍ തുറമുഖമായ അല്‍ ഫോയ്ക്ക് സമീപമാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബോട്ടുകള്‍ ഉപയോഗിച്ച് ആക്രമണം നടന്നത്. യുഎസ് ഉടമസ്ഥതയിലുള്ള കപ്പലുള്‍പ്പെടെ രണ്ട് ടാങ്കറുകള്‍ക്ക് ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു. യുഎസ് ആസ്ഥാനമായുള്ള സഫീസിയ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍കോര്‍പ്പറേറ്റഡിന്റെ ഉടമസ്ഥതയിലുള്ളതും മാര്‍ഷല്‍ ഐലന്‍ഡ്സ് പതാക വഹിക്കുന്നതുമായ 'സഫീസിയ വിഷ്ണു' (Safesia Vishnu), ഗ്രീസ് ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും മാള്‍ട്ടീസ് പതാക വഹിക്കുന്നതുമായ 'സെഫിറോസ്' (Zefyros) എന്നിവയാണ് ആക്രമിക്കപ്പെട്ടത്. ഇരു കപ്പലുകളിലുമായി ഏകദേശം നാല് ലക്ഷം ബാരല്‍ ഇറാഖി എണ്ണ ഉണ്ടായിരുന്നതായി ഷിപ്പ് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തെത്തുടര്‍ന്ന് കപ്പലുകളില്‍ വന്‍ സ്‌ഫോടനവും തീപിടുത്തവും ഉണ്ടായതായാണ് വിവരം. കടലില്‍ എണ്ണ ചോര്‍ന്നതിനെത്തുടര്‍ന്ന് വെള്ളത്തില്‍ തീ പടരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ട് കപ്പലുകളിലുമായി ഉണ്ടായിരുന്ന 38 ജീവനക്കാരെ ഇറാഖ് അധികൃതര്‍ രക്ഷപ്പെടുത്തി ബസ്‌റയിലേക്ക് മാറ്റി. ഇതില്‍ 'സഫീസിയ വിഷ്ണു'വിലെ 27 ജീവനക്കാരും ഉള്‍പ്പെടുന്നു. ആക്രമണത്തെത്തുടര്‍ന്ന് ഇറാഖിലെ എണ്ണ ടെര്‍മിനലുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഇറാനിയന്‍ ചാവേറാക്രമണമാണ് കപ്പലിന് നേര്‍ക്കുണ്ടായതെന്നാണ് നിഗമനം. ഇറാനിയന്‍ ആളില്ലാ ബോട്ടോ വാഹനമോ അല്ലെങ്കില്‍ ചാവേര്‍ ബോട്ടോ ആകാം കപ്പലില്‍ ഇടിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ട കാര്യം തുറമുഖങ്ങള്‍ക്കായുള്ള ജനറല്‍ കമ്പനിയുടെ ഡയറക്ടര്‍ ജനറല്‍ ഫര്‍ഹാന്‍ അല്‍-ഫാര്‍തൗസി ഇറാഖി വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചു. മരിച്ച ഇന്ത്യാക്കാരന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പേര്‍ഷ്യന്‍ ഗള്‍ഫിലെ ബസ്ര തുറമുഖത്ത് ഷിപ്പ്-ടു-ഷിപ്പ് ട്രാന്‍സ്ഫര്‍ ഏരിയയില്‍ വെച്ചാണ് കപ്പലിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നതെന്ന് അല്‍-ഫാര്‍തൗസി പറഞ്ഞു. കപ്പലിലുണ്ടായിരുന്ന ശേഷിക്കുന്ന 27 ജീവനക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവരെ ബസ്രയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു. 228.6 മീറ്റര്‍ നീളവും 32.57 മീറ്റര്‍ വീതിയുമുള്ള സഫീസിയ വിഷ്ണു 2007 ല്‍ നിര്‍മ്മിച്ച ഒരു അസംസ്‌കൃത എണ്ണ കപ്പലാണ്.

സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ഇറാന്റെ ചാവേര്‍ ബോട്ട് കപ്പലുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നാണ് സിഎന്‍എന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അമേരിക്കയും ഇസ്രായേലുമായി നിലനില്‍ക്കുന്ന സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് ഇറാന്റെ ഈ പുതിയ നീക്കം. തങ്ങളുടെ താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് ഇതിലൂടെ ഇറാന്‍ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, രാജ്യത്തിന് നേരെ ആക്രമണം തുടര്‍ന്നാല്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ലെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലും കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹോര്‍മുസില്‍ കിടന്ന മൂന്ന് വിദേശ കപ്പലുകളെങ്കിലും അജ്ഞാത ആയുധം ഉപയോഗിച്ച് ഇറാന്‍ തീയ്ക്കിരയാക്കിയെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. യുഎഇയില്‍ നിന്നെത്തിയ കപ്പലും ഒമാന്റെ വടക്കന്‍ തീരത്തുണ്ടായിരുന്ന കപ്പലും വടക്കുപടിഞ്ഞാറന്‍ ദുബായ് തീരത്തായുണ്ടായ കപ്പലുമാണ് ആക്രമിക്കപ്പെട്ടതെന്ന് യുകെ മാരിടൈം ട്രേഡ് ഓപറേഷന്‍സ് വ്യക്തമാക്കുന്നു. ഹോര്‍മുസിലൂടെ കയ്യൂക്ക് കാണിച്ച് കടക്കാന്‍ നോക്കിയാല്‍ കത്തിച്ച് ചാമ്പലാക്കിക്കളയുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ ഇറാന്‍ അനുവദിക്കുന്ന കപ്പലുകള്‍ മാത്രമാണ് ഹോര്‍മുസിലൂടെ സഞ്ചരിക്കുന്നത്. പുലര്‍ച്ചെ രണ്ട് ഇന്ത്യന്‍ കപ്പലുകളെ കടത്തിവിട്ടിരുന്നു. അതിനിടെ യുഎസ് സൈന്യം ഇറാന്റെ 16 മൈന്‍ നിറച്ച കപ്പലുകള്‍ തകര്‍ത്തുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പന്ത്രണ്ടാം ദിവസവും യുദ്ധം അവസാനിക്കുന്ന സൂചനയില്ലെന്നാണ് ഇറാന്റെ കനത്ത ആക്രമണത്തില്‍ നിന്നും വ്യക്തമാകുന്നത്.

55 കിലോമീറ്റര്‍ വീതിയുള്ള ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുന്നതോടെ ലോകം മുഴുവന്‍ പ്രതിസന്ധിയിലാകും. പ്രതിദിനം 13 മില്യണ്‍ ബാരല്‍ ഇന്ധനമാണ് ഹോര്‍മുസ് വഴി കടന്നുപോയിക്കൊണ്ടിരുന്നത്. ഇറാന്‍ കടുത്ത നിലപാടെടുത്താല്‍ ലോകരാജ്യങ്ങള്‍ ഇന്ധനത്തിന് ബുദ്ധിമുട്ടും. ഇത് ക്രമേണെ അവശ്യസാധനങ്ങളുടെ വില വര്‍ധിക്കാന്‍ ഇടയാക്കും. സംസ്ഥാനത്തുള്‍പ്പടെ രാജ്യത്ത് പലഭാഗങ്ങളിലും ഇതിനകം എല്‍പിജി ലഭ്യതക്കുറവ് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഹോട്ടലുകളടക്കം കനത്ത പ്രതിസന്ധിയിലാണ്. സൈനികാഭ്യാസത്തിന് മണിക്കൂറുകള്‍ മാത്രം ഇറാന്‍ ഹോര്‍മുസ് ഫെബ്രുവരിയില്‍ അടച്ചതോടെ ആറു ശതമാനമായിരുന്നു ഇന്ധനവിലയില്‍ വര്‍ധനയുണ്ടായത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ക്രൂഡ് ഓയില്‍ ബാരലിന് 200 ഡോളര്‍ കടക്കുെമന്നാണ് വിലയിരുത്തല്‍.

അതേസമയം യുഎഇയില്‍ ഇന്ന് പുലര്‍ച്ചെ ഇറാന്റെ ആക്രമണശ്രമമുണ്ടായിരുന്നു. ദുബായ് ക്രീക്ക് ഹാര്‍ബറിന് സമീപമുള്ള താമസകെട്ടിടത്തിന് മുകളില്‍ ഡ്രോണ്‍ പതിച്ചു. കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ആര്‍ക്കും പരുക്കുകളില്ലെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. ഇസ്രയേല്‍ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടാന്‍ ചൈനീസ് സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനത്തെ ഇറാന്‍ ഉപയോഗിച്ചിരിക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആക്രമണത്തിലെ കൃത്യത ഇതാണ് തെളിയിക്കുന്നതെന്ന് ഫ്രാന്‍സിന്റെ മുന്‍ വിദേശകാര്യ ഇന്റലിജന്‍സ് ഡയറക്ടര്‍ അലൈന്‍ ജൂലെ പറഞ്ഞു.

അതിനിടെ, യുദ്ധം അവസാനിപ്പിക്കാന്‍ 3 നിബന്ധനകളുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഇറാന്റെ പരമാധികാരം അംഗീകരിക്കണം. നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം വേണം. ഭാവിയില്‍ സംഘര്‍ഷങ്ങളുണ്ടാകാതിരിക്കാന്‍ രാജ്യാന്തരതലത്തിലെ ഉറപ്പ് എന്നിവയാണ് ആവശ്യങ്ങള്‍. യുദ്ധം അവസാനിപ്പിക്കാനുള്ള നിബന്ധനകളോട് യുഎസും ഇസ്രയേലും പ്രതികരിച്ചിട്ടില്ല.

Tags:    

Similar News