കെ എസ് യു, ഡി എസ് യു കാപാലികര്‍ കാലില്‍ പിടിച്ച് തല തറയില്‍ അടിച്ചു മൃഗീയമായി കൊന്നത് കേരളത്തെ ഞെട്ടിപ്പിച്ച സംഭവമെന്ന് ഡിസംബറില്‍; സഹോദരന്‍ ജി. ഭുവനേശ്വരനെ കൊന്നത് ചില ഗുണ്ടാപ്പിള്ളേരെന്നും അവരാരും ഇപ്പോള്‍ ഒരു പാര്‍ട്ടിയിലുമില്ലെന്നും മലക്കം മറിയല്‍; 48 വര്‍ഷത്തെ രക്തസാക്ഷി ചരിത്രം ജി.സുധാകരന്‍ തിരുത്തുമ്പോള്‍ ഞെട്ടിത്തരിച്ച് സിപിഎം
48 വര്‍ഷത്തെ രക്തസാക്ഷി ചരിത്രം ജി.സുധാകരന്‍ തിരുത്തുമ്പോള്‍ ഞെട്ടിത്തരിച്ച് സിപിഎം
ആലപ്പുഴ: സിപിഎം രാഷ്ട്രീയത്തിലെ അതികായനായ ജി. സുധാകരന്‍ പാര്‍ട്ടി വിട്ടപ്പോള്‍ ആ വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത് വരുന്നത് സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വമാണ്. ദശകങ്ങളായി പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ച ഒരു ചരിത്രത്തെ സുധാകരന്‍ തന്നെ തിരുത്തിക്കുറിക്കുമ്പോള്‍ അത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.
പന്തളം എന്‍എസ്എസ് കോളജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയില്‍ 1977 ഡിസംബര്‍ 7 നാണ് സുധാകരന്റെ സഹോദരന്‍ ഭുവനേശ്വരന്‍ രക്തസാക്ഷിയായത്. പാര്‍ട്ടിക്കു വേണ്ടിയായി തന്റെ പിന്നീടുളള ജീവിതമെന്ന് ജി.സുധാകരന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ പന്തളം എന്‍.എസ്.എസ് കോളേജ് സമരങ്ങളും ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വവും സുപ്രധാനമാണ്. എന്നാല്‍, 1977-ല്‍ നടന്ന ആ കൊലപാതകത്തെക്കുറിച്ച് 2026-ല്‍ ജി. സുധാകരന്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം കേവലം ഒരു പ്രസ്താവനയല്ല, മറിച്ച് പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ ആധാരമായ 'രക്തസാക്ഷി പരിവേഷത്തിന്' മേല്‍ ഏല്‍ക്കുന്ന കനത്ത പ്രഹരമാണ്.
അന്ന് 'കാപാലികര്‍', ഇന്ന് 'ഗുണ്ടാപ്പിള്ളേര്‍'
നാല് മാസത്തെ ഇടവേളയില്‍ ജി. സുധാകരന്‍ നടത്തിയ രണ്ട് പ്രസ്താവനകള്‍ തമ്മിലുള്ള വൈരുദ്ധ്യമാണ് ചര്‍ച്ചയാകുന്നത്.
2025 ഡിസംബര്‍ 7: സഹോദരന്റെ രക്തസാക്ഷി ദിനത്തില്‍ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്, ഭുവനേശ്വരനെ കൊന്നത് കെ.എസ്.യു - ഡി.എസ്.യു കാപാലികര്‍ ആണെന്നാണ്. 'സമത്വം, സ്വാതന്ത്ര്യം, സോഷ്യലിസം' എന്ന ആശയത്തിന് വേണ്ടി പോരാടിയ ജ്വലിക്കുന്ന രക്തനക്ഷത്രമായി അദ്ദേഹം സഹോദരനെ വിശേഷിപ്പിച്ചു.
എന്നാല്‍, സിപിഎം വിട്ടുകൊണ്ട് സുധാകരന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാകട്ടെ, കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അത് ചെയ്തത് വെറും 'ഗുണ്ടാപ്പിള്ളേര്‍' ആണെന്നുമാണ്. അവര്‍ ഇപ്പോള്‍ ഒരു പാര്‍ട്ടിയിലുമില്ലെന്ന് പറയുന്നതിലൂടെ കോണ്‍ഗ്രസിനും കെ.എസ്.യുവിനും മേല്‍ പതിറ്റാണ്ടുകളായി പാര്‍ട്ടി ചാര്‍ത്തിയ കൊലയാളിപ്പട്ടം സുധാകരന്‍ സ്വയം എടുത്തുമാറ്റുകയാണ്.
പാര്‍ട്ടി സഹായം ലഭിച്ചില്ലെന്ന ആരോപണം
രക്തസാക്ഷികളുടെ കുടുംബങ്ങളെ സംരക്ഷിക്കുമെന്ന പാര്‍ട്ടിയുടെ അവകാശവാദത്തെയും സുധാകരന്‍ നേരിട്ട് വെല്ലുവിളിക്കുന്നു. ഭുവനേശ്വരന്റെ കൊലപാതകത്തിന് ശേഷം നിയമപോരാട്ടം നടത്തിയത് ഒറ്റയ്ക്കായിരുന്നുവെന്നും, വീട്ടിലെ ആഞ്ഞിലിത്തടി വിറ്റ പണം കൊണ്ടാണ് കേസ് നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്ന സുധാകരന്‍, പാര്‍ട്ടിയുടെ ഏറ്റവും വൈകാരികമായ ഇടത്തിലാണ് (രക്തസാക്ഷിത്വം) തൊട്ടിരിക്കുന്നത്. കെ.എസ്.യുവിനെ പ്രതിക്കൂട്ടിലാക്കാന്‍ സി.പി.എം സ്ഥിരമായി ഉപയോഗിച്ചിരുന്ന ആയുധമായിരുന്നു ഭുവനേശ്വരന്‍ വധം. ഇത് പാര്‍ട്ടിയുടെ തന്നെ മുതിര്‍ന്ന നേതാവ് നിഷേധിക്കുന്നത് എതിരാളികള്‍ക്ക് വലിയ രാഷ്ട്രീയ ആയുധമാകും.
ഭുവനേശ്വരന്റെ ബലികുടീരത്തില്‍ വര്‍ഷാവര്‍ഷം പുഷ്പാര്‍ച്ചന നടത്തുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് നേതാവിന്റെ ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ പ്രയാസകരമാകും.
2025 ഡിസംബര്‍ ഏഴിന് ജി.ഭുവനേശ്വരന്റെ രക്തസാക്ഷി ദിനത്തില്‍ ജി.സുധാകരന്‍ സഹോദരന്റെ രക്തസാക്ഷിത്വത്തെ കുറിച്ച് ഫെയ്സ്ബുക്കില്‍ ഇട്ട കുറിപ്പ് ഇങ്ങനെയാണ്:
'ഇന്ന് ഡിസംബര്‍ 7. ജി. ഭുവനേശ്വരന്റെ രക്തസാക്ഷി ദിനം.
എന്റെ ഏറ്റവും ഇളയ അനുജന്‍ ഞങ്ങളുടെ വീട്ടിലെ അഞ്ചാമന്‍ ശിരസ്സില്‍ രക്തം ഇരച്ചുകയറുകയും ഹൃദയത്തില്‍ വാത്സല്യവും ദുഃഖവും നിറഞ്ഞു കവിയുകയും ചെയ്യുന്നു.
പന്തളം എന്‍ എസ് എസ് കോളേജില്‍ ബിഎ എക്കണോമിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. കെ എസ് യു, ഡി എസ് യു കാപാലികര്‍ കാലില്‍ പിടിച്ച് തല തറയില്‍ അടിച്ചു മൃഗീയമായി കൊന്നത് കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ്.
എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. പതിനെട്ടാം വയസ്സിലാണ് രക്തസാക്ഷി ആയത്. പാര്‍ട്ടി അംഗമായിരുന്നു.'
എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. പതിനെട്ടാം വയസ്സിലാണ് രക്തസാക്ഷി ആയത്. പാര്‍ട്ടി അംഗമായിരുന്നു. നാടകം, ഉപന്യാസം, ഫുട്ബോള്‍, ബാഡ്മിന്റണ്‍ എന്നീ സാഹിത്യ-കായിക മേഖലകളില്‍ ഭാവിയുടെ വാഗ്ദാനമായി ഭുവശ്വരന്‍ കണക്കാക്കപ്പെട്ടിരുന്നു.
രക്തസാക്ഷി ദിനം പതിവായി 1977 ഡിസംബര്‍ 7 മുതല്‍ കരിമുളയ്ക്കല്‍ ബലികുടീരത്തിനു മുമ്പില്‍ പാര്‍ട്ടിയുടെയും എസ് എഫ് ഐയുടെയും നേതൃത്വത്തില്‍ ആചരിച്ചു വരുന്നു.
ഇതിനു ശേഷം കേരളത്തില്‍ എസ്എഫ്ഐ പൂര്‍വാധികം ശക്തിപ്പെട്ടു. നിരവധി വിദ്യാര്‍ത്ഥി രക്തസാക്ഷികളുടെ ഗണത്തില്‍ ഭുവനനും ഒരു ജ്വലിക്കുന്ന രക്തനക്ഷത്രം ആയി.
സമത്വം സ്വാതന്ത്ര്യം സോഷ്യലിസം എന്നീ ലോകാതിശായിയായ ആശയങ്ങള്‍ എഴുതിയ തൂവെള്ളക്കൊടിയുമായി മുന്നേറവെ അവന്‍ ശത്രുക്കളാല്‍ നിഗ്രഹിക്കപ്പെട്ടു.
രക്തസാക്ഷിക്ക് മരണമില്ലെന്നാണ് വിപ്ലവ മതം.
ഭുവനേശ്വരന്‍ എന്റെ അനുജന്‍ പൂത്തമലവാക പോലെന്റെ
മനസ്സില്‍ നിറയുന്ന ഭൂവനേശ്വരന്‍ എന്റെ അനുജന്‍ ' എന്ന് അന്തരിച്ച കവി എം കൃഷ്ണന്‍കുട്ടിയും
'ഭുവനേശ്വരാ ഭുവനേശ്വരാ! ഭുവനം എന്നും ഓര്‍ത്തിടുന്ന നാമം ഭുവനേശ്വരാ ഭുവനേശ്വരാ!'എന്ന് കവി ഏഴാച്ചേരി രാമചന്ദ്രനും
' ഭുവനേശ്വരന്‍ ഒരു കവിത' എന്ന് കവി പ്രഭാവര്‍മ്മയും അന്ന് കവിതകളില്‍ എഴുതി.'
ജെ. രഘുവിന്റെ സാക്ഷ്യം
സംഭവസമയത്ത് കൂടെയുണ്ടായിരുന്ന ഭുവനേശ്വരന്റെ സുഹൃത്തും സര്‍വവിജ്ഞാന കോശം മുന്‍ എഡിറ്ററുമായ ജെ. രഘുവിനെപ്പോലെയുള്ളവരുടെ ഓര്‍മ്മക്കുറിപ്പുകള്‍ രാഷ്ട്രീയ പകപോക്കലിനെ ശരിവെക്കുമ്പോഴും, സുധാകരന്റെ പുതിയ നിലപാട് രാഷ്ട്രീയ തന്ത്രമാണോ അതോ കാലപ്പഴക്കത്തില്‍ വന്ന തിരിച്ചറിവാണോ എന്ന ചോദ്യം ഉയരുന്നു.
'1977 ഡിസംബര്‍ മാസത്തിലാണ് സംഭവം നടക്കുന്നത്. ചെറിയ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു മാസത്തോളം പന്തളം എന്‍.എസ്.എസ് കോളജ് അടച്ചിട്ട ശേഷം തുറന്ന സമയമായിരുന്നു അത്. അന്ന് എന്നെയും പ്രഭാഷ് എന്ന മറ്റൊരു വിദ്യാര്‍ത്ഥിയെയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നത്. കെ.എസ്‌യുവിന്റെയും നായര്‍ സമുദായത്തിന്റെയും പാര്‍ട്ടിയായ എന്‍.ഡി.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഡി.എസ്.യുവിന്റെ പ്രവര്‍ത്തകരും പന്തളത്തെ ചില നായര്‍ പ്രമാണിമാരും സംഘടിച്ചാണ് കോളജിനകത്ത് കയറി ആക്രമണം നടത്തിയത്. അങ്ങനെയൊരു ആക്രമണം നടക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ എസ്.എഫ്.ഐക്കാര്‍ക്കില്ലായിരുന്നു. അന്ന് കോളജില്‍ എസ്.എഫ്.ഐയുടെ ഒരു പ്രകടനമുണ്ടായിരുന്നു. ഈ സംഘം പ്രകടനം തടഞ്ഞ് ഞങ്ങളെ ആക്രമിക്കുകയായിരുന്നു. ഞങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നു. കോളജിന് പുറത്തുനിന്നുള്ള ഗുണ്ടകളായിരുന്നു അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്.
മഞ്ഞപ്പിത്തം ബാധിച്ച് ഒരാഴ്ചയായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരുന്ന ഭുവേനശ്വരന്‍ അന്നാണ് കോളജില്‍ വന്നത്. നന്നേ ക്ഷീണിതനായിരുന്നു അവന്‍. ഞാനന്ന് ഒന്നാം വര്‍ഷ ബി.എ എക്കണോമിക്‌സിനും ഭുവനേശ്വരന്‍ രണ്ടാം വര്‍ഷ ബി.എ എക്കണോമിക്‌സിനുമായിരുന്നു പഠിച്ചിരുന്നത്.
ജീവന്‍ രക്ഷിക്കാനായി ഞങ്ങള്‍ പലവഴിക്ക് ഓടി രക്ഷപ്പെടേണ്ടിവന്നു. ഞാനായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. കോളജിന്റെ രണ്ടാം നിലയിലെ മാത്തമാറ്റിക്‌സ് ഡിപ്പാര്‍ട്ടുമെന്റിലേക്ക് അവര്‍ എന്നെ ഓടിച്ചുകയറ്റി. എന്റെ പിന്നാലെ ഭുവനേശ്വരനും ആ മുറിയില്‍ കയറി പതുങ്ങിയിരുന്നു. പത്തമ്പതു പേര്‍ എന്റെ പിന്നാലെ എത്തിയപ്പോള്‍ ആകെ ഒരു രക്ഷാമാര്‍ഗം എന്റെ മുന്നില്‍ മുകളിലത്തെ നിലയില്‍ നിന്ന് ജനാല വഴി ചാടുക മാത്രമായിരുന്നു. താഴേക്കു ചാടിയ എന്റെ കാലൊടിഞ്ഞിട്ടും ജീവരക്ഷാര്‍ത്ഥം മതിലും ചാടി ഓടി രക്ഷപ്പെടുകയായിരുന്നു. മഞ്ഞപ്പിത്തത്തിന്റെ അവശതയാവണം ജനാലയിലൂടെ ചാടാന്‍ അവന് കഴിയാതെ പോയത്.
ജനാലയില്‍കൂടി ഞാന്‍ ചാടിയതു കണ്ട് തിരിഞ്ഞുനോക്കുമ്പോള്‍ അവര്‍ കണ്ടത് അവശനായി പതുങ്ങിയിരിക്കുന്ന ഭുവനേശ്വരനെയാണ്. കമ്പി കൊണ്ട് തലയ്ക്കടിച്ചും ഏഴെട്ടുപേര്‍ ചേര്‍ന്ന് പൊക്കിയെടുത്ത് പലതവണ തറയില്‍ അടിച്ചുമാണ് അവര്‍ ഭുവനേശ്വരനെ മര്‍ദ്ദിച്ചത്. ജനാല വഴി ചാടി നിലത്തു വീണ എനിക്ക് അപ്പോള്‍ ഭുവനേശ്വരന്റെ ജീവന് വേണ്ടിയുള്ള നിലവിളി കേള്‍ക്കാമായിരുന്നു. ഏഴ് ദിവസം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അബോധാവസ്ഥയില്‍ കിടന്നശേഷമാണ് ഭുവനേശ്വരന്‍ മരിക്കുന്നത്. അല്ലാതെ പന്തളം കോളജിന്റെ മുകളില്‍നിന്ന് വീണു മരിക്കുകയായിരുന്നില്ല.. ഭുവനേശ്വരന് പകരം എന്നെയാണ് കിട്ടിയിരുന്നതെങ്കില്‍ അവര്‍ എന്നെത്തന്നെ കൊല്ലുമായിരുന്നു.
നുറുകണക്കിന് ആളുകളെ പ്രതി ചേര്‍ത്തെടുത്ത കേസില്‍ ആരെയും ശിക്ഷിച്ചില്ല. കരുണാകരന്റെ കാലമാണത്. അന്ന് മര്‍ദനത്തിനിരയായിട്ടും ഞങ്ങള്‍ എട്ട് എസ്.എഫ്.ഐക്കാരെ അന്ന് കോളജില്‍ നിന്ന് പുറത്താക്കി. അന്ന് കേസില്‍ പ്രതികളായിരുന്നവരില്‍ മിക്കവരും ഇപ്പോള്‍ ആര്‍.എസ്.എസുകാരും ബി.ജെ.പിക്കാരുമാണ്. ഏതാനും പേര്‍ കോണ്‍ഗ്രസുകാരായുണ്ട്....
എന്തായാലും, ജി. സുധാകരന്റെ വാക്കുകള്‍ സി.പി.ഐ.എം നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
