ടിവി കാണുന്നതിനിടെ വാക്കുതര്‍ക്കം; ബിയര്‍ കുപ്പി പൊട്ടിച്ച് ഡ്രൈവറെ കൊലപ്പെടുത്തി; സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് അറസ്റ്റില്‍; യുവാവ് കേരളത്തിലും തമിഴ്നാട്ടിലും ആയി 28 ക്രിമിനല്‍ കേസുകളിലെ പ്രതി

Update: 2025-04-02 05:26 GMT

കോയമ്പത്തൂര്‍: ടിവി കാണുന്നതിനിടെ ഉണ്ടായ തര്‍ക്കം രൂക്ഷമായിതിനെ തുടര്‍ന്ന് ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍. ആലുവ മുപ്പത്തടം എരമം പരങ്ങാട്ടി പറമ്പില്‍ ജെ. ഷിയാസ് (35) എന്നയാളെയാണ് കോയമ്പത്തൂര്‍ സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കുപ്പി പൊട്ടിച്ച് ഡ്രൈവറെ കുത്തികൊലപ്പെടുത്തുകയായിരുന്നു.

മാര്‍ച്ച് 25ന് രാത്രി 11 മണിയോടെ, പോത്തന്നൂര്‍-ചെട്ടിപാളയം റോഡിലെ ഹാര്‍ഡ്വെയര്‍ ഷോപ്പിന്റെ വിശ്രമമുറിയില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഡിണ്ടിഗല്‍ മണിയാറമ്പട്ടി സ്വദേശി ആര്‍. ആറുമുഖം (35) ആണ് കൊല്ലപ്പെട്ടത്. ടിവി കാണുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കം മര്‍ദനത്തിലേക്ക് നീങ്ങിയതോടെ, ഷിയാസ് ബിയര്‍ കുപ്പി പൊട്ടിച്ച് ആറുമുഖത്തിന് കുത്തി. കുത്തേറ്റു തലയിലും വയറിലും ഗുരുതരമായി പരുക്കേറ്റ ആറുമുഖത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹത്യയ്ക്ക് ശേഷം സംഭവസ്ഥലത്തുനിന്ന് ഒളിച്ചോടിയ ഷിയാസിനെ പിടികൂടാനായി മൂന്ന് പ്രത്യേക അന്വേഷണസംഘങ്ങളാണ് രൂപീകരിച്ചത്. നീണ്ട അന്വേഷണത്തിന് ശേഷമാണ് ചൊവ്വാഴ്ച ആലുവയില്‍ വച്ച് രാമനാഥപുരം പൊലീസ് സബ് ഇന്‍സ്പെക്ടര്‍ വസന്തകുമാറും ഹെഡ് കോണ്‍സ്റ്റബിള്മാരായ വിജയകുമാറും പ്രകാശും ഉള്‍പ്പെട്ട സംഘമെത്തി പ്രതിയെ പിടികൂടിയത്.

പോലീസ് നടത്തിയ പരിശോധനയില്‍ കേരളത്തിലും തമിഴ്നാട്ടിലും ആയി പ്രതിക്കെതിരെ 28 ക്രിമിനല്‍ കേസുകള്‍ ഉള്ളതായി കണ്ടെത്തി. നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഷിയാസിനെ ചോദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News