ജമ്മു-കശ്മീരിലെ പൂഞ്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്ക് സൈന്യം; ഇന്ത്യന്‍ സൈന്യത്തിന് നേരെ വെടിവെപ്പ്; ശക്തമായി തിരിച്ചടിച്ച് സൈന്യം; കത്വയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു-കശ്മീരിലെ പൂഞ്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്ക് സൈന്യം

Update: 2025-04-02 09:47 GMT

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്ക് സൈന്യം. കഴിഞ്ഞ ദിവസം പൂഞ്ചിലെ കെജി സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യത്തിന്റെ കൃഷ്ണ ഘാട്ടി ബ്രിഗേഡിന്റെ കീഴിലുള്ള നാന്‍ഗി ടെക്രി ബറ്റാലിയനിലെ സൈന്യം ശക്തമായി തിരിച്ചടിച്ചു.

ഏപ്രില്‍ ഒന്നിന് കൃഷ്ണ ഘാട്ടി മേഖലയില്‍ പാക്കിസ്ഥാന്‍ സൈന്യം പട്രോളിങ് നടത്തുന്നതിനിടെ കുഴിബോംബ് സ്ഫോടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്ക് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് നേരെ വെടിവെപ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യം ഫലപ്രദമായി തിരച്ചടിക്കുകയും ചെയ്തു. സാഹചര്യം ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. സംഭവത്തില്‍ ഇരുഭാഗത്തും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം നിയന്ത്രണ രേഖയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ഇരുരാജ്യങ്ങളിലേയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയക്ടര്‍ ജനറലുകള്‍ തമ്മിലുള്ള ഉടമ്പടി തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതത് പ്രധാനമാണെന്ന് ഇന്ത്യന്‍ സൈന്യം ആവര്‍ത്തിച്ചു. ആക്രമത്തിലേക്ക് നയിച്ചേക്കാവുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളിലേയും സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ 2021-ല്‍ ധാരണയായിരുന്നു. നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും സമ്മതിച്ച ഇരുപക്ഷവും വെടിനിര്‍ത്തലിനും സമ്മതിച്ചിരുന്നു.

കഴിഞ്ഞ പത്ത് ദിവസമായി കശ്മീരിലെ കത്വയില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന വെടിയവയ്പ്പില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചിരുന്നു. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കത്വയിലെ പഞ്ച്തീര്‍ത്തി പ്രദേശത്താണ് ഇന്ത്യന്‍ സൈന്യം, ജമ്മു കശ്മീര്‍ പൊലീസ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്) എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍ നടക്കുന്നത്.

ഒരു ഭീകരനു പരുക്കേറ്റതായും വിവരമുണ്ട്. സുരക്ഷാ സേന ഈ മേഖലയില്‍ നടത്തുന്ന തിരച്ചില്‍ 10 ദിവസം പിന്നിട്ടു. രണ്ട് ഭീകരര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. 4 പൊലീസുകാരും വീരമൃത്യു വരിച്ചു.

പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയ ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് സഫിയാന്‍ വനമേഖലയിലെത്തിയത്. രാംകോട്ടില്‍ 3 പേരുടെ സാന്നിധ്യം കഴിഞ്ഞദിവസം കണ്ടെത്തിയതോടെയാണ് ഇവിടെ തിരച്ചില്‍ ഊര്‍ജിതമാക്കിയത്. കഴിഞ്ഞദിവസം ഹീരാനഗറിലെ സന്യാല്‍ ഗ്രാമത്തില്‍ ഏറ്റുമുട്ടലില്‍ 2 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. 3 പേര്‍ കടന്നുകളഞ്ഞു. ജുതാനയില്‍ രാജ്ബഗ് സ്റ്റേഷന്‍ പരിധിയില്‍ ഏറ്റുമുട്ടലില്‍ 2 ഭീകരരും കൊല്ലപ്പെട്ടു.

Tags:    

Similar News