ഒരു മാസം മുമ്പ് അച്ഛന്റെ കൈ തല്ലി ഒടിച്ചു; രണ്ടു ദിവസം മുമ്പ് അച്ഛനേയും അമ്മയേയും മര്‍ദ്ദിച്ച് അവശരാക്കി; സഹികെട്ട് പോലീസില്‍ പരാതി പറഞ്ഞിട്ടും അതിവേഗ നടപടിയുണ്ടായില്ല; പരാതിക്ക് പ്രതികാരമായി തൊണ്ണൂറു കഴിഞ്ഞ മതാപിതാക്കളെ പച്ചയ്ക്ക് കത്തിച്ച് കൊന്ന് മകന്‍; മാന്നാറിലെ വൃദ്ധദമ്പതികള്‍ നൊമ്പരമാകുമ്പോള്‍; പ്രശ്‌ന കാരണം സ്വത്ത് മോഹം

Update: 2025-02-01 03:31 GMT

ആലപ്പുഴ : ആലപ്പുഴ മാന്നാറില്‍ വീടിന് തീ പിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പുറത്തു വരുന്നതും ഞെട്ടിക്കുന്ന വിവരങ്ങള്‍. മകന്‍ വിജയന്‍ പോലീസ് കസ്റ്റഡിയിലുണ്ട്. വിജയന്‍ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ സ്ഥിരമായി വധഭീഷണി മുഴക്കിയിരുന്നുവെന്ന് വൃദ്ധ ദമ്പതികളുടെ കൊച്ചുമകന്‍ വിഷ്ണു പ്രതികരിച്ചു.

മകനെതിരെ പോലീസില്‍ നാട്ടുകാരും പഞ്ചായത്ത് മെമ്പറും അടക്കം പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടികള്‍ എടുക്കാന്‍ വൈകി. പരാതിയില്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ വിജയനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകോപനവുമായി. ഇതാണ് വീടിന് തീ ഇടാന്‍ കാരണം. പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍. പരാതി കിട്ടിയപ്പോള്‍ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു.

സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്നും രണ്ട് ദിവസം മുമ്പും വിജയന്‍ മാതാപിതാക്കളെ മര്‍ദിച്ചിരുന്നുവെന്നും വിഷ്ണു പറയുന്നു. ആലപ്പുഴ മാന്നാറില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92), ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പോലീസില്‍ പരാതി നല്‍കിയതിലെ പ്രതികാരമാണ് ഇതിന് പിന്നില്‍. ഈ ദമ്പതികളുടെ മറ്റു മക്കളേയും മകന്‍ പിണക്കി നിര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ ആരും വിജയനെ പേടിച്ച് ഇങ്ങോട്ട് വരില്ലായിരുന്നുവെന്നാണ് സൂചന.

വീട് കത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ മകനെ കസ്റ്റഡിയില്‍ എടുത്തു. പെട്രോള്‍ ഒഴിച്ച് വീടിന് തീയിട്ടുവെന്നാണ് പോലീസിനോട് ഇയാള്‍ പറഞ്ഞത്. ഫോറന്‍സിക് പരിശോധന അടക്കം നിര്‍ണ്ണായകമാകും. അയല്‍വാസികളുടെയടക്കം മൊഴിയെടുത്ത് വരികയാണ് പോലീസ്. മകന്‍ വിജയനൊപ്പമാണ് ദമ്പതികള്‍ താമസിച്ചിരുന്നത്.സ്വത്തുമായി ബന്ധപ്പെട്ട് വിജയനും മാതാപിതാക്കളും തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പും വിജയന്‍ വൃദ്ധ ദമ്പതികളെ മര്‍ദിച്ച് അവശരാക്കിയിരുന്നു.

കഴിഞ്ഞമാസം പിതാവ് രാഘവന്റെ കൈ മകന്‍ വിജയന്‍ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും മകന്‍ ഉപദ്രവിച്ചതായി രാഘവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് മകന്‍ വിജയനോട് പോലീസ് സ്റ്റേഷനില്‍ എത്തണമെന്ന് അറിയിച്ചിരുന്നു. ഇന്നലെ രാത്രിയില്‍ മകന്‍ വിജയന്‍ വീട്ടിലുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞു. നാട്ടുകാരാണ് തീപിടിത്തം ആദ്യം അറിഞ്ഞ് സ്ഥലത്തെത്തിയത്. പിന്നീട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

താമസിയാതെ തന്നെ മകനെ പിടികൂടുകയും ചെയ്തു. ഇയാളാണ് വീടിന് തീ വെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

Tags:    

Similar News