മിഹിര്‍ ജീവനൊടുക്കിയതില്‍ ദുരൂഹതയെന്ന് പിതാവ്; അപ്പാര്‍ട്‌മെന്റില്‍ എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല; മകന്‍ തന്നോട് പ്രശ്‌നങ്ങളൊന്നും പറഞ്ഞിരുന്നില്ല; സ്‌കൂളില്‍ നിന്നും സന്തോഷവാനായി വന്ന മിഹിര്‍ അരമണിക്കൂര്‍ കഴിഞ്ഞ് ജീവന്‍ അവസാനിപ്പിച്ചു എന്നത് സംശയത്തിന് ഇടയാക്കുന്നു: പോലീസില്‍ പിതാവിന്റെ പരാതി

മിഹിര്‍ ജീവനൊടുക്കിയതില്‍ ദുരൂഹതയെന്ന് പിതാവ്

Update: 2025-02-06 08:19 GMT

തൃപ്പൂണിത്തുറ: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ അന്വേഷം തുടരവേ സ്‌കൂളിലെ പ്രശ്‌നങ്ങള്ക്ക് അപ്പുറത്തേക്ക് എന്തെങ്കിലും വിഷയമുണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി പിതാവ് രംഗത്ത്. മിഹിറിന്റെ മറണത്തില്‍ ദുരുഹതയുണ്ടെന്നാമ് പിതാവ് തിരൂര്‍ സ്വദേശി ഷെഫീഖ് മാടമ്പാട്ട് ആരോപിക്കുന്നത്.

ഖത്തറില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഹില്‍പാലസ് പൊലീസില്‍ ജനുവരി 21ന് നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. ജനുവരി 15ന് വൈകീട്ട് മൂന്നിന് സന്തോഷവാനായി സ്‌കൂളില്‍നിന്ന് അപ്പാര്‍ട്‌മെന്റില്‍ എത്തിയ മിഹിര്‍ ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞ് ഒരു പ്രകോപനവുമില്ലാതെ ജീവന്‍ അവസാനിപ്പിച്ചു എന്നു പറയുന്നത് സംശയത്തിനിടയാക്കുന്നു.

സഹപാഠികളുമായി കശപിശ ഉണ്ടായി എന്നും അത് ചോദ്യം ചെയ്ത മനോവിഷമത്തില്‍ ജീവനൊടുക്കിയെന്നും വിശ്വസിക്കാന്‍ പ്രയാസമാണ്. മിഹിര്‍ സന്തോഷവാനും മാനസികമായി കരുത്തുള്ളവനുമായിരുന്നു. സ്‌കൂളില്‍നിന്ന് എത്തിയതിനു ശേഷവും മരിക്കുന്നതിനും ഇടയില്‍ എന്താണ് അവിടെ സംഭവിച്ചതെന്നും ഈ സമയം ആരെല്ലാം അപ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നുവെന്നതും വ്യക്തമല്ല.

ഇത് വിശദമായി അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. ഫോണിലൂടെയും കമ്പ്യൂട്ടര്‍ ചാറ്റിങ്ങിലൂടെയും താനുമായി സ്ഥിരമായി ആശയവിനിമയം നടത്താറുള്ള മകന് ഏതെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതായി ഒരിക്കലും പറഞ്ഞിരുന്നില്ല. മിഹിറിന് അപകടം സംഭവിച്ചെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെത്തിയ തന്നോട് മകന്‍ ചോയ്‌സ് പാരഡൈസ് കെട്ടിടത്തിന്റെ 26-ാം നിലയില്‍ നിന്ന് വൈകീട്ട് 3.30 ഓടെ താഴേക്ക് ചാടി ജീവന്‍ അവസാനിപ്പിച്ചതായി അറിയിച്ചതായും നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കല്പറ്റ മുട്ടില്‍ ജുമാ മസ്ജിദില്‍ ഖബറടക്കം നടത്തിയതായും പരാതിയില്‍ പറയുന്നു.

മാതാവ് റജ്നക്കും രണ്ടാനച്ഛന്‍ സലീമിനും ഒപ്പം തൃപ്പൂണിത്തുറയിലെ ചോയ്‌സ് പാരഡൈസ് എന്ന അപ്പാര്‍ട്‌മെന്റിലാണ് മിഹിര്‍ താമസിച്ചിരുന്നത്. അതേസമയം മിഹിര്‍ ഫ്ലാറ്റില്‍നിന്നു ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇതില്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമായതായി അന്വേഷണ സംഘം പറഞ്ഞു.

മിഹിര്‍ മരിക്കുന്നതിന്റെ തലേന്ന് സ്‌കൂളില്‍ മറ്റൊരു കുട്ടിയെ രണ്ട് കുട്ടികള്‍ ചേര്‍ന്നു മര്‍ദിക്കുകയും ആ കുട്ടിയുടെ മൂക്കില്‍നിന്ന് രക്തം വരുകയും ചെയ്തെന്നും മിഹിര്‍ ഇത് നോക്കി നിന്നിരുന്നുവെന്നും അറിയാനായതായി പോലീസ് പറഞ്ഞു. വീണു പരിക്കേറ്റു എന്നു പറഞ്ഞാണ് മറ്റ് കുട്ടികള്‍ പരിക്കേറ്റ കുട്ടിക്ക് സ്‌കൂളില്‍നിന്നു മരുന്നുവെപ്പിച്ചത്.

എന്നാല്‍, സ്‌കൂളധികൃതര്‍ക്ക് സംശയം തോന്നിയതിനാല്‍ ബന്ധപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെ പിറ്റേന്ന് സ്‌കൂളിലേക്ക് വിളിപ്പിച്ചിരുന്നു. മിഹിറിന്റെ രക്ഷിതാവും എത്തിയിരുന്നു. ആ മീറ്റിങ്ങിനു ശേഷം വിഷാദവാനായ മിഹിറിനെ സ്‌കൂളില്‍ സഹപാഠിയായ ഒരു കുട്ടി തോളില്‍ തട്ടി ആശ്വസിപ്പിക്കുന്നതായ ദൃശ്യങ്ങളും ഉണ്ടെന്ന് പോലീസ് പറഞ്ഞു.

അന്ന് വൈകീട്ട് സ്‌കൂളില്‍നിന്നു തൃപ്പൂണിത്തുറയിലെ താമസസ്ഥലത്തെത്തിയ ശേഷം മിഹിര്‍ ഫോണ്‍ വിളിച്ചിട്ടുണ്ടെന്നും അതിനുശേഷമാണ് ഫ്ലാറ്റ് സമുച്ചയത്തില്‍നിന്നു ചാടിയതെന്നും അന്വേഷണ സംഘം പറഞ്ഞു. അതേസമയം നിലവില്‍ പഠിച്ചിരുന്ന സ്‌കൂളില്‍നിന്നു മാറാന്‍ മിഹിര്‍ ആഗ്രഹിച്ചിരുന്നതായും വിവരമുണ്ട്. കഴിഞ്ഞ മാസം 13-ന് കൊടൈക്കനാലിലെ സ്‌കൂളില്‍ ചേരാനായി മിഹിര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയായിരുന്നു ഇതെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അന്വേഷഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹില്‍പ്പാലസ് ഇന്‍സ്പെക്ടര്‍ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags:    

Similar News