സോളാറിന്റെ പേരില്‍ തട്ടിപ്പു നടന്ന കേരളത്തില്‍ അടുത്ത തട്ടിപ്പ് കാറ്റാടി വൈദ്യുതിയുടെ പേരില്‍; വ്യാജ ആപ്ലിക്കേഷന്‍ വഴി കേരളത്തില്‍ നിന്നും കവര്‍ന്നത് 500 കോടിയോളം രൂപ; മണിചെയിന്‍ രീതിയില്‍ നിക്ഷേപകരെ കൂട്ടി പണം തട്ടിയെടുത്തു; സര്‍ക്കാര്‍ അനുമതിയും സബ്‌സിഡിയും ഉണ്ടെന്ന വ്യാജ സര്‍ട്ടിഫിക്കറ്റില്‍ വിശ്വസിച്ചവര്‍ പെട്ടത് വന്‍ കെണിയില്‍

സോളാറിന്റെ പേരില്‍ തട്ടിപ്പു നടന്ന കേരളത്തില്‍ അടുത്ത തട്ടിപ്പ് കാറ്റാടി വൈദ്യുതിയുടെ പേരില്‍

Update: 2025-05-21 01:02 GMT

തൃശ്ശൂര്‍: സോളാറിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പുകള്‍ നടന്ന കേരളത്തില്‍ മറ്റൊരു വന്‍ തട്ടിപ്പു കൂടി പുറത്തേക്ക്. കാറ്റാടിപ്പാട വൈദ്യുതി നിക്ഷേപ പദ്ധതിയെന്ന പേരില്‍ വ്യജ അപ്ലിക്കേസന്‍ വഴി തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്നും കവര്‍ന്നത് 500 കോടിയോളം രൂപയാണ്. കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരമുണ്ടെന്ന വ്യാജേനയാണ് തട്ടിപ്പു നടത്തിയത്. തട്ടിപ്പുകാര്‍ കാണിച്ച വ്യാജ സര്‍ട്ടിഫിക്കറ്റില്‍ വിശ്വസിച്ചവരാണ് വന്‍ കെണിയില്‍ പെട്ടു പോയത്.

കേരളത്തിലെ പതിനായിരക്കണക്കിന് നിക്ഷേപകരാണ് വഞ്ചിതരായത്. ജപ്പാനിലും ജര്‍മനിയിലും സത്പേരുള്ള കാറ്റാടിപ്പാട വൈദ്യുത കമ്പനിയുടെ സമാനമായ പേരുപയോഗിച്ചായിരുന്നു തട്ടിപ്പ്. പദ്ധതിക്ക് ഇന്ത്യാ സര്‍ക്കാരിന്റെ അനുമതിയും സബ്‌സിഡിയുമുണ്ടെന്നുമുള്ള വ്യാജ സര്‍ട്ടിഫിക്കറ്റും കാണിച്ചു. ഈ കമ്പനിയുടെ പേരില്‍ ആപ്പുണ്ടാക്കി മണിചെയിന്‍ രീതിയില്‍ നിക്ഷേപകരെ കൂട്ടി. ഇതിനുപുറമേ ഒരോ ജില്ലയ്ക്കുമായി വാട്‌സാപ്പ് ഗ്രൂപ്പുമുണ്ടാക്കി.

എല്ലാം തട്ടിപ്പുകളുടെയും മാതൃകയില്‍ തുടക്കത്തില്‍ നിക്ഷേപകര്‍ക്ക് പണം ലാഭമെന്ന പേരില്‍ നല്‍കി വിശ്വാസ്യത നേടി. പിന്നീട് കൂടുതല്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. ഒരു വര്‍ഷം മുന്‍പേ ആരംഭിച്ച തട്ടിപ്പില്‍ ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് വന്‍ തുക ലാഭയിനത്തില്‍ തിരികെ നല്‍കിയിരുന്നു. അതോടെ നിക്ഷേപകര്‍ കൂടി. പുതിയ നിക്ഷേപകരെ കണ്ടെത്തുന്നവര്‍ക്കും വലിയ നിക്ഷേപം നടത്തുന്നവര്‍ക്കും വലിയ പാരിതോഷികങ്ങള്‍ പണമായും നല്‍കി. എല്ലാ ഇടപാടും ഓണ്‍ലൈന്‍ വഴിയായിരുന്നു. മണി ചെയിന്‍ മോഡലിലാണ് തട്ടിപ്പു നടന്നത്.

ഫെബ്രുവരി 21 മുതല്‍ തട്ടിപ്പുകാര്‍ ലാഭവിഹിതം ഉയര്‍ത്തി. അതോടെ നിക്ഷേപം അതിവേഗതതില്‍ എത്തുകയായിരുന്നു. ഏപ്രില്‍ 10-ന് ആപ്പിലൂടെയുള്ള ലാഭവിഹിത വിതരണം നിലച്ചു. എന്നാല്‍ നിക്ഷേപം നടത്താനും സാധിച്ചു. അതേവരെ, നിക്ഷേപകര്‍ക്ക് ലാഭയിനത്തില്‍ പിന്‍വലിക്കാനാകുന്ന തുകയുടെ പരിധി ഒരു ലക്ഷത്തില്‍നിന്ന് മൂന്നുലക്ഷമാക്കാനുള്ള മാറ്റങ്ങളുടെ ഭാഗമായാണ് പണം പിന്‍വലിക്കാനാകാത്തതെന്നും ഏപ്രില്‍ 21-ന് പ്രവര്‍ത്തനം ശരിയാകുമെന്നുമാണ് നിക്ഷേപകരെ അറിയിച്ചത്. എന്നാല്‍ ഏപ്രില്‍ 21-ന് ആപ്പിന്റെ പ്രവര്‍ത്തനം പാടേ നിലച്ചു.

തട്ടിപ്പുകാര്‍ ഉണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പരാതിപ്പെട്ടവര്‍ക്ക് കിട്ടിയ മറുപടി,സ്വന്തം നഗ്‌നചിത്രങ്ങള്‍ അയച്ചാല്‍ പണം തരാമെന്നതായിരുന്നു. അതോടെ പരാതികളെത്തി. പരാതികളില്‍ അന്വേഷണം നടത്തിയ പോലീസ് കണ്ടെത്തിയത് ഈ തട്ടിപ്പുകാര്‍ കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും സമാനമായ തട്ടിപ്പ് ഇതേ കാലയളവില്‍ നടത്തിയെന്നാണ്. വടക്കേ ഇന്ത്യ േകന്ദ്രീകരിച്ചാണ് തട്ടിപ്പെന്ന് സൂചന കിട്ടി. തട്ടിപ്പിനിരയായവര്‍ നല്‍കിയ യുപിഐ വിവര പ്രകാരം തട്ടിപ്പുകാരുടെ അക്കൗണ്ടുകള്‍ ഒരു പരിധി വരെ പോലീസിന് പ്രവര്‍ത്തനരഹിതമാക്കാനായി.

എന്നാല്‍ ഈ അക്കൗണ്ടുകളില്‍ പണം തീരെ കുറവാണ്. തട്ടിപ്പുകാരുടെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കുന്നതോടൊപ്പം ഇതിലേക്ക് ഇടപാട് നടത്തിയവരുടെ അക്കൗണ്ടും പ്രവര്‍ത്തന രഹിതമാക്കുന്ന രീതിയില്‍ ആപ്പുവഴി സജ്ജീകരിച്ചിരുന്നു. കേരളത്തിലെ തീരദേശ മേഖല കേന്ദ്രീകരിച്ച് സാധാരണക്കാരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയത്.

Tags:    

Similar News