ഭാര്യയെയും മകനെയും മര്‍ദ്ദിച്ചു; പോലീസില്‍ പരാതി നല്‍കിയതോടെ രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു; പിന്നാലെ ട്രെയിന്‍ തട്ടി മരിച്ച് അമ്മയും മകനും; സംഭവം ഓച്ചിറയില്‍
കൊല്ലം: കൊല്ലത്ത് അമ്മയും മകനും ട്രെയിന്‍ തട്ടി മരിച്ചു. ശാസ്താംകോട്ട കാരാളിമുക്ക് വേങ്ങ പ്രവണത്തില്‍ വസന്ത (65), മകന്‍ ശ്യാം (45) എന്നിവരാണ് മരിച്ചത്. ഓച്ചിറ റെയില്‍വേ സ്റ്റേഷന് വടക്ക് ഭാഗത്ത് ജനശതാബ്ദി ട്രെയിന്‍ തട്ടി രണ്ട് പേരും മരിക്കുകയായിരുന്നു. മൃതദേഹം മനസ്സിലാക്കാന്‍ പറ്റാത്ത വിധത്തില്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കോയമ്പത്തൂരില്‍ ജോലി ചെയ്തിരുന്ന ശ്യാം ഇന്നലെയാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ഭാര്യയെയും മകനെയും മര്‍ദ്ദിച്ചിരുന്നു. ഇവര്‍ ശ്യാം മര്‍ദ്ദിച്ച വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതി പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്ന് തന്നെ പോലീസ് സ്ഥലത്ത് എത്തിയിരുന്നു. പിറ്റേന്ന് ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനില്‍ പത്ത് മണിക്ക് എത്തണമെന്നും പോലീസ് പറഞ്ഞിരുന്നു. രണ്ട് പേരും സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞിരുന്നു. പോലീസ് പറഞ്ഞ പ്രകാരം പ്രമീള സ്റ്റേഷനില്‍ എത്തിയെങ്കിലും ശ്യം എത്തിയില്ല. ഇവര്‍ വെളുപ്പിനെ നാലിന് വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നു. ശ്യാമിനെ വിളിച്ച് നോക്കിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞിരുന്നത്. തുടര്‍ന്ന പ്രമീള അമ്മയെ വിളിച്ചപ്പോള്‍ അടുത്ത ഓണം വരെ ഞങ്ങള്‍ ഒരിടം വരെ പോകുകയാണെന്നും തിരക്കേണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. പിന്നെ ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.
തുടര്‍ന്നാണ് പോലീസിന് ട്രെയിന്‍ തട്ടി മരിച്ച വിവരം അറിയുന്നത്. സംഭവത്തില്‍ സംശയം തോന്നിയ പോലീസ് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് ഇവരാണ് മരിച്ചതെന്ന് മനസ്സിലായത്. ഇവരുടെ ഫോണും ചിന്നി ചിതറിയ നിലയില്‍ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു സിംകാര്‍ഡ് പൊലീസ് കയ്യിലുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് സംഭവത്തിന് പിന്നിലെന്ന് സൂചന. നാട്ടില്‍ വര്‍ക്ക്ഷോപ്പ് നടത്തിയിരുന്ന ശ്യാം സാമ്പത്തിക ബാധ്യത മൂലം കോയമ്പത്തൂരിലേക്ക് മാറിയെങ്കിലും അവിടുത്തെ സ്ഥാപനവും നഷ്ടത്തിലായിരുന്നുവെന്ന് വിവരം. ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.