'സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് എ. പത്മകുമാറും എന്‍. വാസുവും കണ്ടു; ഇവര്‍ തിരുത്താത്തത് കൊണ്ടാണ് മഹസറിലും ചെമ്പന്നെഴുതിയത്'; ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കി മുരാരി ബാബുവിന്റെ മൊഴി; കൂടുതല്‍ തെളിവുകള്‍ തേടി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലേക്ക്

'സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് എ. പത്മകുമാറും എന്‍. വാസുവും കണ്ടു

Update: 2025-10-24 04:38 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കി മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ മൊഴി. സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറും എന്‍. വാസുവും കണ്ടെന്നാണ് മൊഴി. ഇവര്‍ തിരുത്താത്തത് കൊണ്ടാണ് മഹസറിലും ചെമ്പന്നെഴുതിയതെന്ന് വിശദീകരണം. ഇതോടെ ദേവസ്വം ബോര്‍ഡിലെ രാഷ്ട്രീയ കേന്ദ്രങ്ങളിലേക്കും അന്വേഷണം നീളുകയാണ്.

ഗൂഢാലോചനയുടെ ഭാഗമായിട്ടല്ല ചെമ്പ് എന്ന് രേഖപ്പെടുത്തിയതെന്നാണ് വിശദീകരണം. ദേവസ്വം ഭരണസമിതി അടക്കം ഇത് കണ്ടിട്ടും തിരുത്തിയില്ലെന്നും മുരാരി ബാബുവിന്റെ മൊഴിയില്‍ പറയുന്നു. സ്വര്‍ണ്ണത്തെ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍ കണ്ടിരുന്നുവെന്ന് മുരാരി ബാബു മൊഴി നല്‍കി. ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും കണ്ടു. ആരും തിരുത്താതിരുന്നതിനാലാണ് ചെമ്പെന്ന് മഹസറിലും രേഖപ്പെടുത്തിയത്.

ഗൂഢാലോചനയുടെ ഭാഗമല്ല ഇതെന്നും മുരാരി ബാബു വെളിപ്പെടുത്തി. ചെമ്പ് പാളിയിലാണ് സ്വര്‍ണം പൂശിയത്. കാലപ്പഴക്കത്താല്‍ പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞു. അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത്. സ്വര്‍ണക്കൊള്ളയെ കുറിച്ച് അറിയില്ലെന്നും മുരാരി ബാബു പറഞ്ഞു. ഇതോടെ, സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ഉന്നതര്‍ക്കെതിരെയുളള കുരുക്ക് മുറുകിയിരിക്കുകയാണ്. നിലവിലെ ബോര്‍ഡിന്റെ ഇടപെടല്‍ സഹിതം അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവ്.

കഴിഞ്ഞ ദിവസമാണ് മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് മുരാരി ബാബു. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് പെരുന്നയിലെ വീട്ടില്‍ നിന്ന് എസ്ഐടി സംഘം മുരാരി ബാബുവിനെ കസ്റ്റഡിയില്‍ എടുത്തത്. സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയ വിവാദ കാലയളവിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു.

പോറ്റിക്ക് സ്വര്‍ണം കടത്താന്‍ എല്ലാ ഒത്താശയും ചെയ്ത സംഘത്തിലെ പ്രധാനിയാണ് മുരാരി ബാബു. 2019ല്‍ ശബരിമലയിലെ ദ്വാരപാലക പാളികളിലെ സ്വര്‍ണം കവര്‍ന്ന കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. 1998ല്‍ ശ്രീകോവിലിലും ദ്വാരപാലക പാളികളിലും സ്വര്‍ണം പതിച്ചത് അറിയാമായിരുന്ന മുരാരി ബാബു 2019ലും 2024 ലും ഇത് ചെമ്പെന്ന് രേഖകളില്‍ എഴുതി.

സ്വര്‍ണക്കൊള്ളക്ക് വഴിതെളിച്ച നിര്‍ണ്ണായക ആസൂത്രണത്തിന് പിന്നില്‍ മുരാരി ബാബുവാണെന്നാണ് ദേവസ്വം വിജിലിന്‍സിന്റെയും എസ്‌ഐടിയുടെയും കണ്ടെത്തല്‍. പാളികള്‍ പോറ്റിയുടെ കൈവശം തന്നെ കൊടുത്ത് വിടാന്‍ അനുവദിക്കണമെന്ന കുറിപ്പ് ദേവസ്വം ബോര്‍ഡിന് നല്‍കിയതും മുരാരി ബാബുവാണ്.

അതിനിടെ ശബരിമലയിലെ സ്വര്‍ണ്ണക്കൊളളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിവേക്ക് കൊണ്ടുപോയി. പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇന്ന് പുലര്‍ച്ചെയോടെയാണ് റോഡുമാര്‍ഗം പുറപ്പെട്ടത്. ബംഗളൂരുവില്‍ തെളിവെടുപ്പ് നടത്തിയതിനുശേഷം ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും കൊണ്ടുപോകും. സ്വര്‍ണപ്പാളികള്‍ മൂന്ന് സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ച് പണസമ്പാദിച്ചതായുളള വിവരങ്ങളും പുറത്തുവന്നിരുന്നു.

ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് തെളിവെടുപ്പിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം ഇപ്പോള്‍ കൊണ്ടുപോയിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറിന് റാന്നി ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോടതിയിലെ അടച്ചിട്ട മുറിയില്‍ വീഡിയോയില്‍ പകര്‍ത്തിയായിരുന്നു വിചാരണ. ഇന്നലെ കോടതി സമയം കഴിഞ്ഞതിനാല്‍ ഇന്ന് രാവിലെ പ്രൊഡക്ഷന്‍ വാറണ്ടില്‍ പ്രതിയെ വീണ്ടും ഹാജരാക്കേണ്ട തീയതി പ്രഖ്യാപിക്കും.

ആ ദിവസം അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. കൂട്ടുത്തരവാദികളെ കണ്ടെത്താനും ഓരോരുത്തരുടേയും പങ്ക് അറിയാനും പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്ന് പൊലീസ് ഇന്നലെ അറിയിച്ചു. അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റം നടന്നോയെന്നും പരിശോധിക്കും. വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് കോടതിയിലെത്തിച്ചത്. നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഹാജരാക്കിയപ്പോള്‍ ചെരുപ്പേറ് നടന്നിരുന്നു.

Tags:    

Similar News