'കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല, വെടിയുതിർത്തത് ഒറ്റത്തവണ മാത്രം'; ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറു വർഷമായി ജയിലിൽ; ഭാര്യ വീട്ടിലേക്ക് വരാത്തതിലുള്ള ദേഷ്യമാണ് വെടിയുതിർക്കാൻ കാരണമായതെന്ന് കാട്ടി ജാമ്യഹർജി; പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി

Update: 2025-08-27 09:22 GMT

ന്യൂഡൽഹി: ഭർതൃഗൃഹത്തിലേക്ക് വരാത്തതിലുള്ള ദേഷ്യത്താലാണ് ഭാര്യയെ വെടിവെച്ചതെന്ന പ്രതിയുടെ വാദം തള്ളി ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചു. ഇത്തരം വാദങ്ങൾ പുരുഷാധിപത്യ മനോഭാവത്തിൽ നിന്നുളളതാണെന്നും ദാമ്പത്യബന്ധത്തിൻ്റെ പേരിൽ ഇളവുകൾ നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഗാർഹിക പീഡനത്തിൻ്റെ ഭാഗമായുള്ള വധശ്രമ കേസുകൾ ഗൗരവമായി കാണണമെന്നും കോടതി നിരീക്ഷിച്ചു.

2018-ൽ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറു വർഷമായി ജയിലിൽ കഴിയുന്ന പ്രതിയാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇതിനുമുമ്പും ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹശേഷം പ്രതിക്ക് എയിഡ്സ് രോഗമുണ്ടെന്ന് മനസ്സിലാക്കിയ ഭാര്യ ഇയാളോടൊപ്പം താമസിക്കാൻ തയ്യാറായിരുന്നില്ല. ഇത് സംബന്ധിച്ച് ഇവർക്കിടയിൽ തർക്കങ്ങളുണ്ടായിരുന്നു.

സംഭവ ദിവസം പ്രതി ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിലെത്തി അവളെ വീട്ടിലേക്ക് വരാൻ നിർബന്ധിച്ചു. എന്നാൽ ഭാര്യ ഇതിന് വിസമ്മതിച്ചപ്പോൾ കയ്യിൽ കരുതിയിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് വയറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഈ ആക്രമണത്തിൽ ഭാര്യയ്ക്ക് നാല് ശസ്ത്രക്രിയകളും ഒരു മാസത്തെ ആശുപത്രിവാസവും വേണ്ടിവന്നു.

കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഒറ്റത്തവണ മാത്രമാണ് വെടിയുതിർത്തതെന്നും ഭാര്യ വീട്ടിലേക്ക് വരാത്തതിലുള്ള ദേഷ്യമാണ് ഇതിന് പിന്നിലെന്നുമാണ് പ്രതിയുടെ വാദം. എന്നാൽ ഈ വാദങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കോടതി കടുത്ത ഭാഷയിൽ വ്യക്തമാക്കി. കേസിൽ 32 സാക്ഷികളിൽ 24 പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Tags:    

Similar News