'ഞാൻ ഇവളെ കൊല്ലാൻ പോവുകയാണ്, നീ ഇത് റെക്കോർഡ് ചെയ്തോ'; ഭാര്യാസഹോദരനോട് ഫോണിൽ കൊലവിളി; പിന്നാലെ കേട്ടത് 27കാരിയുടെ നിലവിളി; സ്വാറ്റ് കമാൻഡോയെ ഡംബെൽ ഉപയോഗിച്ച് കൊലപ്പെടുത്തിയ 'സൈക്കോ' ഭർത്താവ് കുടുങ്ങിയത് ഇങ്ങനെ

Update: 2026-01-29 10:37 GMT

ഗാസിയാബാദ്: ഡൽഹി പോലീസിലെ സ്വാറ്റ് കമാൻഡോയായ 27-കാരി കാജലിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ആഴ്ച ഭർത്താവിന്റെ ക്രൂരമർദ്ദനത്തിനിരയായ കാജൽ ചൊവ്വാഴ്ച ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. കുടുംബപ്രശ്നങ്ങളെയും സ്ത്രീധനത്തെയും ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് അങ്കുർ ചൗധരി (28) ഡംബെൽ ഉപയോഗിച്ച് കാജലിനെ ആക്രമിക്കുകയായിരുന്നു.

ജനുവരി 22-ന് രാത്രി 10 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭർത്താവായ അങ്കുർ കാജലിന്റെ സഹോദരൻ നിഖിലിനെ വിളിച്ച് ഭാര്യ തന്നോട് വഴക്കിടുകയാണെന്ന് പറഞ്ഞു. സഹോദരനോട് കാര്യം വിശദീകരിക്കാൻ കാജൽ ഫോൺ വാങ്ങിയെങ്കിലും അങ്കുർ അത് തട്ടിപ്പറിച്ചു. "ഞാൻ നിന്റെ പെങ്ങളെ കൊല്ലാൻ പോവുകയാണ്, തെളിവായി നീ ഈ സംഭാഷണം റെക്കോർഡ് ചെയ്തോ" എന്ന് നിഖിലിനോട് പറഞ്ഞ ശേഷം അങ്കുർ കാജലിനെ ആക്രമിക്കുകയായിരുന്നു. നിഖിൽ ഫോണിലൂടെ കാജലിന്റെ നിലവിളി കേട്ടെങ്കിലും ഉടൻ തന്നെ കോൾ കട്ടായി.

അഞ്ച് മിനിറ്റിന് ശേഷം വീണ്ടും വിളിച്ച അങ്കുർ, താൻ കാജലിനെ കൊന്നെന്നും വന്ന് മൃതദേഹം കൊണ്ടുപോയ്‌ക്കോളാനും നിഖിലിനോട് പറഞ്ഞു. നിഖിൽ അർദ്ധരാത്രിയോടെ ഡൽഹിയിലെത്തി. അപ്പോഴേക്കും അങ്കുറിന്റെ വീട്ടുകാർ സ്ഥലത്തെത്തുകയും കാജലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കാജലിന്റെ തലച്ചോറിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. ഡംബെൽ കൊണ്ട് തലയ്ക്ക് അടിച്ചതിനൊപ്പം കാജലിന്റെ തല വാതിലിന്റെ ഫ്രെയിമിലിട്ട് ഇടിക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹിയിലെ ആശുപത്രിയിൽ നിന്ന് പിന്നീട് ഗാസിയാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയ കാജൽ ജനുവരി 27-ന് പുലർച്ചെ 6 മണിയോടെ മരണപ്പെട്ടു.

ഹരിയാനയിലെ ഗനൗർ സ്വദേശിയായ കാജൽ 2022-ലാണ് ഡൽഹി പോലീസിൽ കോൺസ്റ്റബിളായി ചേർന്നത്. കഠിനമായ കമാൻഡോ പരിശീലനത്തിന് ശേഷം സ്പെഷ്യൽ സെല്ലിന്റെ സ്വാറ്റ് യൂണിറ്റിൽ നിയമിതയായി. കാജലിന്റെ സഹോദരൻ നിഖിലും ഡൽഹി പോലീസിൽ കോൺസ്റ്റബിളാണ്. 2023 നവംബറിലായിരുന്നു അങ്കുറും കാജലും തമ്മിലുള്ള പ്രണയവിവാഹം. ഇവർക്ക് ഒന്നര വയസ്സുള്ള ഒരു മകനുണ്ട്. സംഭവദിവസം തന്നെ പോലീസ് പ്രതിയായ അങ്കുർ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകശ്രമത്തിന് എടുത്ത കേസ് കാജലിന്റെ മരണത്തോടെ കൊലപാതകക്കുറ്റമാക്കി മാറ്റിയിട്ടുണ്ടെന്ന് സ്പെഷ്യൽ പോലീസ് കമ്മീഷണർ മധുപ് തിവാരി അറിയിച്ചു.

Tags:    

Similar News