റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ കനത്ത കടബാധ്യത; ഭാര്യയുടെ പേരിലുള്ള സ്വത്ത് വിൽക്കാൻ വീട്ടുകാർ തടഞ്ഞത് വൈരാഗ്യമായി; തലയിണക്കടിയിൽ വെട്ടുകത്തി ഒളിപ്പിച്ചു; വാക്കുതർക്കത്തിനിടെ ഭാര്യയെ വെട്ടി കൊലപ്പെടുത്തി; ക്രൂരതയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി ഭർത്താവ്

Update: 2025-08-18 14:53 GMT

മൈസൂരു: കടം വീട്ടാനായി തന്റെ പേരിലുള്ള സ്വത്ത് വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഹെബ്ബാളിലെ മഹാദേശ്വരനഗർ സ്വദേശിനി ഗായത്രി (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് പാപണ്ണയെ (64) വിജയനഗർ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ പാപണ്ണയ്ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. കടബാധ്യത തീർക്കാൻ ഗായത്രിയുടെ പേരിലുള്ള ഭൂമി വിൽക്കാൻ ഇയാൾ തീരുമാനിച്ചു. എന്നാൽ ഗായത്രിയും മക്കളും ഇതിനെ ശക്തമായി എതിർത്തതോടെ കുടുംബത്തിൽ വഴക്ക് പതിവായി. ഭാര്യയെ വകവരുത്താൻ പാപണ്ണ നേരത്തെ പദ്ധതിയിട്ടിരുന്നതായും ഇതിനായി വെട്ടുകത്തി തലയിണക്കടിയിൽ ഒളിപ്പിച്ചു വെച്ചിരുന്നതായും പൊലീസ് അറിയിച്ചു.

ഉച്ചഭക്ഷണത്തിന് ശേഷം മക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. സ്വത്ത് വിൽപനയെച്ചൊല്ലി ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാവുകയും പ്രകോപിതനായ പാപണ്ണ ഒളിപ്പിച്ചുവെച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഗായത്രിയെ ആക്രമിക്കുകയുമായിരുന്നു. തലയിലും നെഞ്ചിലും വയറ്റിലും പലതവണ വെട്ടേറ്റ ഗായത്രി തൽക്ഷണം മരിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം പാപണ്ണ നേരെ വിജയനഗർ പൊലീസ് സ്റ്റേഷനിലെത്തി ഇൻസ്പെക്ടർ എസ്.ഡി. സുരേഷ് കുമാറിന് മുന്നിൽ കീഴടങ്ങി കുറ്റം സമ്മതിച്ചു.

പൊലീസ് കൊലപാതകത്തിന് കേസെടുത്ത് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗായത്രിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മൈസൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി. സിറ്റി പൊലീസ് കമ്മീഷണർ സീമ ലട്കർ, ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്. സുന്ദർ രാജ്, എ.സി.പി രവിപ്രസാദ് എന്നിവരടങ്ങുന്ന ഉന്നത പൊലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News