'ഭക്ഷണം തരില്ല.. ചോദിച്ചാൽ ഭിക്ഷ യാചിക്കാൻ പറയും'; പരാതിപ്പെട്ടാൽ ഉറക്കത്തിൽ കൊല്ലുമെന്നും ഭീക്ഷണി; ജീവിതം മടുത്തു; സ്വത്തിനായി മാതാപിതാക്കളോട് മക്കൾ കാണിച്ചത് കൊടും ക്രൂരത; പിന്നാലെ വൃദ്ധ ദമ്പതികൾ മരിച്ച നിലയിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി...!

Update: 2024-10-11 11:25 GMT

ജയ്പൂർ: സ്വത്തിന്റെ പേരിൽ മക്കളുടെ ക്രൂരമായ മാനസിക പീഡനത്തിന് പിന്നാലെ വൃദ്ധ ദമ്പതികൾ മരിച്ച നിലയിൽ. ശേഷം മക്കൾ തങ്ങളോട് ചെയ്ത ക്രൂരത മാതാപിതാക്കൾ എഴുതി വീടിന്‍റെ ചുവരിൽ ഒട്ടിക്കുകയും ചെയ്തു. രാജസ്ഥാനിലെ ജയ്‌പ്പുരിലാണ് സംഭവം നടന്നത്. വീട്ടിലെ വാട്ടർ ടാങ്കിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

രാജസ്ഥാനിലെ നഗൗറിൽ താമസിച്ചിരുന്ന 70 കാരനായ ഹസാരിറാം ബിഷ്‌ണോയിയുടെയും 68 കാരിയായ ഭാര്യ ചവാലി ദേവിയുടെയും മൃതദേഹം വീട്ടിലുള്ള വാട്ടർ ടാങ്കിൽ നിന്നാണ് കണ്ടെടുത്തത്. ദമ്പതികൾക്ക് നാല് മക്കളുണ്ട്- രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും. രണ്ട് പേജുള്ള കുറിപ്പിൽ മക്കളും മരുമക്കളും തങ്ങളെ മർദിച്ചിരുന്നുവെന്ന് മാതപിതാക്കൾ കത്തിൽ പറയുന്നു.

നേരെ ഭക്ഷണം നൽകിയില്ല. ചിലപ്പോഴൊക്കെ പാത്രമെടുത്ത് ഭിക്ഷ യാചിക്കാൻ പറയും. പുറത്ത് പറയുകയോ പരാതിപ്പെടാനോ പോയാൽ ഉറക്കത്തിൽ കൊന്നുകളയുമെന്ന് ഭീഷണി ഉണ്ടായിരുന്നുവെന്നും ദമ്പതികൾ കുറിപ്പിൽ വെളിപ്പെടുത്തുന്നു.

മാതാപിതാക്കളുടെ പേരിലുള്ള എല്ലാ സ്വത്തും മക്കൾക്ക് എഴുതി നൽകണമെന്ന് പറഞ്ഞായിരുന്നു പീഡനമെന്ന് കുറിപ്പിൽ ഉണ്ട്. മകൻ രാജേന്ദ്ര, ഭാര്യ റോഷ്‌നി, മകൻ സുനിൽ, ഭാര്യ അനിത, പെൺമക്കളായ മഞ്ജു, സുനിത എന്നിവരുടെ പേരുകൾ കുറിപ്പിൽ പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളെ പറ്റിച്ച് മൂന്ന് സ്ഥലങ്ങളുടെയും കാറിന്‍റെയും ഉടമസ്ഥാവകാശം മക്കൾ സ്വന്തമാക്കി.

അതിനു ശേഷം ഭക്ഷണം പോലും നൽകിയില്ല. വ്യാഴാഴ്ചയാണ് ഇരുവരുടെയും മൃതദേഹം ടാങ്കിൽ നിന്നും കണ്ടെത്തിയത്. വീടിന്‍റെ താക്കോൽ ഹസാരിറാമിന്‍റെ പോക്കറ്റിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയെന്ന് എസ് പി നാരായണ്‍ തോഗസ് വ്യക്തമാക്കി.

സംഭവത്തിൽ ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ദമ്പതികൾ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വ്യക്തമാക്കി.

Tags:    

Similar News