മാതാവിന്റെ വിവാഹമോചന കേസ് നടത്താന്‍ എത്തിയ ഹൈക്കോടതി അഭിഭാഷകന്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; വിവരം കിട്ടിയ പിതാവ് ചൈല്‍ഡ് ലൈനിനെ അറിയിച്ചു; പരാതി പൂഴ്ത്തി കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി: അഭിഭാഷകനെതിരേ പോക്സോ കേസ് എടുത്ത് പോലീസ്

Update: 2024-12-21 08:01 GMT

പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകനെതിരേ പോക്സോ കേസ് എടുത്ത് പോലീസ്. ആലപ്പുഴ ജില്ലക്കാരനായ അഭിഭാഷകനെതിരേ കോന്നി പോലീസാണ് കേസെടുത്തത്. പീഡനം നടന്നത് ആറന്മുള സ്റ്റേഷന്റെ പരിധിയില്‍ ആയതിനാല്‍ അവിടേക്ക് കേസ് അവിടേക്ക് കൈമാറി. പീഡനത്തിന് ഒത്താശ ചെയ്തതിന് പെണ്‍കുട്ടിയുടെ പിതൃസഹോദരിക്ക് എതിരേയും കേസുണ്ട്.

എറണാകുളം, കോഴഞ്ചേരി, കുമ്പഴ എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് പീഡനം നടന്നത്. മൂന്നു വര്‍ഷമായി പീഡനം തുടരുന്നു. കഴിഞ്ഞ മേയ് മാസമാണ് അവസാനം പീഡനം നടന്നത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 17 വയസ് മാത്രമാണുള്ളത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ വിവാഹമോചനത്തിന് കോടതിയില്‍ കേസ് നടന്നിരുന്നു. മാതാവിന്റെ കേസ് നടത്തിയിരുന്നത് ഈ അഭിഭാഷകന്‍ ആയിരുന്നു. വിവാഹ മോചനം അനുവദിച്ചതിനാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞു ജീവിക്കുകയാണ്.

അഭിഭാഷകന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ പെണ്‍കുട്ടിയുടെ പിതാവാണ് വിവരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയില്‍ അറിയിച്ചത്. എന്നാല്‍, ഈ വിവരം ഇവിടെ ചിലര്‍ പൂഴ്ത്തിയെന്ന് പറയുന്നു. പരാതിയില്‍ നടപടി വൈകിയത് വിവാദമായതോടെ വിവരം കോന്നി പോലീസില്‍ അറിയിക്കുകയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. മൊഴി അനുസരിച്ച് പെണ്‍കുട്ടിയെ പീഡനം നടന്ന ഹോട്ടലുകളില്‍ എത്തിച്ച് തെളിവെടുത്തു.

പിതൃസഹോദരിയുടെ അറിവോടെയായിരുന്നു പീഡനമെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അവരെ രണ്ടാം പ്രതിയാക്കിയത്. കുട്ടി നിലവില്‍ സിഡബ്ല്യൂസിയുടെ സംരക്ഷണ കേന്ദ്രത്തിലാണ്.

Tags:    

Similar News