മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ മൃതദേഹം; ഭര്‍ത്താവിന്റെ മൊഴിയില്‍ വൈരുധ്യം; കിടപ്പുമുറിയില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകം; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് അറസ്റ്റില്‍

കിടപ്പുമുറിയില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകം

Update: 2025-01-21 18:24 GMT

കൊച്ചി: എറണാകുളം പട്ടിമറ്റത്ത് വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സ്ത്രീയുടെ മരണം കൊലപാതകമെന്ന് വ്യക്തമായതോടെയാണ് ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പട്ടിമറ്റം ചേലക്കുളം പൂച്ചക്കുഴി വെള്ളേക്കാട്ട് വീട്ടില്‍ നിഷ(38)യാണ് കൊല്ലപ്പെട്ടത്. നിഷയുടെ ഭര്‍ത്താവ് നാസറിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നിഷയെ വീടിന്റെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. നാസറാണ് നിഷ മരിച്ച കാര്യം അയല്‍വാസികളെ അറിയിക്കുന്നത്. പിന്നാലെ പോലീസെത്തി. നാസറിന്റെ മൊഴിയില്‍ വൈരുധ്യങ്ങള്‍ കണ്ടതോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഉറങ്ങിക്കിടന്ന നിഷയെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭര്‍ത്താവ് നാസര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

രാവിലെ എട്ടുമണിയോടെയാണ് പൂച്ചക്കുഴി വെള്ളേക്കാട്ട് വീട്ടില്‍ നാസര്‍ അയല്‍വീട്ടില്‍ എത്തിയത്. കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ വിളിച്ചിട്ട് എഴുനേല്‍ക്കുന്നില്ലെന്നും എന്തോ കുഴപ്പമുണ്ടെന്നും പറഞ്ഞു. അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് 38 വയസുകാരിയായ നിഷ മരിച്ചുകിടക്കുകയാണെന്ന് മനസിലായത്. മൂക്കിലൂടെ രക്തവും വന്നിരുന്നു. കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് കിട്ടിയത്. രാത്രിയില്‍ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചതെന്നും രണ്ടുമണിക്കാണ് ഉറങ്ങിയതെന്നും ഇയാള്‍ ആദ്യം പറഞ്ഞെങ്കിലും തുടര്‍ ചോദ്യം ചെയ്യലുകളില്‍ മൊഴി മാറ്റിക്കൊണ്ടേയിരുന്നു. ഇതിനിടെ കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടവും നടത്തി. ശ്വാസം മുട്ടിച്ചുകൊന്നതാണെന്ന് മെഡിക്കല്‍ കോളജില്‍ പ്രാഥമിക അറിയിപ്പും വന്നു.

ഇതോടെയാണ് ഭര്‍ത്താവ് നാസറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തത്. രാത്രി 2നും നാലിനും ഇടയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി. ഉറങ്ങിക്കിടന്ന ഭാര്യയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി. പിന്നാലെ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. സംഭവ സമയം രണ്ടുമക്കളും വീട്ടിലുണ്ടായിരുന്നില്ല. പിതാവ് ഇടയ്ക്കിടെ അക്രമസാകതനാകുന്ന പതിവുണ്ടായിരുന്നെന്ന് മക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

Tags:    

Similar News