'ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്'; വിദ്യാര്‍ഥി മാപ്പുപറഞ്ഞതോടെ ക്ഷമിക്കുന്നതായി അധ്യാപകനും; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചേക്കും
പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചേക്കും
പാലക്കാട്: സ്‌കൂളില്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിനു പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിദ്യാര്‍ഥി മാപ്പ് ചോദിച്ചതോടെ സസ്‌പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചേക്കും. വിദ്യാര്‍ഥിയോട് ക്ഷമിച്ചുവെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് ഉള്‍പ്പെടെ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി ശിവന്‍കുട്ടി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അധ്യാപകര്‍ പകര്‍ത്തിയ ദൃശ്യം വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് കൈമാറിയിരുന്നുവെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് അധ്യാപകരല്ലെന്നും പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ അറിയിച്ചു.
താന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും അപ്പോഴത്തെ ആവേശം കൊണ്ട് പറഞ്ഞു പോയതാണെന്നും വിദ്യാര്‍ഥി പറഞ്ഞതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. രക്ഷിതാക്കള്‍ എന്തു പറയുമെന്ന ആശങ്ക ഉള്ളതുകൊണ്ടാണ് അങ്ങനെ സംസാരിക്കേണ്ടി വന്നതെന്നാണ് വിദ്യാര്‍ഥിയുടെ വിശദീകരണം. സംഭവത്തില്‍ വിദ്യാര്‍ഥി മാപ്പുപറഞ്ഞതോടെ ക്ഷമിക്കുന്നതായി അധ്യാപകനും വ്യക്തമാക്കി. ഇതോടെ കുട്ടിക്കെതിരെ സസ്പെന്‍ഷന്‍ അടക്കമുള്ള നടപടിയിലേക്ക് കടക്കില്ലെന്നും കുട്ടിക്ക് തുടര്‍ന്നും സ്‌കൂളില്‍ പഠിക്കാന്‍ സാധിച്ചേക്കുമെന്നും ആണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ നേരത്തെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന് കര്‍ശന നിര്‍ദേശമുള്ളതാണ്. ഇത് ലംഘിച്ചാണ് വിദ്യാര്‍ഥി മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടു വന്നത്. പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ അധ്യാപകന്‍ പ്രധാന അധ്യാപകനെ ഏല്‍പ്പിച്ചു. മൊബൈന്‍ ഫോണ്‍ തിരികെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രധാന അധ്യാപകന് മുന്നില്‍ വിദ്യാര്‍ഥിയുടെ കൊലവിളി. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവന്‍ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി.
ദൃശ്യങ്ങള്‍ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകന്‍ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകന്‍ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കി.
വിഡിയോ എടുത്ത അധ്യാപകരുടെ നടപടിയില്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. വെറും പതിനാറോ, പതിനേഴോ മാത്രം പ്രായമുള്ള വിദ്യാര്‍ഥിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ അധ്യാപകര്‍ പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് വിമര്‍ശനം. വെള്ളിയാഴ്ചയാണു സംഭവമുണ്ടായതെങ്കിലും ചൊവ്വാഴ്ച വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ദൃശ്യങ്ങള്‍ പുറത്തായതിനു പിന്നാലെ വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചതിന്റെ പേരിലായിരുന്നു പ്രിന്‍സിപ്പലിനു നേരെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വധഭീഷണി.