ഇതൊരു പാര്‍ട്ടി ദൗത്യം; പോരാട്ടം കോണ്‍ഗ്രസും സി പി എമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെ; കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

Update: 2026-03-16 15:28 GMT

ന്യൂഡല്‍ഹി: കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യമാണെന്നും ഒരു പ്രത്യേക മിഷനുമായാണ് താന്‍ കേരളത്തിലേക്ക് എത്തുന്നതെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കാഞ്ഞിരപ്പള്ളിയില്‍ ബി ജെ പിക്ക് നിലവില്‍ വലിയ അനുകൂല സാഹചര്യമാണുള്ളതെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. നാളെ കേരളത്തിലെത്തുമെന്നും മണ്ഡലത്തില്‍ സജീവമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും കുര്യന്‍ വ്യക്തമാക്കി.

കേരളത്തില്‍ കോണ്‍ഗ്രസും സി പി എമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെയാണ് തന്റെ പോരാട്ടമെന്നും മത്സരം പ്രധാനമായും ഇന്ത്യ സഖ്യത്തിനെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം തന്നെയാണ് കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് സമാധാനത്തോടെയും സുരക്ഷിതമായും ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യം നിലനില്‍ക്കുന്നത് ഇന്ത്യയില്‍ മാത്രമാണെന്നും അത് സംരക്ഷിക്കാന്‍ ബി ജെ പിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യ കേരളത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെ രംഗത്തിറക്കിയിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ക്രൈസ്തവ മേഖലകളില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര നേതൃത്വം ഇത്തരമൊരു തീരുമാനം. ഇന്ന് ഉച്ചയോടെയാണ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചത്. 47 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ തന്നെ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, ബേപ്പൂരില്‍ കെ പി പ്രകാശ് ബാബു, കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരന്‍, തൃശൂരില്‍ പത്മജ, ഒറ്റപ്പാലത്ത് മേജര്‍ രവി എന്നിവരും മത്സരിക്കും. ബാക്കി സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നാളെയും മറ്റന്നാളുമായി പ്രഖ്യാപിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Similar News