പത്മകുമാറിനെ തൊടാന്‍ പേടിച്ച് സി.പി.എം! ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അച്ചടക്ക നടപടി 'ഫ്രീസറില്‍'; പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയെങ്കിലും പുറത്താക്കില്ല; കുറ്റപത്രം വരും വരെ സംരക്ഷണം തുടരും
പത്മകുമാറിനെ തൊടാന്‍ പേടിച്ച് സി.പി.എം!
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിക്കൂട്ടിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ തള്ളാനും കൊള്ളാനുമാവാതെ സി.പി.എം വലയുന്നു. പത്മകുമാറിനെതിരെ ഉടന്‍ കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്ന പ്രതീക്ഷിച്ചവര്‍ക്ക് തിരിച്ചടിയായി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം നീട്ടിവെച്ചു. നിലവില്‍ എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തുമെങ്കിലും, ഔദ്യോഗികമായി പുറത്താക്കുന്ന കാര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ കാത്തിരിക്കാനാണ് പാര്‍ട്ടി തീരുമാനം.
സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പത്മകുമാര്‍ നല്‍കിയ വിശദീകരണം സമഗ്രമായി പരിശോധിച്ച ശേഷമാണ് യോഗം ഈ നിലപാടിലെത്തിയത്. പത്മകുമാറിനെ പാര്‍ട്ടി പദവികളില്‍ നിന്ന് പൂര്‍ണ്ണമായി നീക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പാര്‍ട്ടി നടപടി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
നേരത്തെ, കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ കുറ്റപത്രം വന്നതിന് ശേഷമേ പത്മകുമാറിനെതിരായ നടപടി സംബന്ധിച്ച് തീരുമാനമെടുക്കൂ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിശദീകരണം തേടി നോട്ടീസ് അയച്ചപ്പോള്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പത്മകുമാര്‍ മറുപടി നല്‍കിയിരുന്നു.
കേസില്‍ അറസ്റ്റിലായി 105 ദിവസത്തിന് ശേഷമാണ് പത്മകുമാറിന് ജാമ്യം ലഭിച്ചത്. ശബരിമല കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്‍പ്പ കേസ് എന്നിങ്ങനെ രണ്ട് കേസുകളിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
സ്വര്‍ണ്ണപ്പാളികള്‍ മാറ്റി പകരം ചെമ്പാക്കി രേഖയുണ്ടാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും സംഘത്തിനും സ്വര്‍ണ്ണക്കൊള്ളയ്ക്ക് അവസരമൊരുക്കി എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന വിശദീകരണമാണ് പത്മകുമാര്‍ പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്നത്. എം.വി. ഗോവിന്ദന്‍ അടക്കമുള്ള സംസ്ഥാന നേതാക്കള്‍ കുറ്റപത്രം വരട്ടെ എന്ന നിലപാട് സ്വീകരിച്ചതോടെ പത്മകുമാറിന് തല്‍ക്കാലം ആശ്വാസമായിരിക്കുകയാണ്.
