പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെ കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി! തളിപറമ്പില്‍ വിമത നീക്കവുമായി മുതിര്‍ന്ന നേതാവ്; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ മത്സരത്തിന് ഒരുങ്ങുന്നു; പാര്‍ട്ടി ഗ്രാമമായ മലപ്പട്ടത്തെ നേതാവ് നിലവില്‍ ഹാന്‍വീവ് ചെയര്‍മാന്‍; സൈബറിടത്തിലും സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രതിഷേധം ശക്തം
തളിപറമ്പില്‍ വിമത നീക്കവുമായി മുതിര്‍ന്ന നേതാവ്;
കണ്ണൂര്‍: തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്യാമളക്കെതിരെ വിമതനീക്കം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ മത്സരത്തിനൊരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന സിപിഎം അംഗം പാര്‍ട്ടിവിട്ട് മത്സരിക്കാന്‍ ഒരുങ്ങുകയാണ്. പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കടുത്ത എതിര്‍പ്പ് ആണ് ഉയരുമ്പോഴാണ് ഈ നീക്കം. ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ജില്ലാ കമ്മിറ്റി യോഗത്തില്‍ അദ്ദേഹം എതിര്‍പ്പ് ഉന്നയിച്ചിരുന്നു. അതിനിടെയാണ് വിമതനീക്കം നടക്കുന്നത്.
സ്ഥാനാര്‍ത്ഥി ചര്‍ച്ചക്ക് പിന്നാലെ പാര്‍ട്ടി യോഗങ്ങളില്‍ ടി കെ.ഗോവിന്ദന്‍ പങ്കെടുത്തിരുന്നില്ല. ഒരാഴ്ച പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയായിരുന്നു. മണ്ഡലം കമ്മിറ്റി യോഗത്തില്‍ നിന്നും തുടര്‍ച്ചയായി ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. കടുത്ത എതിര്‍പ്പും അസംതൃപ്തിയും തളിപ്പറമ്പിലിലെ പാര്‍ട്ടിയില്‍ ശക്തമാകുന്നതോടെ വിമതനീക്കം കോണ്‍ഗ്രസ് നേത്യത്വം നിരീക്ഷിക്കുകയാണ്. തളിപ്പറമ്പിലെ ഇപ്പോഴത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പെട്ടെന്ന് തീരുമാനിക്കണ്ടയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
പാര്‍ട്ടി ഗ്രാമമായ മലപ്പട്ടത്തെ നേതാവ് കൂടിയാണ് ടി കെ ഗോവിന്ദന്‍. നിലവില്‍ കൈത്തറി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാണ്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി ചെയര്‍മാനായിരുന്നു. ശ്രീകണ്ഠപുരം, മയ്യില്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ തുടക്കം മുതല്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. അതേസമയം മണ്ഡലത്തിന്‌റെ ചുമതല മുതിര്‍ന്ന നേതാവ് പി ജയരാജനെയാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്.
ഇന്നലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ പി.കെ. ശ്യാമളയുടെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പ്രത്യേകം പങ്കുവെച്ച് സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ രംഗത്തുവന്നിരുന്നു. 'തളിപ്പറമ്പില്‍ പ്രിയ സഖാവ് ശ്യാമള ടീച്ചര്‍...' എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. ഇതിന് താഴെ പാര്‍ട്ടി അണികളടക്കമുള്ളവര്‍ സ്ഥാനാര്‍ഥിക്കെതിരെ രൂക്ഷമായ കമന്റുകള്‍ നിറയുകയാണ്.
പാര്‍ട്ടിക്കകത്തും പുറത്തും സമൂഹമാധ്യമങ്ങളിലും ഉയര്‍ന്ന എതിര്‍പ്പുകള്‍ വകവെക്കാതെയാണ് ശ്യാമളയെ തളിപ്പറമ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയാക്കിയത്. ഈ രോഷം പ്രകടിപ്പിക്കാന്‍ പരോക്ഷമായ നീക്കമാണ് ഫേസ്ബുക്കിലൂടെ പി. ജയരാജന്‍ നടത്തിയതെന്നും വിമര്‍ശനമുയരുന്നുണ്ട്. കണ്ണൂരിലെ എട്ട് സി.പി.എം സ്ഥാനാര്‍ഥികളുടെയും ചിത്രങ്ങള്‍ അടങ്ങിയ ഒരു പോസ്റ്റര്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പി.കെ. ശ്യാമളയുടെ മാത്രം പോസ്റ്റര്‍ പ്രത്യേകം പോസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയന്റെയോ ശൈലജ ടീച്ചറുടെയോ സ്വന്തം മണ്ഡലമായ തലശ്ശേരിയിലെ സ്ഥാനാര്‍ഥി കാരായി രാജന്റെയോ പോസ്റ്റര്‍ പോലും ജയരാജന്‍ ഇങ്ങനെ പങ്കുവെച്ചിട്ടില്ല. പിണറായി വിജയന്‍ (ധര്‍മടം), കെ.കെ. ശൈലജ (പേരാവൂര്‍), വി.കെ. സനോജ് (മട്ടന്നൂര്‍), ടി.ഐ. മധുസൂദനന്‍ (പയ്യന്നൂര്‍), എം. വിജിന്‍ (കല്യാശ്ശേരി), കെ.വി. സുമേഷ് (അഴീക്കോട്), പി.കെ. ശ്യാമള (തളിപ്പറമ്പ്), കാരായി രാജന്‍ (തലശ്ശേരി) എന്നിവരാണ് കണ്ണൂരിലെ സി.പി.എം സ്ഥാനാര്‍ഥികള്‍.
3100ലേറെ കമന്റുകളില്‍ ഭൂരിഭാഗവും ശ്യാമളക്കെതിരാണ്. 'തളിപ്പറമ്പ് കയ്യില്‍ നിന്നും പോയിക്കിട്ടി. നാണമില്ലേ ഈ റിസര്‍വേഷന്‍ സിസ്റ്റം..... കമ്മ്യൂണിസ്‌റ് പാര്‍ട്ടിയെ നാണം കെടുത്താന്‍.....', പി.കെ ശ്യാമള മോശക്കാരിയാണന്ന് എനിക്ക് അഭിപ്രായമില്ല. പക്ഷെ ഇത് ഈ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ ധാര്‍മ്മികതക്ക് നിരക്കുന്നതല്ല. സാക്ഷാല്‍ പി.ജെ. എം സുരേന്ദ്രന്‍ എന്‍.സുകന്യ എന്നിവര്‍ക്ക് എന്ത് കൊണ്ട് ചാന്‍സ് കിട്ടിയില്ല', 'സാജനെ ഓര്‍ത്തുകൊണ്ടായിരിക്കും ഓരോ വോട്ടറും അവിടെ വോട്ട് ചെയ്യുക', 'പാര്‍ട്ടി ജയിക്കും.. ഇവര്‍ തോല്‍ക്കും' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ അന്നത്തെ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളക്ക് വീഴ്ചപറ്റിയെന്ന് പി. ജയരാജന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ആന്തൂരില്‍ പാര്‍ട്ടിയുടെ വിശദീകരണ പൊതുയോഗത്തില്‍ പി.കെ. ശ്യാമളയെ വേദിയിലിരുത്തിയാണ് അദ്ദേഹം തള്ളിപ്പറഞ്ഞത്. ഈ കാര്യങ്ങള്‍ തന്നെ പിന്നീട് ഒരുവാരികക്ക് നല്‍കിയ അഭിമുഖത്തിലും ആവര്‍ത്തിച്ചിരുന്നു. 'ഒരു നിക്ഷേപകനെ ദ്രോഹിക്കുന്ന നടപടി സെക്രട്ടറി, എന്‍ജിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ സ്വീകരിച്ചതിനാലാണ് സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുത്തത്.
കെട്ടിടനിര്‍മാണചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും മറ്റും ഉദ്യോഗസ്ഥരാണ്. എന്നാല്‍, സി.പി.എമ്മിന്റെ ജില്ല കമ്മിറ്റി അംഗം കൂടിയായ ശ്യാമളയാണ് അവിടത്തെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍. അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്' -എന്നായിരുന്നു ജയരാജന്റെ വിമര്‍ശനം.
നേരത്തെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും എം.വി. ജയരാജനെ ഇവിടേക്ക് പരിഗണിക്കുന്നുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം തള്ളിയാണ് ഇന്നലെ എം.വി. ഗോവിന്ദന്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. ഇതോടൊപ്പം ഉറച്ച സീറ്റായ മട്ടന്നൂരില്‍നിന്ന് കെ.കെ. ശൈലജയെ വെട്ടി, പേരാവൂരിലേക്ക് മാറ്റുകയും ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജക്ക് പകരം മട്ടന്നൂരിലേക്കെത്തുന്നത് താരതമ്യേന ജൂനിയറായ വി.കെ. സനോജാണ്.
നേരത്തെ, സിപിഎം കോട്ടയായ പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിലെ സ്ഥാനാര്‍ഥി ടി.ഐ മധുസൂദനനെ അംഗീകരിക്കാനാവില്ലെന്ന കര്‍ശന നിലപാടിലാണ് അദ്ദേഹം. പാര്‍ട്ടിക്കുള്ളില്‍ താന്‍ നേരത്തെ ഉയര്‍ത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ തുടര്‍ച്ചയായാണ് ഈ തെരഞ്ഞെടുപ്പ് എന്ന് അദ്ദേഹം വ്യക്തമാക്കി.
ടി.ഐ മധുസൂദനനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ കുഞ്ഞികൃഷ്ണന്‍, അദ്ദേഹത്തെ ഒരു ഇടതുപക്ഷക്കാരനായി കാണാന്‍ കഴിയില്ലെന്ന് തുറന്നടിച്ചു. ഒരു ബൂര്‍ഷ്വാ രാഷ്ട്രീയക്കാരന്റെ ശൈലിയാണ് മധുസൂദനന്റേതെന്നും, രക്തസാക്ഷി ഫണ്ടില്‍ പോലും വെട്ടിപ്പ് നടത്തിയ ഒരാളെ ഇടതുപക്ഷത്തിന്റെ പ്രതിനിധിയായി അംഗീകരിക്കാന്‍ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിക്കെതിരെയുള്ള പോരാട്ടം പാര്‍ട്ടിക്കകത്ത് നിന്ന് ഇനി പുറത്തേക്ക് വ്യാപിപ്പിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ സ്ഥാനാര്‍ഥിത്വം ഇടതുപക്ഷത്തിന് എതിരെയല്ലെന്ന് കുഞ്ഞികൃഷ്ണന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. സിപിഎമ്മിനെ മാഫിയാ സംഘങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കുക എന്ന വലിയ ലക്ഷ്യമാണ് തനിക്കുള്ളത്. പാര്‍ട്ടിയും ഇടതുപക്ഷവും പരാജയപ്പെടരുത് എന്ന ആഗ്രഹമുള്ളതുകൊണ്ടാണ് താന്‍ ഈ പോരാട്ടത്തിന് മുതിരുന്നത്. പാര്‍ട്ടി അനുഭാവികളുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് സ്വതന്ത്രനായി നില്‍ക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
