ടി.കെ.ഗോവിന്ദന്‍ വര്‍ഗ വഞ്ചകന്‍! പി. ജയരാജനെയും ശൈലജ ടീച്ചറെയും ഒതുക്കിയെന്ന വാദം പച്ചക്കള്ളം; പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ എം.വി. ഗോവിന്ദന് യാതൊരു പങ്കുമില്ല; രൂക്ഷ വിമര്‍ശനവുമായി എം.വി.ജയരാജന്‍

ടി.കെ.ഗോവിന്ദന്‍ വര്‍ഗ വഞ്ചകന്‍!

Update: 2026-03-16 15:05 GMT

കണ്ണൂര്‍: പാര്‍ട്ടിക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിക്കുകയും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് യു.ഡി.എഫ്. പിന്തുണ തേടുകയും ചെയ്ത സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദനെ 'വര്‍ഗ വഞ്ചകന്‍' എന്ന് വിളിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍ രംഗത്ത്. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടി.കെ. ഗോവിന്ദനെതിരെ രൂക്ഷമായ വിമര്‍ശനം എം.വി. ജയരാജന്‍ ഉന്നയിച്ചത്.

പാര്‍ട്ടിയെ വഞ്ചിക്കരുതെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടും കണ്ണൂരിലെത്തി വാര്‍ത്താസമ്മേളനം നടത്തി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനും യു.ഡി.എഫ്. പിന്തുണ തേടാനുമുള്ള ടി.കെ. ഗോവിന്ദന്റെ നീക്കം പാര്‍ട്ടിയോടുള്ള വഞ്ചനയാണെന്ന് എം.വി. ജയരാജന്‍ ആരോപിച്ചു. ഇത്തരം വഞ്ചകര്‍ക്കെതിരെ ജനങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ഒതുക്കുന്നുവെന്ന ടി.കെ. ഗോവിന്ദന്റെ ആരോപണങ്ങളെ എം.വി. ജയരാജന്‍ തള്ളി. പി. ജയരാജനെ ഒതുക്കി വടകരയില്‍ മത്സരിപ്പിച്ചു, കെ.കെ. ശൈലജ ടീച്ചറെ മട്ടന്നൂരില്‍നിന്ന് മാറ്റി തുടങ്ങിയ വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെയും കണ്ണൂരില്‍ മത്സരിപ്പിച്ചത് ഒതുക്കാനാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ശരിയല്ലെന്നും, താന്‍ രണ്ട് തവണ എം.എല്‍.എ ആയതും കണ്ണൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചതുമൊന്നും ഒതുക്കലായി കാണുന്നില്ലെന്നും ജയരാജന്‍ വിശദീകരിച്ചു. ടി.കെ. ഗോവിന്ദന്‍ തന്റെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്കും മത്സരരംഗത്തേക്ക് വരുന്നതിനും വേണ്ടി ഇത്തരത്തിലുള്ള വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും എം.വി. ജയരാജന്‍ ആരോപിച്ചു.

തളിപ്പറമ്പ് മണ്ഡലത്തില്‍ പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടി സെക്രട്ടറിയും ശ്യാമളയുടെ ഭര്‍ത്താവുമായ എം.വി. ഗോവിന്ദന് യാതൊരു പങ്കുമില്ലെന്നും അത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമായിരുന്നു എന്നും ജയരാജന്‍ ഓര്‍മ്മിപ്പിച്ചു. യു.ഡി.എഫിന്റെ പിന്തുണയോടെ സി.പി.എമ്മിനെ പരാജയപ്പെടുത്താമെന്ന ടി.കെ. ഗോവിന്ദന്റെ കണക്കുകൂട്ടലുകള്‍ നടക്കില്ലെന്നും എം.വി. ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News