25 വര്‍ഷത്തെ ബന്ധം ഒരൊറ്റ നിമിഷത്തില്‍ തീര്‍ന്നു! കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജു ചിറയത്തിന്റെ കൂടുമാറ്റം; ചാലക്കുടിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി? കൗണ്‍സിലര്‍ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജി വയ്ക്കുമെന്ന് സൂചന

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജു ചിറയത്തിന്റെ കൂടുമാറ്റം

Update: 2026-03-16 11:57 GMT

തൃശൂര്‍: ചാലക്കുടി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. കോണ്‍ഗ്രസ് നേതാവും നിലവിലെ നഗരസഭാ കൗണ്‍സിലറുമായ ബിജു എസ്. ചിറയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങുന്നു. ഈ നീക്കത്തിന്റെ ഭാഗമായി അദ്ദേഹം അല്പസമയത്തിനകം കൗണ്‍സിലര്‍ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെക്കുമെന്നാണ് വിവരം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) വിഭാഗത്തിന് അനുവദിച്ച സീറ്റിലാണ് ബിജു ചിറയത്ത് മത്സരിക്കുക. കേരള കോണ്‍ഗ്രസ് (എം) തൃശൂര്‍ ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം. കഴിഞ്ഞ 25 വര്‍ഷമായി ചാലക്കുടിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലറായ ബിജു, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നഗരസഭയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ജനകീയനായ നേതാവാണ്.

മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ബിജു ചിറയത്ത് ഇടത് പാളയത്തിലേക്ക് മാറുന്നത് കോണ്‍ഗ്രസിന് വലിയ പ്രഹരമാണ്. അദ്ദേഹത്തെ രംഗത്തിറക്കുന്നതിലൂടെ ചാലക്കുടി മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടുന്നത്. നിലവില്‍ കോണ്‍ഗ്രസിന്റെ സനീഷ് കുമാര്‍ ജോസഫാണ് ചാലക്കുടി എംഎല്‍എ. മുന്‍പ് സിപിഎം നേരിട്ട് മത്സരിച്ച് വിജയിച്ചിരുന്ന ഈ മണ്ഡലം, മുന്നണി ധാരണപ്രകാരം കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തിന് നല്‍കുകയായിരുന്നു.

Tags:    

Similar News