'കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാന്‍!' ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്; 12 പേരടങ്ങുന്ന പട്ടികയില്‍ സംഗീത വിശ്വനാഥ് ഏക വനിത സ്ഥാനാര്‍ഥി; പുതിയ ചിഹ്നം തെങ്ങിന്‍തോപ്പ്

Update: 2026-03-16 15:09 GMT

തിരുവനന്തപുരം: ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എന്‍ഡിഎയിലെ ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസ്. 12 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. നിലവില്‍ പ്രഖ്യാപിച്ച പട്ടികയില്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരില്ല. കോട്ടയം, ഉടുമ്പുംചോല ഉള്‍പ്പടെ ബിഡിജെഎസ് ഏറ്റെടുത്ത പുതിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ഉടുമ്പുംചോലയില്‍ മത്സരിക്കുന്ന സംഗീത വിശ്വനാഥ് ആണ് ഏക വനിത സ്ഥാനാര്‍ഥി.

അരൂര്‍- അഡ്വ. പി എസ് ജ്യോതിസ്, കുട്ടനാട്- സന്തോഷ് ശാന്തി, കായംകുളം- തമ്പി മേട്ടുതറ, കോട്ടയം- പി. അനില്‍കുമാര്‍, കടുത്തിരുത്തി- സുരേഷ് എട്ടിക്കുന്നേല്‍, ഉടുമ്പന്‍ചോല- സംഗീത വിശ്വനാഥന്‍, കുന്നംകുളം- റിജില്‍ കെ.ആര്‍., നെന്മാറ- എ.എന്‍. അനുരാഗ്, കൊടുവള്ളി- ഗിരി പമ്പനാല്‍, കോട്ടക്കല്‍ - സുബ്രഹ്‌മണ്യന്‍ ചുങ്കപ്പള്ളി, നിലമ്പൂര്‍ - ഗിരീഷ് മേക്കാട്, പേരാവൂര്‍ - പൈലി വാതിയാട്ട് എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

മറ്റു സീറ്റുകളില്‍ അന്തിമ ധാരണ ആയ ശേഷമായിരിക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. കഴിഞ്ഞ തവണ 23 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിച്ചത്. ഇത്തവണ 27 സീറ്റുകളില്‍ മത്സരിച്ചേക്കും. ചേര്‍ത്തലയില്‍ സംസ്ഥാന നേതൃയോഗം ചേര്‍ന്ന ശേഷമായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ തെങ്ങിന്‍ തോപ്പ് ചിഹ്നത്തില്‍ മത്സരിക്കും. കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാന്‍ ബിഡിജെഎസ് എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ബിഡിജെഎസ് തിരഞ്ഞെടുപ്പ് നേരിടുക.

Similar News