15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി; ആദ്യത്തെ വെടിയുണ്ട കൊണ്ടത് നാലു വയസ്സുകാരന്റെ വയറ്റില്‍; കുഞ്ഞിന് ദാരുണാന്ത്യം; കാലിന് വെടിയേറ്റ അമ്മയ്ക്ക് ഗുരുതര പരുക്ക്
വെടിയേറ്റ് നാല് വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരുക്ക്
ബെംഗളൂരു: മാണ്ഡ്യയില്‍ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി നാലു വയസ്സുകാരനു ദാരുണാന്ത്യം. കുട്ടിയുടെ അമ്മയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകനായ അഭിജിത്താണ് മരിച്ചത്. ഇവര്‍ ജോലി ചെയ്തിരുന്ന കോഴിഫാമിലാണ് സംഭവം. നാഗമംഗലയിലെ ഒരു കോഴിഫാമില്‍ ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം.
പശ്ചിമബംഗാളില്‍ നിന്ന് ജോലിക്ക് ഫാമിലെത്തിയ 15 വയസ്സുള്ള ആണ്‍കുട്ടി പരിസരത്തെ ഒരു ചെറിയ വീടിന്റെ ചുമരില്‍ തോക്ക് തൂങ്ങികിടക്കുന്നത് ശ്രദ്ധിച്ചിരുന്നു. നിറയൊഴിച്ച തോക്കാണെന്ന് അറിയാതെ കുട്ടി തോക്കെടുത്ത് കളിക്കാന്‍ തുടങ്ങി. കളിത്തോക്കാണെന്ന് കരുതി വെടിപൊട്ടിച്ചപ്പോഴാണ് നാലു വയസ്സുകാരന് വെടികൊണ്ടത്. അഭിജിത്തിന്റെ അടിവയറ്റിലാണ് വെടിയേറ്റത്. അഭിജിത്തിന്റെ അമ്മയുടെ കാലിലാണ് പരുക്കേറ്റത്.
ലൈസന്‍സുള്ള തോക്ക് നിരുത്തരവാദപരമായി സൂക്ഷിച്ചതിനു കോഴി ഫാമിന്റെ ഉടമയ്ക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 15 വയസ്സുകാരനെതിരെയും കേസെടുത്തു. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.
ഈ ഫാം നോക്കി നടത്തുന്നവര്‍ മുറിയില്‍ തോക്ക് സൂക്ഷിച്ചിരുന്നു. തോക്ക് പുറത്തെടുത്ത് വെച്ചശേഷം ഇവര്‍ പുറത്തേക്ക് പോയിരുന്നു. ഇതിനിടയില്‍ തൊട്ടടുത്ത ഫാമില്‍ ജോലി ചെയ്യുന്ന 15കാരന്‍ ഇവിടേക്ക് എത്തുകയായിരുന്നു. പുറത്ത് തോക്കിരിക്കുന്നത് കണ്ട 15കാരന്‍ അതെടുത്ത് പരിശോധിക്കുകയും അബദ്ധത്തില്‍ ട്രിഗര്‍ വലിക്കുകയുമായിരുന്നു. തോക്കില്‍ നിന്നും രണ്ട് തവണ വെടി പൊട്ടി.
ആദ്യത്തെ വെടിയുണ്ട തൊട്ടടുത്ത് നിന്ന നാല് വയസ്സുകാരന്റെ വയറ്റിലാണ് കൊണ്ടത്. രണ്ടാമത്തേത് നാല് വയസ്സുകാരന്റെ അമ്മയുടെ കാലിലും കൊണ്ടു. അമിത രക്തസ്രാവത്തെതുടര്‍ന്ന് കുട്ടി തല്‍ക്ഷണം മരിച്ചു. കുട്ടിയുടെ അമ്മയെ തൊട്ടടുത്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.