50 ഗ്രാം 'അരി' വാങ്ങാന്‍ ഈ കടയില്‍ 1500 രൂപ; വേണ്ടപ്പെട്ടവര്‍ ആവശ്യപ്പെട്ടാല്‍ 'അരി'ക്കുപകരം കഞ്ചാവ്; പലചരക്കുകടയിലെ കച്ചവടം പൊളിച്ചടുക്കി പൊലീസ്; പിതാവിന്റെ കടയില്‍ കഞ്ചാവ് വിറ്റ 21കാരന്‍ പിടിയില്‍

കോഡുഭാഷയില്‍ കഞ്ചാവ് കച്ചവടം; പൊളിച്ചടുക്കി പൊലീസ്

Update: 2025-02-18 13:33 GMT

മുംബൈ: 50 ഗ്രാം 'അരി' വാങ്ങാന്‍ ഈ കടയില്‍ 1500 രൂപ കൊടുക്കണം. പക്ഷേ ആ ്അരി കിട്ടുക, കടയുടമയുടെ വേണ്ടപ്പെട്ടവര്‍ക്ക് മാത്രം, ഈ അരി വില്‍പന പക്ഷേ, പൊലീസ് കയ്യോടെ പൊക്കി. കടയിലെത്തി അരി ആവശ്യപ്പെട്ടാല്‍ കിട്ടുന്നത് അരിക്കുപകരം കഞ്ചാവാണെന്ന രഹസ്യവിവരം മണത്തറിഞ്ഞ മുംബൈ പൊലീസിന് തെറ്റിയില്ല. കടക്കാരനെ കഞ്ചാവുമായി പൊക്കി.

മുംബൈ ബൊറിവ്‌ലിയിലെ ഗൊരായ് പ്രദേശത്തെ ഒരു പലചരക്കു കടയിലാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് കോഡ് ഭാഷയില്‍ കഞ്ചാവ് വില്‍പന തകൃതിയായി അരങ്ങേറിയത്. ഒടുവില്‍ പക്ഷേ, കള്ളി പുറത്തായി. പലചരക്കു കടയില്‍ കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന സൂചന ലഭിച്ചതോടെ പൊലീസ് റെയ്ഡ് നടത്തി. റെയ്ഡില്‍ ലഭിച്ചത് 750 ഗ്രാം കഞ്ചാവ്. കടയിലുണ്ടായിരുന്ന 21കാരനെ പൊലീസ് കൈയോടെ പൊക്കി.

മഹിപാല്‍ സിങ് റാത്തോഡ് എന്ന ചെറുപ്പക്കാരനാണ് അരിക്കു പകരം കഞ്ചാവ് വിറ്റ് അറസ്റ്റിലായത്. ഏഴു ഗ്രാം, 20 ഗ്രാം, 50 ഗ്രാം എന്നിങ്ങനെ പായ്ക്കു ചെയ്താണ് കഞ്ചാവ് കടയില്‍ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി കടയില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി റാത്തോഡ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ഒരു വില്‍പനക്കാരനുമായി ബന്ധം സ്ഥാപിച്ചശേഷം ഒരു കിലോഗ്രാം വീതമാണ് അയാളില്‍നിന്ന് വാങ്ങിക്കൊണ്ടിരുന്നത്. ഒരു കിലോ വിറ്റാല്‍ 12000-13000 രൂപ ലാഭം കിട്ടിയിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

സംശയം തോന്നാതിരിക്കാനാണ് വില്‍പനക്ക് കോഡുഭാഷ ഉപയോഗിച്ചിരുന്നത്. നിശ്ചിത വിലയുടെ 'അരി' വേണമെന്നാണ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുക. ഏഴു ഗ്രാം വേണമെങ്കില്‍ 200 രൂപയുടെ അരി എന്ന രീതിയിലായിരുന്നു അത്. റാത്തോഡിന്റെ പിതാവിന്റെ കടയാണിത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ യുവാവ് വിദൂരപഠനത്തെയാണ് ആശ്രയിക്കുന്നത്. ഒപ്പം പിതാവിന്റെ കടയും നോക്കി നടത്തുന്നു. ഭാരതീയ ന്യായ് സംഹിത അനുസരിച്ചും എന്‍.ഡി.പി.എസ് ആക്ട് അനുസരിച്ചും റാത്തോഡിനെതിരെ കേസെടുത്തതായി ഡി.സി.പി ആനന്ദ് ഭോയ്‌തെ പറഞ്ഞു.

Similar News