ഭര്‍ത്താവിന്റെ മൂന്ന് സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സ്വകാര്യ ഭാഗങ്ങളില്‍ കുപ്പി തിരുകിയെന്നും യുവതിയുടെ പരാതി; അന്വേഷണത്തില്‍ വ്യാജപരാതിയെന്ന് കണ്ടെത്തി പൊലീസ്; സമാന 'പീഡന പരാതികള്‍' നിരവധി; യുവതി അറസ്റ്റില്‍

വ്യാജ പീഡന പരാതികള്‍, യുവതി അറസ്റ്റില്‍

Update: 2025-02-28 16:04 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ക്ക് എതിരെ വ്യാജ കൂട്ടബലാത്സംഗ പരാതി ഉന്നയിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തന്നെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തെന്നും സ്വകാര്യ ഭാഗങ്ങളില്‍ കുപ്പി തിരുകിയെന്നുമായിരുന്നു പരാതി. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് വ്യക്തമായതോടെ യുവതി പിടിയിലായി. യുവതി നല്‍കിയ മറ്റൊരു പരാതിയില്‍ ഇവരുടെ ഭര്‍ത്താവ് ഇപ്പോള്‍ ജയിലിലാണ്.

യുവതി നിരവധി തവണ ഇത്തരത്തില്‍ പീഡന പരാതികള്‍ നല്‍കുകയും പിന്നീട് മൊഴി മാറ്റി പറയുകയും ചെയ്തിട്ടുള്ളതായി അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതി മൂന്ന് തവണ പരാതികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ പരാതികളിലെല്ലാം നിരവധി തവണ മൊഴികള്‍ മാറ്റുകയും താന്‍ നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു.

നിലവിലെ ഭര്‍ത്താവുമായി വിവാഹത്തിന് മുമ്പ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് യുവതി ആരോപണം ഉന്നയിച്ചിരുന്നു. താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും ലൈംഗികാതിക്രമത്തിനിരയായതിനാലും യുവാവ് തന്റെ വയറ്റില്‍ ചവിട്ടിയതിനാലുമാണ് കുട്ടി മരിച്ചതെന്നും യുവതി ആരോപിച്ചിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ യുവതി മൊഴി മാറ്റി പറഞ്ഞു. ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമുള്ളതാണെന്നും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് ഗര്‍ഭം അലസാന്‍ കാരണമെന്നും യുവതി മജിസ്ട്രേറ്റിന് മുന്നില്‍ മൊഴിനല്‍കി.

ഓഗസ്റ്റില്‍, യുവതി വീണ്ടും പോലീസിനെ സമീപിച്ചു. ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവും സുഹൃത്തുക്കളിലൊരാളും ചേര്‍ന്ന് മൊഴി മാറ്റിപറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതിയിലെ ആരോപണങ്ങള്‍ നിഷേധിച്ചതെന്ന് യുവതി പരാതിപ്പെട്ടു. എന്നല്‍ അതേമാസം തന്നെ ഇരുവരും വിവാഹിതരായെന്നും മുന്‍ പരാതിയില്‍ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുവതി പിന്നെയും പോലീസിനെ സമീപിച്ചു.

നാല് മാസത്തിന് ശേഷം, ജനുവരിയില്‍ യുവതി വീണ്ടും പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. യുവാവും അമ്മയും ചേര്‍ന്ന് അപൂര്‍ണ്ണമായിട്ടാണ് വിവാഹം നടത്തിയതെന്നും വിവാഹത്തിന്റെ പേരില്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നുമായിരുന്നു പരാതി. യുവാവ് മര്‍ദിക്കുകയും ശരീരത്തില്‍ മദ്യം ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചെന്നും ഭര്‍ത്താവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നും യുവതി ആരോപിച്ചു. അന്വേഷണത്തില്‍ കൂട്ടബലാത്സംഗ ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പൊള്ളലേറ്റതിന്റെ തെളിവുകള്‍ ലഭിച്ചതിനാല്‍ യുവാവിനെ ഫെബ്രുവരി 17ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.

ചൊവ്വാഴ്ച വീണ്ടും പരാതിയുമായി യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. മാര്‍ക്കറ്റിലേക്ക് പോകുംവഴി ഭര്‍ത്താവിന്റെ മൂന്ന് സുഹൃത്തുക്കള്‍ തന്നെ തട്ടിക്കൊണ്ടുപോകുകയും മയക്കാനുള്ള മരുന്ന് കുത്തിവെച്ച് തന്നെ മാറിമാറി ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു പരാതി. കഴുത്തില്‍ രാസവസ്തു പുരട്ടിയെന്നും സ്വകാര്യ ഭാഗങ്ങളില്‍ കുപ്പി തിരുകിയെന്നും പരാതിയിലുണ്ട്. പീഡനശേഷം മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞതായും യുവതി ആരോപിച്ചു.

തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. രാത്രി 8.30 ന് വീട്ടില്‍ നിന്നിറങ്ങിയ യുവതി ഒരു കാറില്‍ കയറുന്നതും രാത്രി 10.19 ന് വീടിന് സമീപം വന്നിറങ്ങുന്നതും വീട്ടിലേക്ക് ഭാവവ്യത്യസങ്ങളൊന്നുമില്ലാതെ നടന്നുനീങ്ങുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. കുറ്റരോപിതരായ യുവാക്കളുടെ കോള്‍ റെക്കോര്‍ഡുകളും ലൊക്കേഷന്‍ വിവരങ്ങളും പോലീസ് പരിശോധിക്കുകയും ഇവര്‍ കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ബോധ്യമാകുകയും ചെയ്തു. മെഡിക്കല്‍ പരിശോധനയില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതായും യുവതിയെ അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാജേഷ് കുമാര്‍ സിങ് പറഞ്ഞു.

Tags:    

Similar News