അഫാന്‍ ഒരു മാസം മുന്‍പ് ഒരുതവണ ഉപയോഗിച്ചതൊഴിച്ചാല്‍ ഇയാള്‍ പതിവായി രാസലഹരി ഉപയോഗിച്ചതിനു തെളിവു ലഭിച്ചിട്ടില്ലെന്നു പൊലീസ്; എലി വിഷം കഴിച്ചെന്ന് പറഞ്ഞതും പച്ചക്കള്ളം; മെഡിക്കല്‍ സെല്ലില്‍ കഴിയുന്ന അഫാന്‍ പൂര്‍ണ്ണ ആരോഗ്യത്തില്‍; ലിവറും കിഡ്‌നിയുമെല്ലാം ഓകെ; തലച്ചോറും പെര്‍ഫെക്ട്; ഇനി ജയിലിലേക്ക് മാറ്റും

Update: 2025-03-01 02:50 GMT

തിരുവനന്തപുരം: കൂട്ടക്കൊലപാതകങ്ങള്‍ രാസ ലഹരിയുടെ സ്വാധീനത്തില്‍ അല്ലെങ്കിലും അഫാന്‍ അതും ഉപയോഗിച്ചിട്ടുണ്ട്. അഫാന്‍ ഒരു മാസം മുന്‍പ് ഒരുതവണ ഉപയോഗിച്ചതൊഴിച്ചാല്‍ ഇയാള്‍ പതിവായി രാസലഹരി ഉപയോഗിച്ചതിനു തെളിവു ലഭിച്ചിട്ടില്ലെന്നു പൊലീസ് പറയുന്നു. ഇതിലുള്ളത് രാസ ലഹരി ഉപയോഗിച്ചുവെന്ന് കൂടിയാണ്. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അഫാന്റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഇന്നലെ മെഡിക്കല്‍ സെല്ലിലേക്ക് മാറ്റി. ലിവര്‍,കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനം പരിശോധിച്ചതിലും സി.ടി സ്‌കാനിലും പ്രശ്‌നങ്ങളില്ല. ഈ സാഹചര്യത്തില്‍ താമസിയാതെ പ്രതിയെ ജയിലിലേക്ക് മാറ്റിയേക്കും.

മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് സെല്ലിലേക്ക് മാറ്റിയത്. കനത്ത പൊലീസ് കാവലില്‍ മെഡിക്കല്‍ പേവാര്‍ഡ് 30ലായിരുന്നു നേരത്തെ പ്രതിയെ പാര്‍പ്പിച്ചിരുന്നത്. ഇന്നോ നാളെയോ മാനസിക നിലപരിശോധന കൂടി നടത്തിയ ശേഷം ഡിസ്ചാര്‍ജ് സംബന്ധിച്ച് തീരുമാനമെടുക്കും. ലഭ്യമായ പരിശോധനാഫലങ്ങളിലൊന്നും എലിവിഷത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല. അതിനാല്‍ പ്രതി പറഞ്ഞത് കളവാണെന്ന നിഗമത്തിലാണ് ഡോക്ടര്‍മാരും. അമ്മൂമ്മയുടെ കൊലപാതകത്തില്‍ പാങ്ങോട് പൊലീസ് എടുത്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. ബാക്കി കേസുകള്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ്. ഈ കേസുകളിലെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. 24 മണിക്കൂറും രണ്ടു പൊലീസുകാരുടെ സുരക്ഷയിലാണ് അഫാന്‍. ക്രൂരമായ കൊലപാതകങ്ങള്‍ക്കു ശേഷം വെഞ്ഞാറമൂട് സ്റ്റേഷനില്‍ എത്തിയ അഫാന്‍ എലിവിഷം കഴിച്ചെന്നു പറഞ്ഞതിനെ തുടര്‍ന്നു തിങ്കള്‍ രാത്രി ഏഴോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.

ഒരു കയ്യില്‍ വിലങ്ങിട്ടും കാലുകളില്‍ തുണി കൊണ്ടു കെട്ടിയുമായിരുന്നു ആദ്യ ദിനങ്ങളിലെ ചികിത്സ. കഴിഞ്ഞ ദിവസം കാലുകളിലെ കെട്ട് അഴിച്ചു. ഒരു കൈ കട്ടിലില്‍ വിലങ്ങ് ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്. പ്രാഥമിക ആവശ്യങ്ങള്‍ക്കായി മാത്രം ഇത് അഴിച്ചുമാറ്റും. ചിലപ്പോള്‍ കുറ്റബോധമില്ലാത്ത പോലെ പെരുമാറും. ചിലപ്പോള്‍ നിശ്ശബ്ദനാകും. കൊല നടത്തിയതിനെക്കുറിച്ച് പൊലീസുകാരോട് പറയും. ഭക്ഷണം കഴിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ല. അന്വേഷണത്തിന്റെ തുടക്കത്തില്‍ ചികിത്സയോടു സഹകരിച്ചിരുന്നില്ല. പിന്നീട് സഹകരിച്ചു. ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍, പ്രതി വിഷം കഴിച്ചിട്ടില്ലെന്ന് ഉറപ്പിക്കുകയാണ് ഡോക്ടര്‍മാര്‍. തലച്ചോറില്‍ രക്തസ്രാവമുള്‍പ്പെടെയുണ്ടോയെന്ന് അറിയാന്‍ പ്രതിയെ സി.ടി സ്‌കാനിന് വിധേയനാക്കി. അതിലും പ്രശ്‌നങ്ങളില്ല.

വെഞ്ഞാറമൂടിലെ കൂട്ടക്കൊലപാതകങ്ങള്‍ക്കു പിന്നില്‍ കുടുംബത്തിന്റെ സാമ്പത്തിക ബാദ്ധ്യതയെന്ന അഫാന്റെ മൊഴി സാധൂകരിച്ച് അന്വേഷണസംഘവും എത്തുകയാണ്. കൊലപാതങ്ങള്‍ക്കിടയിലും അമ്മൂമ്മ സല്‍മാബീവിയുടെ മാല പണയം വച്ച് കിട്ടിയ തുകയില്‍ നിന്ന് നാല്പതിനായിരം രൂപ കടം വീട്ടാനാണ് അഫാന്‍ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. അഫാന്റെ ഉമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാദ്ധ്യത ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അഫാന്റെ മൊഴിയെടുത്ത് സ്ഥരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അഫാനും മാതാവ് ഷെമിക്കും പണം കടം കൊടുത്തവരെ സംബന്ധിച്ച ലിസ്റ്റ് പൊലീസ് തയ്യാറാക്കുകയാണ്. പണം കടം കൊടുത്തവര്‍ കേസില്‍ സാക്ഷിയാകും.

വെഞ്ഞാറമൂട് ജംഗ്ഷിനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാല പണയംവച്ച് 74,000 രൂപ വാങ്ങിയെന്ന് പൊലീസ് പറയുന്നു. ഇതില്‍ നിന്ന് 40,000 രൂപ ഫെഡറല്‍ ബാങ്കിലെ സ്വന്തം അക്കൗണ്ട് വഴി കടം വീട്ടുകയാണ് അഫാന്‍ ചെയ്തത്. ഇതിനു ശേഷമാണ് അടുത്ത കൊലപാതകങ്ങള്‍ക്കായി എസ്.എന്‍ പുരത്തുള്ള പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തുന്നതും കൊലപ്പെടുത്തുന്നതും.

Tags:    

Similar News