നായ്ക്കുരുണപ്പൊടി ദേഹത്തെറിഞ്ഞ സഹപാഠികളുടെ ക്രൂര വിനോദം; കടുത്ത വേദനയില്‍ പെണ്‍കുട്ടി കഴിയുമ്പോഴും സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തി; അമ്മയുടെ പരാതിയില്‍ ഒടുവില്‍ നടപടി; മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍; ഒരാളെ സ്ഥലം മാറ്റി
വിദ്യാര്‍ത്ഥിനിക്ക് നേരെ നായ്ക്കുരുണപ്പൊടി പ്രയോഗം: അധ്യാപകര്‍ക്ക് എതിരെ നടപടി
കൊച്ചി: കാക്കനാട് തെങ്ങോട് ഗവ. ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ സഹപാഠികള്‍ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്റ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. പി എസ് ശ്രീകാന്ത്, ജിഷ ജോസഫ്, എന്‍.എസ് ദീപ എന്നിവരെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തത്. അധ്യാപികയായ ആര്‍ എസ് രാജിയെയാണ് സ്ഥലം മാറ്റിയത്.
നായ്ക്കുരുണപ്പൊടി ദേഹത്തെറിഞ്ഞ് സഹപാഠികളുടെ ക്രൂര വിനോദത്തില്‍ ശരീരമാകെ ചൊറിഞ്ഞ് തടിച്ച് പരീക്ഷ പോലും എഴുതാനാവാതെ പത്താം ക്ലാസുകാരിയുടെ ദുരവസ്ഥ നേരത്തെ പുറത്തുവന്നിരുന്നു. കൊച്ചി കാക്കനാട് തെങ്ങോട് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ ക്രൂരതയില്‍ രണ്ടാഴ്ചയായി ശാരീരികവും മാനസികവുമായി തളര്‍ന്നിരിക്കുന്നത്.
ക്രൂരമായ ആക്രമണമുണ്ടായിട്ടും ആശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നത് പെണ്‍കുട്ടിക്കും കുടുംബത്തിനും തീരാനോവുണ്ടാക്കിയിരിക്കുകയാണ്. സംഭവം അറിഞ്ഞിട്ട് സ്‌കൂള്‍ അധികൃതര്‍ തുടക്കം മുതല്‍ വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയെന്ന് അമ്മ ആരോപിച്ചു. കടുത്ത വേദനയില്‍ പെണ്‍കുട്ടി കഴിയുമ്പോഴും ക്ലാസിലെത്താന്‍ സ്‌കൂളില്‍ നിന്ന് നിര്‍ബന്ധിച്ചെന്നും ഹാജരില്ലാതെ പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും അമ്മ ആരോപിക്കുന്നു.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങിയത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെയും ഡിഇഒ, എഇഒ ഓഫിസിലെയും ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീട്ടിലും സ്‌കൂളിലുമെത്തി വിവരങ്ങള്‍ ശേഖരിച്ചു.
ശരീരത്ത് ചൊറിച്ചില്‍ സഹിക്കാന്‍ പറ്റാതായപ്പോള്‍ എന്താണ് ഇതെന്ന് താന്‍ ചോദിച്ചെന്നും പിന്നീട് വാഷ് റൂമിലേക്ക് ഓടിപ്പോയെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. വേദന സഹിക്കാന്‍ വയ്യെന്നും ടീച്ചറോട് പറയണമെന്നും പറഞ്ഞിട്ടും ആരും അറിയിച്ചില്ല. അടുത്ത ദിവസമായപ്പോഴേക്കും കാലുകള്‍ കൂട്ടി വെക്കാന്‍ പറ്റാത്ത അവസ്ഥയിലായി താനെന്ന് പെണ്‍കുട്ടി പറയുന്നു. ക്ലാസിലെ പിന്‍ബഞ്ചിലിരിക്കുന്ന പെണ്‍കുട്ടിയാണ് നായ്ക്കുരണ പൊട്ടിച്ച് ക്ലാസ് മുറിയില്‍ വിതറിയത്. അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നതിനിടെ പരീക്ഷ കഴിഞ്ഞ് ബെഞ്ചില്‍ വിശ്രമിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തും നായ്ക്കുരുണ പൊടിയെത്തി.
ഇതോടെ ശരീരം ചൊറിഞ്ഞ് തുടങ്ങി. തുടര്‍ന്ന് കുട്ടികള്‍ പെണ്‍കുട്ടിയോട് പോയി കുളിക്കാന്‍ പറഞ്ഞു. ചൊറിച്ചില്‍ കൂടിയതോടെ പെണ്‍കുട്ടി ശുചിമുറിയിലെത്തി ശരീരമാകെ വെള്ളമൊഴിച്ചു. ഇതോടെ നായ്ക്കുരുണപ്പൊടി ശരീരമാകെ പടര്‍ന്നു. ഇതോടെ ചൊറിച്ചില്‍ സഹിക്കാതെ പെണ്‍കുട്ടി നിരവധി ആശുപത്രികള്‍ കയറിയിറങ്ങി. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മോഡല്‍ പരീക്ഷയും മുടങ്ങി.