നാഷണല്‍ ഡ്രഗ് കണ്ട്രോള്‍ ബ്യൂറോയ്ക്ക് ലഭിച്ച വിവരം ലീഡായി; സിറ്റിയിലെ നക്ഷത്ര ഹോട്ടലുകളില്‍ മാറി മാറി താമസിച്ച പ്രതികളെ കണ്ടെത്തിയത് ഡാന്‍സാഫ്; 2018ല്‍ നടത്തിയ ആ നീക്കമെല്ലാം വെറുതെയായി; ആ മാലിക്കാരെ കണ്ടെത്താന്‍ വീണ്ടും റെഡ് കോര്‍ണര്‍ നോട്ടീസ്

Update: 2025-04-06 06:57 GMT

തിരുവനന്തപുരം: ലഹരിക്കേസില്‍ രക്ഷപ്പെട്ട മാലിക്കാരെ കണ്ടെത്താന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്ത്. ലഹരിക്കേസില്‍ ജാമ്യം നേടിയ മാലി സ്വദേശികളായ ഐമാന്‍ അഹമ്മദ്, ഷെമീസ് മാഹിന്‍, ഇബ്രാഹിം ഫൗസാന്‍ എന്നിവര്‍ ജാമ്യത്തിലിറങ്ങി രാജ്യം വിടുകയായിരുന്നു.

പൊലീസ് സഹായത്തോടെ പ്രതികള്‍ രക്ഷപ്പെട്ടുവെന്നാണ് ആരോപണം. 16.5 കിലോ ഹാഷിഷ് ഓയിലുമായാണ് പ്രതികളെ പിടികൂടിയത്. വിദേശികളെ കണ്ടെത്തുന്നതിനായി റെഡ് കോര്‍ണര്‍ നോട്ടീസും അതോടൊപ്പം ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ചാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. 2018ലെ കേസിലാണ് വര്‍ഷങ്ങള്‍ക്കുശേഷം പ്രതികളെ പിടികൂടാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയത്.

തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായാണ് മാലി സ്വദേശികള്‍ പിടിയിലായത്. കുറ്റപത്രം കോടതിക്കു മുന്നിലെത്തിക്കുന്നതില്‍ പൊലിസ് വരുത്തിയ ഗുരുതര വീഴ്ച മൂലം പ്രതികള്‍ ജാമ്യം നേടി രാജ്യം വിട്ടതോടെ വിചാരണ അടക്കം പ്രതിസന്ധിയിലായി. 2018 ജൂണ്‍ നാലിനാണ് തലസ്ഥാനത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും 16.530 കിലോ ഹാഷിഷ് ഓയിലുമായി മൂന്നു മാലിക്കാരെ പൊലിസ് അറസ്റ്റ് ചെയ്യുന്നത്. കന്റോണ്‍മെന്റ് പൊലിസാണ് രാജ്യന്തര ലഹരിമാഫിയില്‍പ്പെട്ട മൂന്നുപേരെ പിടികൂടിയത്.

പൊലിസ് ഏറെ അഭിമാനമായി ഉയര്‍ത്തികാട്ടിയ അറസ്റ്റില്‍ പിന്നെയുണ്ടായത് വലിയ അട്ടിമറിയാണ്. തുടരന്വേഷണം നടത്തിയത് സിറ്റി നാര്‍ക്കോട്ടിക് വിഭാഗം. പ്രതികള്‍കൊപ്പമുണ്ടായിരുന്ന അസ്ലി മുഹമ്മദ് എന്ന മാലി സ്വദേശി അപ്പോഴേക്കും രക്ഷപ്പെട്ടു. പ്രതികള്‍ക്ക് ലഹരി എത്തിച്ചു നല്‍കിയ ഇടുക്കി സ്വദേശി ബാബുവിനെ എക്‌സൈസാണ് അറസ്റ്റ് ചെയ്തത്. നിയമപ്രകാരം അറസ്റ്റ് നടത്തിയല്‍ 180 ദിവസത്തിനകം കുറ്റപത്രം നല്‍കണം. ആ സമയപരിധിക്കുള്ളില്‍ കുറ്റപത്രം നല്‍കാനായില്ലെങ്കില്‍ പ്രോസിക്യൂട്ടര്‍ മുഖേന കോടതിയില്‍ നിന്നും സമയം നീട്ടി വാങ്ങണം. ഇത് രണ്ടും ചെയ്യാത്തതാണ് പ്രതികള്‍ക്ക് പഴുതായത്. മുന്‍കൂട്ടി തീരുമാനിച്ച തിരക്കഥ പോലെയായിരുന്നു കാര്യങ്ങള്‍ നടന്നത്. 181മത്തെ ദിവസം പ്രതികളുടെ ജാമ്യാപേക്ഷ എത്തുന്നു, ജാമ്യം കിട്ടുന്നു.ഈ ഘട്ടത്തിലാണ് കുറ്റപത്രം ഫയലില്‍ സ്വീകരിക്കാത്ത കാര്യം പ്രോസിക്യൂട്ടര്‍ അറിയുന്നത്. പ്രഗത്ഭരായ അഭിഭാഷകര്‍ പ്രതികള്‍ക്കായി എത്തി. ഓരോ പ്രതികള്‍ക്കും 10 ലക്ഷം രൂപയുടെ വീതം ബോണ്ടിന്മേല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

തിരുവനന്തപുരം വിമാനത്താവളം വഴി മാലിയിലെക്ക് ഹാഷിഷ് കടത്താന്‍ ശ്രമിച്ച പ്രതികളെയാണ് ദിവസങ്ങള്‍ നീണ്ട് നിന്ന ശ്രമത്തിനൊടുവില്‍ സിറ്റി ഷാഡോ പോലീസ് സംഘം 2018ന് വലയിലാക്കിയത്. നാഷണല്‍ ഡ്രഗ് കണ്ട്രോള്‍ ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന നിരീക്ഷണത്തിനൊടുവില്‍ സിറ്റിയിലെ നക്ഷത്ര ഹോട്ടലുകളില്‍ മാറി മാറി താമസിക്കുകയായിരുന്ന പ്രതികളെ കണ്ടെത്തുകയും അവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷം വിമാനത്താവളം വഴി കടക്കാന്‍ ശ്രമിച്ച മൂന്ന് മാലി സ്വദേശികളെ നിരോധിത മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി പിടികൂടുകയായിരുന്നു.

കഞ്ചാവ് സംസ്‌കരിച്ചു കിട്ടുന്നതാണ് ഹാഷിഷ് ഓയില്‍. ഒരു കിലോ ഹാഷിഷ് ഓയില്‍ ലഭിക്കുന്നതിന് അതിന്റെ പത്തിരട്ടിയിലധികം വരുന്ന കഞ്ചാവ് ആവശ്യമാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏതാണ്ട് അഞ്ച് കോടിയോളം വിലവരുന്ന മയക്കുമരുന്നാണ് ഈ സംഘം കടത്താന്‍ ശ്രമിച്ചത്. ഷാഡോ പോലീസ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇവരുടെ പുറകെ പിന്തുടരുകയായിരുന്നു. ഇവര്‍ താമസിച്ച ഹോട്ടലുകളില്‍ ഷാഡോ സംഘാംഗങ്ങള്‍ മുറിയെടുത്ത് അവരുടെ നീക്കങ്ങള്‍ മനസ്സിലാക്കി. മൂന്ന് മാലിക്കാരും ചാല മാര്‍ക്കറ്റില്‍ എത്തി 32 കിലോ ഡാല്ഡാ പാക്കറ്റുകള്‍ വാങ്ങുകയും ഡാല്ഡാ പാക്കറ്റില്‍ നിന്നും ഡാല്ഡാ മാറ്റിയ ശേഷം ഹാഷിഷ് ഓയില്‍ നിറച്ച് കടത്താനുമായിരുന്നു പദ്ധതി.

മൂന്ന് പ്രതികള്‍ക്കും അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ മയക്കുമരുന്നു ഉപയോഗം തടയുന്നതിനായി രൂപികരിച്ച കാന്‍സാഫ്, ഡാന്‍സാഫ് പദ്ധതികളുമായി ബന്ധപ്പെട്ട് സിറ്റി ഷാഡോ ടീം തുടര്‍ച്ചയായി നടത്തി വരുന്ന വന്‍ മയക്കുമരുന്ന് വേട്ടയായിരുന്നു ഇത്.

Tags:    

Similar News