വലിയ സ്യൂട്ട്‌കേസില്‍ 17 കോടി രൂപയും സ്വര്‍ണക്കട്ടികളും കടത്താന്‍ ശ്രമം; ഇന്ത്യക്കാരന്‍ സാംബിയയില്‍ അറസ്റ്റില്‍; ദുബായിലേക്കാണ് പണം കടത്താന്‍ ശ്രമിച്ചതെന്ന് സാംബിയന്‍ മാധ്യമങ്ങള്‍
ഇന്ത്യക്കാരന്‍ സാംബിയയില്‍ അറസ്റ്റില്‍
ലുസാക്ക: സാംബിയയിലെ വിമാനത്താവളം വഴി രണ്ട് മില്യണ്‍ ഡോളറും (17 കോടി), അഞ്ച് ലക്ഷം ഡോളര്‍ (നാല് കോടി) വിലമതിക്കുന്ന സ്വര്‍ണവും കടത്തിയ കേസില്‍ ഇന്ത്യന്‍ പൗരന്‍ പിടിയിലായി. അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്നലെയാണ് സാംബിയയിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടത്. കെന്നത്ത് കൗണ്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബായിലേക്ക് പോകാന്‍ എത്തിയതായിരുന്നു 27കാരന്‍. ഇവിടെ വച്ചാണ് ഡ്രഗ് എന്‍ഫോഴ്‌സ്മെന്റ് കമ്മീഷണര്‍ (ഡിഇസി) യുവാവിനെ പിടികൂടിയത്.
കെന്നത്ത് കൗണ്ട അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇയാള്‍ സാംബിയന്‍ കസ്റ്റംസിന്റെ പിടിയിലാകുന്നത്. ദുബായിലേക്കാണ് ഇയാള്‍ പണം കടത്താന്‍ ശ്രമിച്ചതെന്ന് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് കമ്മിഷനെ(ഡിഇസി) ഉദ്ധരിച്ച് സാംബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 27 വയസ്സുള്ള യുവാവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. ഇയാളുടെ പക്കല്‍നിന്ന് പിടിച്ചെടുത്ത കെട്ടുകണക്കിന് നോട്ടുകളുടെ ചിത്രങ്ങള്‍ സാംബിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടു.
വലിയ സ്യൂട്ട്‌കേസിനകത്ത് കറുത്ത ബാഗുകളില്‍ നിറച്ച നിലയിലാണ് പണവും സ്വര്‍ണവും പിടിച്ചെടുത്തത്. അന്താരാഷ്ട്ര തലത്തില്‍ സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ഇതിന് പിന്നിലെന്നും അന്വേഷണം തുടരുകയാണെന്നും ഡിഇസി അറിയിച്ചു.
2,320,000 ഡോളര്‍ പണവും 500,000 ഡോളര്‍ വിലമതിക്കുന്ന ഏഴ് സ്വര്‍ണക്കട്ടികളുമാണ് പിടികൂടിയത്. സാംബിയയിലെ പ്രാദേശിക മാദ്ധ്യമങ്ങള്‍ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. റബ്ബര്‍ ബാന്‍ഡുപയോഗിച്ച് കെട്ടിവച്ച നോട്ടുകെട്ടുകള്‍ കറുത്ത ബാഗിലാക്കി അത് വലിയ സ്യൂട്ട്കേസിനുളളിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദക്ഷിണാഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ ചെമ്പിന്റെയും സ്വര്‍ണത്തിന്റെയും വലിയ ശേഖരമുണ്ട്. ലോകബാങ്കിന്റെ കണക്കനുസരിച്ച് സാംബിയ ദരിദ്ര രാജ്യമാണ്. ഇവിടത്തെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകളും ദരിദ്രരാണ്. 2023ല്‍ സാംബിയയില്‍ നിന്ന് 127 കിലോഗ്രാം സ്വര്‍ണം, 5.7 മില്യണ്‍ ഡോളര്‍ പണം,ആയുധങ്ങള്‍ തുടങ്ങിയവയുമായി അഞ്ച് ഈജിപ്ത് പൗരന്‍മാരെ പിടികൂടിയിരുന്നു.
2023-ല്‍, ആയുധങ്ങളും 127 കിലോഗ്രാം സ്വര്‍ണ്ണവും 5.7 മില്യണ്‍ ഡോളര്‍ പണവുമായി അഞ്ച് ഈജിപ്തുകാരെ സാംബിയയില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ചാരവൃത്തി കുറ്റങ്ങള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് അവരെ വിട്ടയക്കുകയാണ് ചെയ്തത്.