കാറിന് സൈഡ് കൊടുക്കുന്നതിനിടെ ഉരസി; വിവാഹ പാര്‍ട്ടിക്കുപോയ സംഘത്തെ മറ്റൊരു വിവാഹ പാര്‍ട്ടിക്കുപോയവര്‍ ആക്രമിച്ചു; കൈക്കുഞ്ഞിനുള്‍പ്പെടെ പരിക്ക്; ഗ്ലാസ് തകര്‍ത്തു; അന്വേഷണം തുടങ്ങി

കോഴിക്കോട്ട് കാറില്‍ സഞ്ചരിച്ച വിവാഹ സംഘത്തിന് നേരെ ആക്രമണം

Update: 2025-04-20 13:17 GMT

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന വിവാഹ സംഘത്തിന് നേരെ ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു വാഹനം ഉരസിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അക്രമമെന്നാണ് പരാതി. അഞ്ച് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെനാദാപുരം ചെക്യാട് സ്വദേശികളായ നാലു പേര്‍ക്ക് പരിക്കേറ്റു. കാറിന്റെ മുന്നിലെ ഗ്ലാസടക്കം തകര്‍ത്തു.

വിവാഹ പാര്‍ട്ടിക്ക് പോയ കുടുംബത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്കുശേഷം നാദാപുരം വളയത്ത് വെച്ചാണ് സംഭവം. കാറിന് സൈഡ് കൊടുക്കുന്നതിനിടെ ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്.

കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ വളയം ഭാഗത്തുനിന്ന് കല്ലാച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന വിവാഹംസംഘം സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു. ഇത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ആറംഗ സംഘമാണ് കുടുംബത്തെ ആക്രമിച്ചത്. ഇവരുടെ കാറിന്റെ ഗ്ലാസ് ഇരുമ്പുവടി കൊണ്ട് തല്ലിപ്പൊട്ടിക്കുകയും ചെയ്തു.

കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്തെത്തിയ പോലീസ് അക്രമം കാട്ടിയവരില്‍ ചിലരെ കസ്റ്റഡിയിലെടുത്തെന്നാണു വിവരം. മറ്റൊരു വിവാഹ പാര്‍ട്ടിക്ക് പോയ വാഹനത്തിലുള്ളവരാണ് മര്‍ദിച്ചതെന്നാണ് പരാതി. അക്രമ സംഭവത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷവുമുണ്ടായി. മര്‍ദനമേറ്റവരുടെ കൂടെ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവര്‍ ആക്രമിച്ചവരെ പിന്തുടര്‍ന്ന് തിരിച്ച് ആക്രമിച്ചുവെന്നും പറയുന്നുണ്ട്. ഇതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. പൊലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News