വ്യാജ ചികിത്സ രേഖകളും രോഗികളുടെ വിവരങ്ങളും സമര്‍പ്പിച്ചു പണം തട്ടല്‍: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ചികിത്സ സഹായ ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

വ്യാജ ചികിത്സ രേഖകളും രോഗികളുടെ വിവരങ്ങളും സമര്‍പ്പിച്ചു പണം തട്ടല്‍:

Update: 2025-04-20 09:05 GMT

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയുടെ ചികിത്സ സഹായ ഫണ്ടില്‍ നിന്നും പണം തട്ടല്‍. വ്യാജ ചികിത്സ രേഖകളും രോഗികളുടെ വിവരങ്ങളും സമര്‍പ്പിച്ചാണ് പണം തട്ടിയെടുത്തത്. വ്യാജ രോഗികളുടെ വിവരങ്ങളും സമര്‍പിച്ചാണ് തട്ടിപ്പ് നടന്നത്. മുഖ്യമന്ത്രിയുടെ ചികിത്സ സഹായ ഫണ്ടില്‍ നിന്ന് 4.75 ലക്ഷം രൂപ തട്ടിയെടുത്തു കൊണ്ടാണ് മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനായുള്ളതാണ് ഈ ഫണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അന്വേഷണം എക്ക്‌ണോമിക് ഒഫന്‍സ് വിഭാഗത്തിന് കൈമാറി. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ സെക്ഷന്‍ 420 (വഞ്ചന), 406 (ക്രിമിനല്‍ വിശ്വാസ വഞ്ചന), 471 (വ്യാജ രേഖകള്‍ യഥാര്‍ഥമായി ഉപയോഗിക്കുന്നത്), മറ്റ് പ്രസക്തമായ വ്യവസ്ഥകള്‍ എന്നിവ പ്രകാരം ഏപ്രില്‍ 17 ന് ഖഡക്പാഡ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. 2023 മേയ് മുതല്‍ ജൂലൈ വരെയുള്ള സമയത്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

13 രോഗികളുടെ ചികിത്സ രേഖകള്‍ വ്യാജമായി സമര്‍പ്പിച്ചാണ് പ്രതികളായ ഡോ. അനുദുര്‍ഗ് ധോണ്‍ (45), ഡോ. പ്രദീപ് ബാപ്പു പാട്ടീല്‍ (41), ഡോ. ഈശ്വര്‍ പവാര്‍ എന്നിവര്‍ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഇതിനായി ശസ്ത്രക്രിയകളുടെയും ചികിത്സയുടെയും രേഖകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ രേഖകള്‍ വ്യാജമായി നിര്‍മിച്ചു.

2023 ജൂലൈ 11 ന് രണ്ട് പ്രധാന കേസുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തട്ടിപ്പ് പുറത്ത് വന്നത്. അരവിന്ദ് സോള്‍ഖി എന്നയാളുടെ മസ്തിഷ്‌ക രോഗത്തിനുള്ള ചികിത്സക്കായി 3.7 ലക്ഷം രൂപയും സമാനമായി ഭഗവാന്‍ ഭദാനെ എന്നയാളുടെ ചികിത്സക്കായി 3.1 ലക്ഷം രൂപയും അനുവദിച്ച രണ്ട് പ്രധാന കേസുകളില്‍ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തുവന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

അപേക്ഷകളില്‍ പരാമര്‍ശിച്ചിരിക്കുന്ന ആശുപത്രികളില്‍ നിന്ന് വ്യത്യസ്തമായ ആശുപത്രികളിലാണ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് അന്വേഷണങ്ങള്‍ തെളിയിച്ചു.കുറ്റക്കാര്‍ക്കെതിരെ സാധ്യമായ ഏറ്റവും കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് രാമേശ്വര്‍ നായിക് പറഞ്ഞു.

Tags:    

Similar News