ഫ്രാന്‍സിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തിയെടുത്തു; ഒരു സഹപാഠി മരിച്ചപ്പോള്‍ മൂന്ന് പേര് കുത്തേറ്റ് ആശുപത്രിയിലായി

Update: 2025-04-25 04:48 GMT

പാരീസ്: ഫ്രാന്‍സിലെ സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് സഹപാഠി മരിച്ചു. മൂന്ന് പേര്‍ കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ പടിഞ്ഞാറന്‍ ഫ്രാന്‍സിലെ നാന്റസിലെ ഡൗലോണ്‍ മേഖലയിലെ നോട്രെ-ഡാം-ഡി-ടൗട്ട്‌സ്-എയ്ഡ്‌സ് ഹൈസ്‌കൂളില്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് കത്തിയുമായി എത്തിയ വിദ്യാര്‍ത്ഥി ആക്രമണം നടത്തിയത്. ജസ്റ്റിന്‍.പി എന്ന പതിനഞ്ചുകാരനാണ് ആക്രമണം നടത്തിയത്.

സ്‌ക്കൂളിലെ രണ്ടാം നിലയിലെ ക്ലാസ് മുറിയില്‍ കയറിയ ഇയാള്‍ ഒരു വിദ്യാര്‍്ത്ഥിയെ കുത്തി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് താഴത്തെ നിലയിലേക്ക് ഓടിയെത്തിയ ജസ്റ്റിന്‍ അവിടെ മൂന്ന് കുട്ടികളെയും കുത്തിപ്പരിക്ക് ഏല്‍പ്പിച്ചു. മരിച്ചത് ഒരു പെണ്‍കുട്ടിയാണ്. പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേരുടെ നില ഗുരുതരം ആണെന്നാണ് റിപ്പോര്‍ട്ട്. ജസ്റ്റിന്‍ ആദ്യം ആക്രമിച്ച വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. പോലീസ് എത്തുന്നതിന് മുമ്പ് തന്നെ സ്‌ക്കൂളിലെ ഒരു ജീവനക്കാരന്‍ ജസ്റ്റിനെ കീഴ്പ്പെടുത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയപ്പോള്‍ അക്രമി എന്റെ തലയിലേക്ക് വെടിവെയ്ക്കൂ എന്ന് ആക്രോശിക്കുകയായിരുന്നു.

കീഴടക്കുന്നതിനിടയില്‍ ഇയാളുടെ തലയിലും കൈയ്യിലും മുറിവറ്റിരുന്നു. ആക്രമിച്ചതിന് ശേഷം ജസ്റ്റിന്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പറയപ്പെടുന്നു. കറുത്ത വസ്ത്രം ധരിച്ച ഇയാള്‍ സൈക്കിള്‍ യാത്രക്കാര്‍ ധരിക്കുന്ന ഹെല്‍മറ്റും വെച്ചിരുന്നു. വേട്ടക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തികള്‍ പോലീസ് ഇയാളില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതേ സ്‌ക്കൂളിലെ തന്നെ വിദ്യാര്‍ത്ഥിയായിരുന്നു ജസ്റ്റിന്‍. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. പ്രണയവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ഇത്തരമൊരു ആക്രമണം നടത്തിയതെന്ന് സംശയമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ സ്‌ക്കൂളിലെ ജീവനക്കാര്‍ക്കും വിദ്യാര്‍്ത്ഥികള്‍ക്കും ഇയാള്‍ ഒരു ഇ-മെയില്‍ അയച്ചിരുന്നു.

ഇയാള്‍ ഒരു വിചിത്ര സ്വഭാവക്കാരന്‍ ആണെന്നാണ് സഹപാഠികള്‍ പറയുന്നത്. ചില റിപ്പോര്‍ട്ടുകളില്‍ ഇയാള്‍ എപ്പോഴും ദുഖിതനും വിഷാദരോഗിയെ പോലെയും ആയിരുന്നു എന്നും പറയുന്നുണ്ട്. ലജ്ജാശീലനായ ഇയാള്‍ എപ്പോഴും ഏകാകിയായിരുന്നു എന്നും പറയപ്പെടുന്നു. സ്‌ക്കൂള്‍ അധികൃതര്‍ സംഭവത്തോട് ഇനിയും പ്രതികരിച്ചിട്ടില്ല. പോലീസ് സ്‌ക്ൂള്‍ വളഞ്ഞിരിക്കുന്നതായിട്ടാണ് ചിത്രങ്ങളില്‍ കാണുന്നത്. സംഭവം അറിഞ്ഞെത്തിയ രക്ഷകര്‍ത്താക്കളും സ്‌ക്കൂളിനുള്ളില്‍ പ്രവേശിച്ചിരുന്നു. സ്‌ക്കൂളിലെ കുട്ടികള്‍ എല്ലാം തന്നെ സംഭവത്തിന്റെ ഞെട്ടലിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഫ്രാന്‍സിലെ സ്‌കൂളുകളില്‍ നടന്ന മറ്റ് കത്തി ആക്രമണങ്ങള്‍ ഇസ്ലാമിക ഭീകരതയുമായി ബന്ധപ്പെട്ടതായിരുന്നു.

2023 ഒക്ടോബറില്‍, വടക്കന്‍ ഫ്രാന്‍സിലെ അരാസിലെ ഒരു സ്‌കൂളില്‍ ഒരു അധ്യാപകനെ കുത്തിക്കൊലപ്പെടുത്തി. ഡൊമിനിക് ബെര്‍ണാഡ് എന്ന അധ്യാപകനാണ് തന്റെ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തൊണ്ടയിലും നെഞ്ചിലും മാരകമായി പരിക്കേറ്റത്. ഇരുപതുകാരനായ മുഹമ്മദ് മൊഗൗച്ച്കോവാണ് കേസിലെ പ്രതി. 2020 ഒക്ടോബറില്‍, അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള പതിനെട്ടുകാരനായ ചെചെന്‍ അഭയാര്‍ത്ഥി അബ്ദുല്ലഖ് അബൗയെസിഡോവിച്ച് അന്‍സോറോവ് അധ്യാപകനായ സാമുവല്‍ പാറ്റിയെ ആക്രമിച്ച് കൊലപ്പെടുത്തി. അക്രമിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് അന്‍സോറോവ് പാറ്റിയുടെ തല വെട്ടിയിരുന്നു.

Similar News