പത്തനംതിട്ടയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പൊങ്ങിയത് അഴുര്‍ ഗസ്റ്റ്ഹൗസില്‍ നിന്ന് വരും വഴി; യൂത്ത് കോണ്‍ഗ്രസുകാര്‍ എടുത്തു ചാടി കൊടി പൊക്കിക്കാണിച്ചത് സമീപത്തെ കെട്ടിടത്തിന്റെ മറവില്‍ നിന്ന്; ഏഴു പേരെ അറസ്റ്റില്‍; മൂന്നു പേരെ കരുതല്‍ തടങ്കലിലും

Update: 2025-04-25 03:41 GMT

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കരിങ്കൊടി പ്രയോഗം നടത്തിയ ഏഴു യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്തു. മൂന്നു പേരെ കരുതല്‍ തടങ്കലിലുമാക്കി. ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചുഡന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം.

ജില്ലയില്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് നടന്ന മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെയാണ് സംഭവം. അഴൂരിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് മുഖ്യമന്ത്രി വിശ്രമിച്ചത്. രാവിലെ 11.30 ന് അവിടെ നിന്നും അദ്ദേഹം പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോകാന്‍ ഇറങ്ങിയപ്പോഴാണ് സമീപത്തെ കെട്ടിടത്തിന് മറവവില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ റോഡിലേക്ക് ചാടി മുദ്രാവാക്യം മുഴക്കുകയും കരിങ്കൊടി ഉയര്‍ത്തിക്കാട്ടുകയും ചെയ്തത്.

ഇവരെ തടയാന്‍ പോലീസ് ശ്രമിച്ചു. ഇതിനിടെ ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ ടീ ഷര്‍ട്ട് പോലീസ് ഉദ്യോഗസ്ഥന്‍ ഊരിയെടുക്കുകയും ചെയ്തു.

ഏഴു പേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂര്‍ ചൈത്രം വീട്ടില്‍ വിജയ് ഇന്ദുചൂഡന്‍(28), കൊടുമണ്‍ ഐക്കാട് ജിതിന്‍ ജി നൈനാന്‍ (35), കൊടുമണ്‍ കാവിളയില്‍ നെസ്മല്‍ (30), മുണ്ടുകോട്ടക്കല്‍ പതാലില്‍ വീട്ടില്‍ സുബിന്‍ (24), മുണ്ടുകോട്ടക്കല്‍ ഉഴത്തില്‍ റോബിന്‍ (34), പുത്തന്‍ പീടിക സ്റ്റെഫിന്‍ (25), അടൂര്‍ വടക്കടത്തുകാവ് കാഞ്ഞിരവിള റിനോ ഭവനില്‍ റിനോ പി രാജന്‍(32) എന്നിവരാണ് അറസ്റ്റിലായത്.

അബാന്‍ ജംഗ്ഷനില്‍ ഉച്ചക്ക് 12.45 ന് സംശയകരമായി കണ്ട മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഏതോ കുറ്റകൃത്യം ചെയ്യാന്‍ തയാറെടുപ്പ് നടത്തുന്നതായി സംശയം തോന്നിയതിനാല്‍ മുന്‍കരുതല്‍ നടപടിയെന്നോണം പിടികൂടുകയായിരുന്നു. മെഴുവേലി ആലക്കോട് കിഴക്കേതില്‍ നെജോ (28), കുലശേഖരപതി അലങ്കാരത്ത് റാഫി (27), കുലശേഖരപതി അന്‍സാര്‍ മന്‍സിലില്‍ അന്‍സില്‍ മുഹമ്മദ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് പോലീസ് കരുതല്‍ തടങ്കലിലാക്കിയത്. ഇവരെ പിന്നീട് വിട്ടയച്ചു.

Tags:    

Similar News