മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ ഫോണിലേക്ക് സന്ദേശമെത്തി; ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ സൈറ്റിൽ സാങ്കേതിക തടസ്സം; അക്കൗണ്ടിലെ വിവരങ്ങൾ ചോർന്നത് കിളിമാനൂരിലെ വസ്ത്രവ്യാപാരി അറിഞ്ഞില്ല; നഷ്ടമായത് ലക്ഷങ്ങൾ; ബയോമെട്രിക് ഇല്ലാതെ സിം കാർഡ് പോർട്ട് ചെയ്തതിൽ ദുരൂഹത

Update: 2026-02-26 10:51 GMT

കിളിമാനൂർ: മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ സന്ദേശമയച്ച് വസ്ത്ര വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 15.59 ലക്ഷം രൂപ കവർന്നു. കിളിമാനൂർ സ്വദേശി മുഹമ്മദ് അനസിന്റെ പണമാണ് നഷ്ടമായത്. ഫോൺ നമ്പർ വ്യാജമായി പോർട്ട് ചെയ്ത് ബാങ്ക് ഇടപാടുകൾ നിയന്ത്രിച്ചാണ് സൈബർ കൊള്ളക്കാർ തട്ടിപ്പ് നടത്തിയത്. ഫെബ്രുവരി ആദ്യവാരമാണ് അനസിന്റെ ഫോണിലേക്ക് മോട്ടോർ വാഹന വകുപ്പിന്റേതെന്ന വ്യാജേന സന്ദേശമെത്തിയത്.

വാഹനത്തിന് മൂന്ന് പിഴകളുണ്ടെന്നും ഉടൻ അടച്ചാൽ ഇളവ് ലഭിക്കുമെന്നും കാണിച്ച് ഒരു ലിങ്കും സന്ദേശത്തിലുണ്ടായിരുന്നു. തന്റെ വാഹനത്തിന് നേരത്തെ പിഴയുണ്ടായിരുന്നതിനാൽ സംശയം തോന്നാതിരുന്ന അനസ് ലിങ്കിൽ ക്ലിക്ക് ചെയ്യുകയായിരുന്നു. എന്നാൽ വെബ്സൈറ്റിൽ വിവരങ്ങൾ രേഖപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാങ്കേതിക തടസ്സം നേരിട്ടു. ഈ സമയത്തിനുള്ളിൽ വ്യാപാരിയുടെ ഫോണിലെ വിവരങ്ങൾ തട്ടിപ്പുസംഘം ചോർത്തിയതായാണ് കരുതുന്നത്.

ഫെബ്രുവരി ഏഴിന് ബിസിനസ് ആവശ്യത്തിനായി അനസ് വിദേശത്തേക്ക് പോയ സമയത്താണ് തട്ടിപ്പിന്റെ രണ്ടാം ഘട്ടം നടന്നത്. വിദേശത്തുവെച്ച് അനസ് ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ നമ്പറുകളുടെയും സിഗ്നൽ പെട്ടെന്ന് നഷ്ടമായി. 13-ന് നാട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഉടമ അറിയാതെ തന്നെ സിം കാർഡ് മറ്റൊരു നെറ്റ്‌വർക്കിലേക്ക് പോർട്ട് ചെയ്തിരിക്കുന്നു. ബയോമെട്രിക് വിവരങ്ങളില്ലാതെ എങ്ങനെ സിം പോർട്ട് ചെയ്തു എന്നതിൽ ദുരൂഹതയുണ്ട്.

ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ് വിവിധ ദിവസങ്ങളിലായി 15,59,383 രൂപ പല അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. അനസിന്റെ പക്കൽ രണ്ട് മൊബൈൽ നമ്പറുകളും രണ്ട് ബാങ്ക് അക്കൗണ്ടുകളുമുണ്ടായിരുന്നു. ഇതിൽ ഒരു സിം പോർട്ട് ചെയ്യുന്നത് തടയാൻ സാധിച്ചതിനാൽ രണ്ടാമത്തെ അക്കൗണ്ടിലെ പണം നഷ്ടമായില്ല. സംഭവത്തിൽ സൈബർ പോലീസിൽ പരാതി നൽകി. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags:    

Similar News