ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ആർക്കിടെക്റ്റിന്റെ വീട്ടിൽ സിനിമാ സ്റ്റൈൽ 'റെയ്ഡ് നാടകം'; തോക്കുചൂണ്ടി തട്ടിയത് ലക്ഷങ്ങൾ; കവർച്ചയ്ക്ക് പിന്നിൽ വീട്ടുവേലക്കാരിയും ബന്ധുവും; സംഘത്തിലുണ്ടായിരുന്ന വിരമിച്ച സൈനികനായി വലവിരിച്ച് പോലീസ്
ഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെന്ന വ്യാജേന വയോധികന്റെ വീട്ടിൽ അതിക്രമിച്ചുകയറി ലക്ഷങ്ങൾ കവർന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിൽ താമസിക്കുന്ന റിട്ടയേർഡ് സീനിയർ ആർക്കിടെക്റ്റ് ആർ.സി. സഭർവാളിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സംഭവത്തിന്റെ മുഖ്യസൂത്രധാരയായ വീട്ടുവേലക്കാരി രേഖാ ദേവി, ഇവരുടെ ബന്ധു പൂജ രജപുത് എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസമാദ്യം പോലീസ് യൂണിഫോമിലെത്തിയ മൂന്നംഗ സംഘമാണ് 86-കാരനായ സഭർവാളിന്റെ വീട്ടിൽ റെയ്ഡ് നാടകം നടത്തിയത്. ഇ.ഡി ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട ഇവർ തോക്കുചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങുകയും ചെയ്തു. വീടിനുള്ളിൽ പരിശോധന നടത്തുന്നതിനിടെ സഭർവാളിന്റെ കൊച്ചുമകൻ തടസ്സപ്പെടുത്തിയതോടെ നാല് ലക്ഷം രൂപയും ഏഴ് ആഡംബര വാച്ചുകളുമായി സംഘം കടന്നുകളയുകയായിരുന്നു.
350-ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചും മൊബൈൽ ടവർ ലൊക്കേഷനുകൾ വിശകലനം ചെയ്തുമാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. കവർച്ച നടന്ന സ്ഥലത്തും ഗാസിയാബാദിലെ വാഹന പാർക്കിങ് കേന്ദ്രത്തിലും ഒരേസമയം സജീവമായിരുന്ന മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പൂജ രജപുത് എന്ന സ്ത്രീയിലേക്ക് നീണ്ടു. ഇവരെ ചോദ്യം ചെയ്തതോടെയാണ് വീട്ടുവേലക്കാരിയായ രേഖാ ദേവിയുടെ പങ്ക് പുറത്തായത്. പൂജയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഐടിബിപി യൂണിഫോം, വയർലെസ് സെറ്റ്, വ്യാജ ഐഡി കാർഡുകൾ, തോക്ക് എന്നിവയ്ക്കൊപ്പം കവർന്ന സ്വർണാഭരണങ്ങളും വാച്ചുകളും കണ്ടെടുത്തു.
കേസിൽ മൂന്ന് പുരുഷൻമാർ കൂടി പ്രതികളാണെന്ന് പോലീസ് കണ്ടെത്തി. ഐടിബിപി കോൺസ്റ്റബിൾ പ്രകാശ്, മനീഷ്, വിരമിച്ച സൈനികൻ ഉപദേഷ് സിങ് താപ്പ എന്നിവരാണ് ഒളിവിലുള്ളത്. കവർച്ചയ്ക്ക് ഉപയോഗിച്ച ബലേനോ കാർ ഉപദേഷ് സിങ്ങിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒളിവിലുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.