പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി; കാമുകനൊപ്പം ഹാജരായി; പിന്നാലെ താമരശേരി കോടതിക്ക് മുന്നില്‍ കൂട്ടത്തല്ല്; ഏറ്റുമുട്ടിയത് കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍
കോഴിക്കോട്: താമരശേരി കോടതി പരിസരത്ത് നടുറോഡില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്. പ്രണയിനിയുടെ ബന്ധുക്കള്‍ ബലംപ്രയോഗിച്ച് പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ ശ്രമിച്ചതാണ് കൈയാങ്കളിയിലും സംഘര്‍ഷത്തിലും കലാശിച്ചത്. മുക്കം ചെറുവാടി സ്വദേശിനിയെ കാണാനില്ലെന്ന് ഈ മാസം നാലാം തീയതി മുതല്‍ കുടുംബം പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം പെണ്‍കുട്ടി മുക്കം പോലീസ് സ്റ്റേഷനില്‍ ഹാജരായത്.
പോലീസ് നടപടിക്രമങ്ങള്‍ക്ക് ശേഷം ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയായതിനാല്‍ തന്റെ ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാനാണ് പെണ്‍കുട്ടി താല്‍പ്പര്യം പ്രകടിപ്പിച്ചത്. കോടതി ഇത് അനുവദിക്കുകയും ചെയ്തു. എന്നാല്‍ കോടതിക്ക് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ, വിവാഹം നടത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് ബന്ധുക്കള്‍ നിര്‍ബന്ധിച്ച് ഒപ്പം കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇത് ഷാമിലും സുഹൃത്തുക്കളും തടഞ്ഞതോടെയാണ് കോടതി പരിസരം യുദ്ധക്കളമായത്.
പരസ്യമായ സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുമുള്ള നിരവധി പേര്‍ക്ക് പരിക്കേറ്റു. തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിക്ക് മുന്നില്‍ നടന്ന ഈ അപ്രതീക്ഷിത സംഭവങ്ങള്‍ പരിഭ്രാന്തി പരത്തി. പോലീസും നാട്ടുകാരും ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്. നിയമപരമായി പെണ്‍കുട്ടിക്ക് ലഭിച്ച അവകാശം തടയാന്‍ ശ്രമിച്ച ബന്ധുക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.