മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്താല്‍ മാത്രമേ പ്രതിയേ പിടിക്കാനാകൂ! സുകാന്തിനെ തേടിയുള്ള അന്വേഷണം അയല്‍സംസ്ഥാനങ്ങളിലെ ചില ബന്ധുക്കളിലേക്ക് വ്യാപിപ്പിച്ചു; ഐബിയെ പോലും വെല്ലുന്ന എടപ്പാള്‍ ഇന്റലിജന്‍സ്! മറ്റൊരു സുകുമാരക്കുറുപ്പാകുമോ ഐബിയില്‍ നിന്നും സസ്‌പെന്‍ഷന്‍ നേടി ഈ പ്രതി?

Update: 2025-04-25 02:52 GMT

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി ഒരു മാസം കഴിഞ്ഞിട്ടും കേസില്‍ പ്രതിയായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ കണ്ടെത്താന്‍ പോലീസിനും ഐബിയക്കും കണ്ടെത്താന്‍ കഴിയാത്തത് വന്‍ നാണക്കേടാകുന്നു. അതിനിടെ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഐബി ഉദ്യോഗസ്ഥയുടെ മാതാപിതാക്കള്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനെ കണ്ട് പരാതി നല്‍കി. പ്രതിയും കുടുംബാംഗങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു കടന്നുവെന്നാണു സൂചനയെന്നും പിടികൂടാനുള്ള തീവ്രശ്രമത്തിലാണെന്നും എഡിജിപി കുടുംബത്തെ അറിയിച്ചു. ഐബിയ്ക്ക് പോലും സുകാന്തിനെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് അതിവിചിത്രം. മറ്റൊരു സുകുമാരക്കുറുപ്പായി സുകാന്ത് മാറുമോ എന്നതാണ് ഉയരുന്ന ചോദ്യം. എല്‍ഐസി പോളിസി തട്ടാന്‍ കൊല നടത്തി മുങ്ങിയ സുകുമാരക്കുറുപ്പ് ഇന്നും കേരളാ പോലീസിന് നാണക്കേടായി മാറുന്ന കേസാണ്. ഇതേ തരത്തിലേക്ക് സുകാന്തും മാറുമോ എന്നതാണ് ഉയരുന്ന ചോദ്യം.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ ഐബി ഉദ്യോഗസ്ഥയെ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ യുവതി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു എന്നാണ് നിഗമനം. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാല് തവണ യുവതി സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സുകാന്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പണം തട്ടിയെന്നും കുടുംബം പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിന് മുമ്പ് തന്നെ സുകാന്ത് അച്ഛനും അമ്മയുമായി എടപ്പാളില്‍ നിന്നും മുങ്ങി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. അതുകൊണ്ട് തനനെ പിടികൂടാനും കഴിയുന്നില്ല. സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ വിധി വരുമ്പോള്‍ സുകാന്ത് സ്വയം കീഴടങ്ങുമെന്നാണ് പോലീസ് പ്രതീക്ഷ. സുകാന്തിനെ തേടിയുള്ള അന്വേഷണം അയല്‍സംസ്ഥാനങ്ങളിലെ ചില ബന്ധുക്കളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.

യുവതിയുമായുള്ള വിവാഹം ആലോചിച്ചിരുന്നു എന്നും അവരുടെ വീട്ടുകാര്‍ പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു എന്നുമാണ് സുകാന്തിന്റെ ഹൈക്കോടതിയിലെ വാദം. താനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുവതിക്ക് മേല്‍ അവരുടെ ബന്ധുക്കള്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. വീട്ടുകാര്‍ എതിര്‍ത്തിട്ടും തങ്ങള്‍ ഒരുമിച്ച് നെടുമ്പാശേരിയില്‍ താമസിച്ചിരുന്നുവെന്നും യുവതി ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിന് കാരണം മാതാപിതാക്കളുടെ സമ്മര്‍ദമാണെന്നുമായിരുന്നു സുകാന്തിന്റെ കോടതിയിലെ വിശദീകരണം. ഇത് പൊളിക്കുന്ന തെളിവുകളും പുറത്തു വന്നു. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് വിവാഹത്തില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന സന്ദേശം വാട്‌സാപ്പില്‍ സുകാന്ത് നല്‍കിയിരുന്നു. സുകാന്തിനെ കഴിഞ്ഞ ദിവസം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുകാന്തിനെ ഐബി പിരിച്ചുവിട്ടത്. പ്രൊബേഷന്‍ സമയമായതിനാല്‍ സുകാന്തിനെ ജോലിയില്‍ നിന്നും എന്നേന്നേക്കുമായി പുറത്താക്കുകയും ചെയ്യും.

മാര്‍ച്ച് 24നാണ് തിരുവനന്തപുരം ചാക്കയ്ക്ക് സമീപം റെയില്‍വേ പാളത്തില്‍ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുകാന്തുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തില്‍ നിന്ന് സുകാന്ത് പിന്‍മാറിയതിന്റെ മാനസിക വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കേസ്. പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രം നടത്തിയതിന്റെ തെളിവുകളും ഇവര്‍ തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഉള്‍പ്പെടെ പൊലീസിന് ലഭിച്ചിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പും സുകാന്തിനോടാണ് ഐബി ഉദ്യോഗസ്ഥ സംസാരിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.കഴിഞ്ഞ ദിവസം സുകാന്തിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കോടതി ഉത്തരവുമായി എത്തിയ പൊലീസ് പൂട്ട് പൊളിച്ചാണ് അകത്തു കയറിയത്. പരിശോധന രണ്ടര മണിക്കൂറോളം നീണ്ടു. ഒരു ഹാര്‍ഡ് ഡിസ്‌കും രണ്ട് ബാങ്ക് പാസ് ബുക്കുകളും പൊലീസ് പിടിച്ചെടുത്തു. ഇത് കേസില്‍ നിര്‍ണായക തെളിവായേക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് കോടതി ഉത്തരവുമായി പേട്ട പോലീസ് എടപ്പാള്‍ പട്ടാമ്പി റോഡില്‍ അടഞ്ഞുകിടക്കുന്ന വീട്ടിലെത്തിയത്. വട്ടംകുളം പഞ്ചായത്തംഗം ഇ.എ. സുകുമാരനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെയും അയല്‍വാസിയായ ഇബ്രാഹിമിന്റെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. വീടിന്റെ താക്കോല്‍ അയല്‍വാസിയുടെ വീട്ടില്‍നിന്ന് വാങ്ങിയശേഷം അകത്തുകയറി. പരിശോധനയില്‍ മുറികളില്‍നിന്ന് ഒന്നും കിട്ടിയില്ല. പിന്നീട് മുകളിലെ നിലയില്‍ സുകാന്തിന്റെ പൂട്ടിക്കിടന്ന മുറിയും അലമാരിയും കുത്തിത്തുറന്ന് പരിശോധിച്ചു. ഇതില്‍നിന്നാണ് ഹാര്‍ഡ് ഡിസ്‌കും പാസ്ബുക്കുകളും കണ്ടെടുത്തത്. ഇവകൂടാതെ നിരവധി രേഖകളും ഇവര്‍ പരിശോധിച്ചു. ആവശ്യമുള്ളവയുടെ ചിത്രങ്ങള്‍ പകര്‍ത്തി. മേഘയുടെ മരണം നടന്ന് അധികംവൈകാതെ രണ്ടുതവണ പോലീസ് ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും കാര്യമായ തെളിവെന്നും ലഭിച്ചിരുന്നില്ല.

Tags:    

Similar News