സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം കസ്റ്റഡിയില്‍ എടുത്തു; പിന്നാലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; ആദിവാസി യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ
ആദിവാസി യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത ആദിവാസി യുവാവ് ഗോകുല്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് പോലീസ് മേധാവി ശുപാര്‍ശ നല്‍കിയത്.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്‌സിങ്ങിന് ആഭ്യന്തരവകുപ്പ് നല്‍കിയ വിവരവകാശ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഗോകുലിന്റെ മരണത്തില്‍ സംസ്ഥാന പോലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് കത്ത് നല്‍കിയെന്നാണ് മറുപടിയില്‍ പറയുന്നത്.
ഗോകുലിന്റെ അസ്വാഭാവിക മരണത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരുന്നു. ഇതോടൊപ്പം തന്നെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയേയും കുടുംബം സമീപിച്ചിരുന്നു. നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.
സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം കോഴിക്കോട്ടുനിന്ന് കസ്റ്റഡിയില്‍ എടുത്ത ഗോകുലിനെ പോലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവ സമയത്ത് കല്‍പറ്റ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ ദീപ, സിപിഒ ശ്രീജിത്ത് എന്നിവരെ കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് സസ്‌പെന്‍ഡ് ചെയ്തത്. സുരക്ഷ ഉറപ്പാക്കുന്നതില്‍ അനാസ്ഥയുണ്ടായി എന്ന കാരണത്താലായാരുന്നു സസ്‌പെന്‍ഷന്‍.
കഅമ്പലവയല്‍ സ്വദേശിയായ ഗോകുലിനെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കാണാതായ മുട്ടില്‍ സ്വദേശിയായ പെണ്‍കുട്ടിയേയും ഗോകുലിനേയും കോഴിക്കോടുനിന്ന് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ സഖിയിലേക്ക് മാറ്റുകയും ഗോകുലിനെ സ്റ്റേഷനില്‍ തന്നെ നിര്‍ത്തുകയുമായിരുന്നു. ശുചിമുറിയില്‍ പോയ ഗോകുല്‍ തിരികെ വരാതായതോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം കസ്റ്റഡിയില്‍ എടുത്തു; പിന്നാലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; ആദിവാസി യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ