പ്രവാസി പിടിയിലായത് 1.17 കോടിയുമായി; പോക്കറ്റിലെ കുറിപ്പിലുള്ള നാല്‍പത് പേരുടെ പട്ടിക മൊബൈലിലും; കാസര്‍കോട്ട് കുടുങ്ങിയത് ഹവാലാ ഇടപാടുകാരന്‍; അബ്ദുള്‍ ഖാദറിന് ജാമ്യം; ഇഡിയെ എല്ലാം അറിയിക്കാന്‍ പോലീസ്
ഉദുമ : രേഖകളില്ലാതെ കാറില്‍ കടത്തിയ 1.17 കോടി രൂപയുമായി ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത് പ്രവാസിയെ. മേല്‍പ്പറമ്പിലെ എം.എസ്. അബ്ദുള്‍ ഖാദര്‍ (46) ആണ് പോലീസ് പിടിയിലായത്. ഇയാള്‍ മുമ്പും ഹവാല ഇടപാടു നടത്തിയിട്ടുണ്ട്. ഭീകരവാദത്തിന് വേണ്ടിയുള്ള പണമാണോ ഇതെന്നും പരിശോധിക്കും. ഇയാളുടെ പോക്കറ്റില്‍ നിന്നും നാല്‍പത് പേരുടെ പട്ടിക കട്ടിയിട്ടുണ്ട്. ഇയാളുടെ ഫോണിലും ഇതിന്റെ പകര്‍പ്പുണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെ 6.05-ന്, കാഞ്ഞങ്ങാട് -കാസര്‍കോട് സംസ്ഥാനപാതയില്‍ തൃക്കണ്ണാടിനടുത്ത് ചിറമ്മലില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പോലീസ് പിടിച്ചത്. കാസര്‍കോട് ഭാഗത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് കാറില്‍ പോകുകയായിരുന്നു. കാറിന്റെ സീറ്റുകള്‍ക്ക് അടിയില്‍ പ്രത്യേക അറകളുണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. അബ്ദുള്‍ ഖാദര്‍ സ്ഥിരമായി ഹവാല പണമിടപാട് നടത്തുന്ന ആളാണെന്ന് ചോദ്യം ചെയ്തപ്പോള്‍ സമ്മതിച്ചു. അബ്ദുള്‍ ഖാദറിനെ കോടതി ജാമ്യത്തില്‍ വിട്ടു. ഇഡിക്കും ആദായനികുതി വകുപ്പിനും പോലീസ് റിപ്പോര്‍ട്ട് നല്‍കും. പ്രവാസികളുടെ ബന്ധുക്കള്‍ക്ക് കൈമാറാനാണ് തുകയുമായി പോയതെന്നാണ് സംശയം. പണം കൈമാറേണ്ട 40 പേരുടെ പട്ടികയാണ് ഇയാളില്‍ നിന്നും കിട്ടിയതെന്നും വിലയിരുത്തുന്നു. കളളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണ് ഇത്തരം പ്രവര്‍ത്തികള്‍ നല്‍കുന്നത്.
വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളില്‍ നിന്നും അവിടെ വച്ച് പണം വാങ്ങും. ആ തുക നാട്ടിലെ ബന്ധുക്കള്‍ക്ക് പണമായി നല്‍കും. വിദേശത്തെ അക്കൗണ്ടിലേക്കാകും പ്രവാസികളില്‍ നിന്നും വാങ്ങുന്ന തുകകള്‍ എത്തുക. അതിനെ കള്ളപ്പണം വെളുപ്പിക്കുന്ന രീതിയില്‍ ബന്ധുക്കള്‍ക്ക് തുകയായി നല്‍കും. ഇതിലൂടെ വിദേശത്തുള്ള പണം ബാങ്കിലൂടെ നാട്ടിലേക്ക് കൊണ്ടു വരാനും അത് ബ്ലാക് മണി അല്ലാതാക്കാനും കഴിയും. ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരനാണ് അബ്ദുള്‍ ഖാദര്‍ എന്നാണ് സംശയം. പ്രവാസിയായ ഇയാള്‍ അഞ്ചു മാസമായി നാട്ടിലുണ്ട്.
ബേക്കല്‍ ഡിവൈഎസ്പി വി.വി. മനോജ്, ബേക്കല്‍ എഎസ്പി ഡോ. ഒ അപര്‍ണ, ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈന്‍, പ്രബേഷന്‍ എസ്‌ഐമാരായ അഖില്‍ സെബാസ്റ്റ്യന്‍, മനു കൃഷ്ണന്‍, എസ്ഐ എം. ബാലചന്ദ്രന്‍, സിവില്‍ പോലീസ് ഒഫീസര്‍മാരായ വിജേഷ്, തീര്‍ഥന്‍, ഡ്രൈവര്‍ സജേഷ് എന്നിവരാണ് പരിശോധകസംഘത്തില്‍ ഉണ്ടായിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാരുതി വാഗണ്‍ആര്‍ കാര്‍ പിടിയിലായത്.