ഞാൻ ഒരു കാര്യം ചോദിക്കട്ടെ..; എന്ത് വേണേലും..ചോദിച്ചോ ഞാൻ പറഞ്ഞു തരാം; ആ ഒരൊറ്റ മെസ്സേജിൽ യുവാവ് വീണു; സൗഹൃദം വല്ലാതെ അടുത്തു; വാട്സാപ്പ് ചാറ്റിലൂടെ പാക്കിസ്ഥാനി സ്ത്രീക്ക് രഹസ്യവിവരങ്ങൾ ചോർത്തികൊടുത്ത് മണ്ടത്തരം; കേസിൽ ബിഹാര്‍ സ്വദേശി കുടുങ്ങി; എല്ലാം നടന്നത് പ്രലോഭനം മൂലമെന്ന് പോലീസ്!

Update: 2025-04-30 12:28 GMT

പറ്റ്ന: പാക്കിസ്ഥാന് വേണ്ടി ചാര പ്രവർത്തിയിൽ ഏർപ്പെട്ടു എന്ന് ആരോപിച്ച് ബിഹാര്‍ സ്വദേശിയെ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായി വിവരങ്ങൾ. ചെരുപ്പുകുത്തി തൊഴിലാളിയായ സുനിൽ കുമാർ റാമാണ്(26) പഞ്ചാബിലെ ബതിന്ദയിൽ പിടിയിലായത്. വാട്സാപ്പ് ചാറ്റിലൂടെ പാക്കിസ്ഥാൻ സ്ത്രീയോട് സൈനിക ക്യാമ്പിന്‍റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പങ്കുവച്ചെന്നാണ് ആരോപണം ഉയരുന്നത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ചാറ്റുകൾ കണ്ടെത്തിയിരിക്കുന്നത്.

ബതിന്ദയിലെ സൈനിക മേഖലയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയതിന് പാക്കിസ്ഥാനി സ്ത്രീ സുനിലിന് പണം നൽകിയിരുന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു. സുനിൽ ചാരവൃത്തി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയുമായി ആശയവിനിമയം നടത്താൻ സ്ത്രീ വാട്സാപ്പാണ് ഉപയോഗിച്ചിരുന്നത്. ഇവര്‍ തമ്മിലുള്ള സംഭാഷണങ്ങൾ സംശയാസ്പദമായ സ്വഭാവമുള്ളതായി കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പോലീസും മറ്റ് സുരക്ഷാ ഏജൻസികളും പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.സുനിൽ കുറച്ചുനാളുകളായി ബതിന്ദ കാന്‍റിൽ താമസിച്ചുവരികയാണ്. പ്രദേശത്തുള്ള ഒരു കടയിൽ ജോലി ചെയ്തുവരികയായിരുന്നു. പണം നൽകാമെന്ന പാക് യുവതിയുടെ പ്രലോഭനത്തിൽ സുനിൽ വീഴുകയും വിവരങ്ങൾ നൽകാമെന്ന് സമ്മതിക്കുകയുമായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പാക്ക് ഏജന്‍റെന്ന് കരുതുന്ന സ്ത്രീ സൈനിക മേഖലയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്നതായാണ് വിവരം. സ്ത്രീ കുറച്ചുകാലമായി സുനിലുമായി ആശയവിനിമയം നടത്തിയിരുന്നു. ചാരവൃത്തി സംഘത്തിൽ ഉൾപ്പെട്ട പാക്ക് യുവതിയെയും മറ്റുള്ളവരെയും തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പഹൽ​ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സൈബർ വിങ്ങിന്‍റെ പ്രവർത്തനം ഉർജ്ജിതമാക്കിയിട്ടുണ്ട് .

അതേസമയം, കഴിഞ്ഞ മാര്‍ച്ചിൽ പാകിസ്താൻ ഇന്‍റലിജൻസ് ഏജന്‍റെന്ന് സംശയിക്കുന്നയാൾക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കാൺപൂർ ഓർഡനൻസ് ഫാക്ടറിയിലെ ജൂനിയർ വർക്ക്സ് മാനേജർ കുമാർ വികാസിനെയാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. പണത്തോടുള്ള അത്യാർത്തി മൂലം ഫാക്ടറിയിലെ യുദ്ധോപകരണങ്ങള്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ സംബന്ധിച്ച വിവരം ഉദ്യോഗസ്ഥന്‍ ഐഎസ്‌ഐക്ക് കൈമാറിയെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയ വഴി വികാസ് , നേഹ ശര്‍മയെന്ന് പേരുള്ള യുവതിയുമായി പരിചയപ്പെടുകയായിരുന്നു.

അതിനിടെ, തുടർച്ചയായ ആറാം ദിവസവും നിയന്ത്രണ രേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാൻ വെടിയുതിർത്തു. അഖിനൂർ നൗഷാര സെക്ടറുകളിൽ ആണ് പാക്കിസ്ഥാന്റെ പ്രകോപനം ഉണ്ടായത്. സൈന്യം ശക്തമായി തിരിച്ചടി നൽകിയിട്ടുണ്ട്. സുരക്ഷാ നീക്കങ്ങൾ വിലയിരുത്താനായി മന്ത്രിതല സുരക്ഷാസമിതി യോഗം ഇന്നു ചേർന്നു. പ്രധാനമന്ത്രി വിളിച്ച മന്ത്രിതല സമിതി യോഗവും സ്ഥിതി വിലയിരുത്തിയിട്ടുണ്ട്. അതേസമയം, ജമ്മു കശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വൈകാനും സാധ്യത ഉണ്ട്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ സുരക്ഷ ഏകോപനത്തിന് വിന്യസിച്ചു. രണ്ടു സീറ്റുകളിലേക്ക് നിയമസഭാ ഉപതെരഞ്ഞെടുപ്പ് കൂടെ നടക്കാനുണ്ട്.

Tags:    

Similar News