സഹപാഠികളായ സന്തോഷും മിനിയും പൂര്‍വവിദ്യാര്‍ഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടി; ഭര്‍ത്താവ് വീട് പണി തുടങ്ങിയപ്പോള്‍ കാമുകനെ സഹായിയാക്കി; അവിഹിതം എതിര്‍ത്തപ്പോള്‍ വെടിവച്ച് കൊല; കൈതപ്രത്തെ നടുക്കിയ കൊലയില്‍ ബിജെപി മുന്‍ ജില്ലാ കമ്മറ്റി അംഗവും അറസ്റ്റില്‍; മിനി നമ്പ്യാരെ കുടുക്കിയ ആ ഫോണ്‍ വിളികള്‍
കണ്ണൂര്‍: കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവ് കെ കെ രാധാകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യയെ അറസ്റ്റ് ചെയ്തത് ഗൂഡാലോചന കുറ്റത്തില്‍. ബിജെപി മുന്‍ ജില്ലാ കമ്മിറ്റി അംഗം വി വി മിനി നമ്പ്യാരെയാണ് പരിയാരം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘം അറസ്റ്റുചെയ്തത്. കൊലപാതക ഗൂഢാലോചനയില്‍ മിനി നമ്പ്യാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു. രാധാകൃഷ്ണനെ വെടിവച്ചുകൊന്ന എന്‍ കെ സന്തോഷ് നേരത്തേ അറസ്റ്റിലായിരുന്നു.
ദീര്‍ഘകാലമായി മിനി നമ്പ്യാര്‍ ഇയാളുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും ഫോണ്‍ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. കൊലപാതകം നടന്ന മാര്‍ച്ച് 20ന് സന്തോഷും മിനി നമ്പ്യാരും തമ്മിലുള്ള ഫോണ്‍സന്ദേശങ്ങള്‍ പരിശോധിച്ചശേഷമാണ് കൊലപാതക ഗൂഢാലോചനയില്‍ മിനി നമ്പ്യാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള അടുപ്പം രാധാകൃഷ്ണന്‍ പലതവണ ചോദ്യംചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസവും രാധാകൃഷ്ണന്‍ ഭാര്യയെ ഈ ബന്ധത്തിന്റെ പേരില്‍ ശകാരിച്ചിരുന്നു. കൊല നടന്നശേഷവും ഇരുവരും ബന്ധപ്പെട്ടുവെന്ന നിഗമനത്തിലാണ് പൊലീസ്. രാധാകൃഷ്ണന്‍ പുതുതായി നിര്‍മിക്കുന്ന വീട്ടിലാണ് കൊല നടന്നത്. മാതമംഗലത്തെ വീട്ടില്‍നിന്ന് കൊലപാതകം നടന്ന ദിവസം മിനി അടുത്തുതന്നെയുള്ള അമ്മയുടെ വീട്ടില്‍ എത്തിയിരുന്നു. വെടിയൊച്ച കേട്ടിട്ടും കൊലപാതകം നടന്ന വീട്ടിലേക്ക് മിനി നമ്പ്യാര്‍ വന്നില്ല എന്നതും ദുരൂഹമായി.
കേസില്‍ മൂന്നാം പ്രതിയാണ് മിനി. ഈ കേസില്‍ തോക്ക് നല്‍കിയ സിജോ ജോസഫിനെ രണ്ടാം പ്രതിയായി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കൈതപ്രത്ത്, പണിനടക്കുന്ന വീട്ടില്‍വച്ച് മാര്‍ച്ച് 20ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ചത്. മിനിയുമായുള്ള സൗഹൃദം എതിര്‍ത്തതിന്റെ പകമൂലമാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മിനിയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്റെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നു. സഹപാഠികളായ സന്തോഷും മിനിയും പൂര്‍വവിദ്യാര്‍ഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നാണ് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിര്‍മാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തില്‍ സന്തോഷ് കൂടുതല്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ രാധാകൃഷ്ണന്‍ എതിര്‍ത്തു.
ഇതോടെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. രാധാകൃഷ്ണന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇവരെ പരിയാരം പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് സംസാരിച്ചിരുന്നു. ഇതോടെ സന്തോഷിന്റെ ഭീഷണി കൂടിയെന്ന് രാധാകൃഷ്ണന്‍ പറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. കൊലപാതകം നടന്ന ദിവസം വൈകിട്ട് 'നിനക്കു മാപ്പില്ല' എന്ന് സന്തോഷ് സമൂഹമാധ്യമത്തില്‍ കുറിച്ചു. സന്തോഷ് വീട്ടില്‍ ഒളിച്ചിരുന്ന് വെടിവച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. റിമാന്‍ഡിലായ കേസിലെ ഒന്നാംപ്രതി സന്തോഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തിരുന്നു. ഫോണ്‍വിളികള്‍ സംബന്ധിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് മിനി നമ്പ്യാരുടെ മൊഴിയെടുത്തു.
ഒന്നാം പ്രതി സന്തോഷുമായി ഇവരുടെ അതിരുകടന്ന സൗഹൃദം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായി പരിശോധിച്ചശേഷം ചോദ്യം ചെയ്യുകയും ഇതില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ ഒത്താശ ചെയ്യുകയും ചെയ്തു എന്ന കുറ്റത്തിന് മിനി നമ്പ്യാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സന്തോഷിന് മിനിയുടെ സഹായം ലഭിച്ചെന്ന് കണ്ടെത്തിയിരുന്നു. കൊലയ്ക്ക് മുന്‍പും ശേഷവും മിനി പ്രതിയുമായി ഫോണില്‍ സംസാരിച്ചതിന് തെളിവ് കിട്ടി.