രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള തെളിവെടുപ്പിനിടെ വീഴ്ചവരുത്തി: തിരുവല്ല ഡിവൈഎസ്പിക്ക് സസ്പെന്‍ഷന്‍; പത്തനംതിട്ട എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി; നന്ദകുമാര്‍ ഹെക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ് അട്ടിമറിച്ചതിന്റെ പേരില്‍ വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന്‍
രാഹുല്‍ മാങ്കൂട്ടത്തലുമായുള്ള തെളിവെടുപ്പിനിടെ വീഴ്ചവരുത്തി: തിരുവല്ല ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തലുമായി തെളിവെടുപ്പിനിടെ വീഴ്ചവരുത്തിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തെളിവെടുപ്പ് സമയത്ത് നന്ദകുമാര്‍ ഉണ്ടായിരുന്നില്ല. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കി. സസ്‌പെന്‍ഡ് ചെയ്യാന്‍ ഡിജിപി ശുപാര്‍ശ ചെയ്തിരുന്നു.
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് സമയത്ത് ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഡിവൈഎസ്പി ഉണ്ടായിരുന്നില്ല.അതിനെ തുടര്‍ന്നാണ് നടപടി. വകുപ്പ് തല അന്വേഷണത്തിനും ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
വീഴ്ച്ച വരുത്തിയ സംഭവത്തില്‍ പത്തനംതിട്ട എസ്പി ആര്‍. ആനന്ദ് റേഞ്ച് ഡി ഐ ജിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് സസ്‌പെന്ഷന്‍ . തെരെഞ്ഞെടുപ്പിനു മുന്നോടിയായുള്ള സ്ഥലം മാറ്റത്തിന്റെ ഭാഗമായി നന്ദകുമാറിനെ എറണാകുളം ക്രൈം ബ്രാഞ്ചിലേക്കു സ്ഥലം മാറ്റിയിരുന്നു. അവിടെ ഇത് വരെ ചുമതലയേറ്റിട്ടില്ല.
നന്ദകുമാര്‍ പത്തനംതിട്ട ഡിവൈഎസ്പി ആയിരിക്കുമ്പോള്‍ ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ് അട്ടിമറിച്ചതിന്റെ പേരില്‍ വകുപ്പുതല അന്വേഷണം നേരിട്ട് വരികയാണ്. തിരുവല്ലയില്‍ വച്ച് മുന്‍ പത്തനംതിട്ട എസ്പി വി.ജി.വിനോദ്കുമാറിന്റെ വാഹനം അപകടത്തില്‍ പെട്ട സംഭവത്തില്‍ പരിക്കേറ്റയാളെ പ്രതിയാക്കുന്ന വിധത്തില്‍ എഫ് ഐ ആര്‍ ഇട്ടതിനും നന്ദകുമാറിനെതിരെ വകുപ്പുതല നടപടിയുണ്ട്.